യര്‍മൂക്ക് പടക്കളം. റോമന്‍ ശക്തിദുര്‍ഗത്തെ ഭേദിച്ചുകൊണ്ട് മുന്നേറുന്ന മുഖംമൂടിധാരിയെ കണ്ട് മുസ്‌ലിം സേനാനായകന്‍ ഖാലിദ്(റ) തരിച്ചുനിന്നു. ''ആരാണിയാള്‍?'' ഖാലിദ്(റ)ന് മനസ്സിലായില്ല. അടുത്തുചെന്നപ്പോള്‍ പടയാളി തെന്നിമാറി. ഖാലിദ്(റ) ഉറക്കെ ചോദിച്ചു.
''ഞാന്‍ ഖൗലയാണ്. ഔസിന്റെ ഭാര്യ. ശത്രുക്കള്‍ തടവിലാക്കിയ എന്റെ സഹോദരന്‍ ദീറാറിനെ തേടിപ്പോയതാണ് ഞാന്‍.'' സേനാനായകന്‍ അത്ഭുതപ്പെട്ടു.
സഅ്‌ലബയുടെ പുത്രിയായി മദീനയില്‍ ജനിച്ച ഖൗല ബാല്യം മുതലേ തന്റേടവും ധീരതയും പ്രകടിപ്പിച്ചിരുന്നു. ഉകാദ് ചന്തയിലും അവര്‍ കറങ്ങിയിരുന്നു. സുന്ദരിയായിരുന്ന ഖൗലയെ വിവാഹം കഴിക്കാന്‍ മദീന യുവാക്കള്‍ കൊതിച്ചിരുന്നു. ഔസുബ്‌നു സ്വാമിത്താണ് ഖൗലയെ സ്വന്തമാക്കിയത്. പ്രസിദ്ധ സ്വഹാബിയായി പില്‍ക്കാലത്ത് മാറിയ ഉബാദത്തുബ്‌നു സ്വാമിത്തിന്റെ സഹോദരനാണ് ഔസ്.
നബി(സ്വ)യും സ്വഹാബിമാരും മദീനയിലെത്തുകയും അവിടെ ഇസ്‌ലാം പച്ചപിടിക്കുകയും ചെയ്തതോടെ സ്വാമിത്ത് കുടുംബവും മുസ്‌ലിംകളായി. നബി(സ്വ)യുടെ അടുത്ത ബന്ധവുമുണ്ടാക്കി. ഖൗലയും ആഇശ(റ)യും കൂട്ടുകാരികളായി.
ഇസ്‌ലാമിക ചരിത്രത്തില്‍ പക്ഷേ, ഖൗല(റ) അറിയപ്പെടാന്‍ കാരണം മറ്റൊന്നാണ്. തിരുനബി (സ്വ)യുമായി തര്‍ക്കിച്ചവര്‍ എന്ന പേരിലാണത്. ഖുര്‍ആനിലെ ഒരധ്യായം തന്നെ (സൂറ മുജാദില) അവരുടെ കാരണത്തിലിറങ്ങി. ഉമറും ആഇശ(റ)യുമുള്‍പ്പെടെയുള്ളവരെല്ലാം അക്കാരണത്താല്‍ ഖൗലയെ ആദരിച്ചിരുന്നു,
സംഭവം ഇതാണ്.
വാര്‍ധക്യസഹജമായ സ്വഭാവവിശേഷങ്ങള്‍ ഔസുബ്‌നു സ്വാമിത്തില്‍ പ്രകടമായ കാലം. ഒരു ദിവസം അദ്ദേഹം ഭാര്യ ഖൗലയുമായി വഴക്കിട്ടു. ദേഷ്യം അതിരുവിട്ടപ്പോള്‍ അദ്ദേഹം അറിയാതെ പറഞ്ഞുപോയി 'നീ എനിക്ക് എന്റെ മാതാവിനെപ്പോലെയാണ്' എന്ന്. ജാഹിലിയ്യ കാലത്തെ ഒരു പ്രയോഗമാണിത്. അഥവാ, മാതാവുമായി ലൈംഗിക ബന്ധത്തിലേര്‍ പ്പെടുന്നതുപോലെയാണ് ഭാര്യയുമായി വേഴ്ച നടത്തുന്നതുമെന്ന് പ്രഖ്യാപിക്കല്‍. ജാഹിലിയ്യാ, മുറപ്രകാരം ദ്വിഹാര്‍ നടത്തിയാല്‍ പിന്നെ ഒരു കാരണവശാലും ഭാര്യ-ഭര്‍തൃ ബന്ധം പാടില്ല. ഇസ്‌ലാമിലാകട്ടെ ഇക്കാര്യത്തില്‍ ഒരു വിധിയും ഉണ്ടായിരുന്നില്ലതാനും.
വഴക്ക് തീര്‍ന്നു. ഔസ്(റ) തണുത്തു. വീട്ടിലെത്തിയ ഔസിന് ഭാര്യയെ പ്രാപിക്കണം. ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഖൗല(റ) വിസമ്മതിച്ചു. ''ഇക്കാര്യത്തില്‍ റസൂലി(സ്വ)ന്റെ അനുവാദമില്ലാതെ ഞാന്‍ ഒന്നിനും സമ്മതിക്കില്ല.'' ഖൗല(റ) തീര്‍ത്തു പറഞ്ഞു. ഔസ്(റ) ശരിക്കും കുഴങ്ങി.
ദയ തോന്നിയ ഖൗല(റ) ഒടുവില്‍ നബി(സ്വ)യെ സമീപിച്ചു വിധി ആരാഞ്ഞു. നബി(സ്വ) പറഞ്ഞു.
'നീ അല്ലാഹുവിനെ സൂക്ഷിക്കുക, ഭാര്യ-ഭര്‍തൃബന്ധം പാടില്ല. ഇക്കാര്യത്തില്‍ അല്ലാഹു വിന്റെ വിധി വന്നിട്ടുമില്ല''
''ഔസ് എന്നെ ത്വലാഖ് ചൊല്ലിയിട്ടില്ലല്ലോ. അല്ലാഹുവിന്റെ വിധി വരാതെ ഞാന്‍ ഇതില്‍ നിന്ന് ഒഴിയില്ല' അവള്‍ നബി(സ്വ)യോട് തര്‍ക്കം തുടങ്ങി. നബി(സ്വ) നിശ്ശബ്ദനായി.
ഇതിനിടെ ഖൗല അകമേ പ്രാര്‍ഥന തുടങ്ങിയിരുന്നു. ''അല്ലാഹുവേ, എന്റെ വേദന ഞാനിതാ നിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു. നീ വിധി ഇറക്കേണമേ''
വൈകിയില്ല ഖൗലയുടെ വേദന നാഥന്‍ കേട്ടു.
''ഖൗല സാന്തോഷിക്കുക.'' പുഞ്ചിരിയോടെ ദൂതര്‍ പറഞ്ഞു. തുടര്‍ന്ന് സൂറ മുജാദിലയിലെ ആദ്യ നാല് വചനങ്ങള്‍ ദൂതര്‍ ചൊല്ലിക്കൊടുത്തു. ദ്വിഹാറിന്റെ കാര്യത്തില്‍ ഇസ്‌ലാമിക വിധി വിശദീകരിക്കുന്ന വചനങ്ങള്‍. ദ്വിഹാര്‍ നടത്തിയവര്‍ ഭാര്യയെ സമീപിക്കും മുമ്പ് അടിമയെ മോചിപ്പിക്കുകയോ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുകയോ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ വേണം എന്നായിരുന്നു വിധി. വൃദ്ധനും ദരിദ്രനുമായ ഔസിന് പക്ഷേ, ഇതിനൊന്നും സാധിക്കുമായിരുന്നില്ല. ഒടുവില്‍ നബി(സ്വ) നല്‍കിയ ഈത്തപ്പഴം 60 സാധുക്കള്‍ക്ക് നല്‍കി പ്രായ്ശ്ചിത്തം നിറവേറ്റി.
സങ്കട ഹരജിയില്‍ ദൈവവിധി ഇറക്കിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ ഖൗല പിന്നെയും വര്‍ഷങ്ങള്‍ ജീവിച്ചു.