ഏറ്റവും നല്ല ദാനധര്‍മം ഐശ്വര്യവാനായിക്കൊണ്ട് ചെലവ് ചെയ്യുന്നതാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടോ?
മറുപടി: ഉണ്ട്. ഇതിലെ അര്‍ഥം സകാത്ത് ഒരു വര്‍ഷത്തെ ചെലവ് കഴിച്ച് നല്‍കുക എന്നതാണെങ്കില്‍ കര്‍ഷകനും ഇതു ബാധകമാണെന്ന് പറയേണ്ടിവരും. കാരണം നബി(സ്വ) ഇതു കര്‍ഷകരായ അന്‍സാരികളെയും കൂടി അഭിമുഖീകരിച്ച് പറഞ്ഞതാണ്. കച്ചവടക്കാരായ മുഹാജിറുകളോട് മാത്രം പറഞ്ഞതല്ല. കൂടാതെ ഹദീസിന്റെ ബാക്കി ഭാഗങ്ങള്‍ തന്നെ ഇതു സകാത്തിനെ സംബന്ധിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയുന്നു. നീ ചെലവ് നല്‍കുവാന്‍ ബാധ്യസ്ഥരായവരെകൊണ്ടും നിന്റെ കുടുംബത്തെകൊണ്ടും നീ ആരംഭിക്കുക എന്നതാണ് ബാക്കി ഭാഗം. അതിന്നും പുറമെ ഐശ്വര്യം എന്നതിന്റെ വിവക്ഷ മാനസികമായ സംതൃപ്തിയുമാണ്. സ്വന്തം ആവശ്യങ്ങള്‍ ഉണ്ടായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ചെലവ് ചെയ്യുന്നവരാണ് മുസ്‌ലിംകള്‍ എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ മുസ്‌ലിംകളെ വിശേഷിപ്പിച്ചു കൊണ്ടു പറയുന്നത്.