റമളാന്‍ അവസാനത്തില്‍ മരിച്ചവര്‍ക്ക് നാം ഫിത്വര്‍ സകാത്ത് നല്‌കേണ്ടതുണ്ടോ? ശവ്വാല്‍ മാസപ്പിറവി കണ്ട ഉടനെ പിറന്ന കുഞ്ഞിനു വേണ്ടി ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ?
മറുപടി: റമദാനിലെ അവസാനത്തെ അസ്തമയത്തിനു മുമ്പ് ജനിക്കുന്ന കുട്ടിക്കും വിവാഹം ചെയ്ത ഭാര്യക്കും അസ്തമയാനന്തരം മരിച്ച കുട്ടി, ഭാര്യ എന്നിവര്‍ക്കും ഫിത്വ്‌ർ സകാത്ത് കൊടുക്കേണ്ടതാണ്. അസ്തമയത്തിനു ശേഷം ജനിച്ചവര്‍ക്കും വിവാഹം ചെയ്ത ഭാര്യക്കും ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടതില്ല. ഇതാണ് ശാഫിഈ, ഹമ്പലീ മദ്ഹബ്. എന്നാല്‍ പെരുന്നാള്‍ ദിവസത്തിലെ പ്രഭാതം ഉദിക്കുന്നതിന്റെ മുമ്പ് ജനിച്ചവര്‍ക്ക് ഫിത്വ്‌ർ സകാത്ത് നല്കണം. പെരുന്നാള്‍ ദിവസത്തെ പ്രഭാതത്തിലെ ഉദയമാണ് മാനദണ്ഡം. ഇപ്രകാരം ഇമാം ലെസ്, അബൂസൗറ്, അബൂഹനീഫ, ഇമാം മാലിക് മുതലായവര്‍ പറയുന്നു. (മുഗ്‌നി 2667). ഇതില്‍ ഏറ്റവും ശരിയായ അഭിപ്രായം ആദ്യത്തെതാണ്. ഫിത്വ്‌ർ എന്നതിന്ന് നോമ്പ് മുറിക്കുക എന്നര്‍ഥമുണ്ട്. ഈ സകാത്തിനെ അതിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് ആദ്യത്തെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ ഖണ്ഡിതമായി യാതൊന്നും വന്നിട്ടില്ല. ഖുര്‍ആനിലെ സൂചനയും ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു.