ധനത്തിലെ സകാത്തിലെ അവകാശികളായ എട്ടുവിഭാഗങ്ങളിലേക്ക് ഫിത്വര്‍ സകാത്ത് വിതരണം ചെയ്യുവാന്‍ പറ്റുമോ? ദരിദ്രന്‍മാരില്‍ മാത്രം ഇതിലെ അവകാശം പരിമിതമാണോ?
മറുപടി: പരിമിതമല്ല. നാലു മദ്ഹബിന്റെ ഇമാമുകളും ഫിത്വ്ര്‍ സകാത്തും ധനത്തിന്റെ സകാത്തിന്റെ എട്ടു വിഭാഗങ്ങളിലും ചെലവ് ചെയ്യാമെന്ന് പറയുന്നു. പൂര്‍വിക പണ്ഡിതന്‍മാരില്‍ ഏതെങ്കിലും ഒരു പണ്ഡിതന്‍ ഇതു നിഷിദ്ധമാണെന്ന് പ്രസ്താവിച്ചതു കണ്ടിട്ടില്ല. ഇബ്‌നു ഖുദാമ(റ) എഴുതുന്നു. ഫിത്വര്‍ സകാത്ത് ധനത്തിലെ സകാത്തിലെ അവകാശികളായ എട്ടുവിഭാഗത്തിലേക്ക് നല്കല്‍ അനുവദനീയമാണ്. കാരണം സകാത്തുല്‍ ഫിത്വ്‌റും സകാത്തു തന്നെയാണ്. അതിനാല്‍ ഇതിലെയും ചെലവ് ചെയ്യുന്ന മാര്‍ഗങ്ങള്‍ ഒന്നുതന്നെയാണ്. ''തീര്‍ച്ചയായും (നിര്‍ബന്ധം) ദാനധര്‍മങ്ങള്‍'' എന്ന് അല്ലാഹു പറഞ്ഞ ആയത്തിന്റെ പരിധിയില്‍ ഫിത്വ്‌ർ സകാത്തും ഉള്‍പ്പെടുന്നതാണ്. (മുഗ്‌നി 2690). സുബുലുസ്സലാമില്‍ എഴുതുന്നു. സകാത്തിലെ എട്ടു വിഭാഗങ്ങളിലും ഫിത്വര്‍ സകാത്ത് വിതരണം ചെയ്യാം. ദരിദ്രന്‍മാര്‍ക്ക് ഭക്ഷണമാണെന്ന് നബി(സ്വ) പറഞ്ഞത് ഒരിക്കലും ഇവരില്‍ തന്നെ ഇതിനെ പ്രത്യേകമാക്കുന്നില്ല. ധനത്തിന്റെ സകാത്തിനെ സംബന്ധിച്ചും നബി(സ്വ) ഇപ്രകാരം പറയുകയുണ്ടായി. അവകാശികളില്‍ നിന്ന് സ്വീകരിച്ച് ദരിദ്രരിലേക്ക് അത് വിതരണം ചെയ്യുമെന്ന് നബി(സ്വ)യില്‍ നിന്ന് മുആദ് ഉദ്ധരിക്കുന്ന ഹദീസില്‍ ധനത്തിന്റെ സകാത്തിനെ സംബന്ധിച്ചും പ്രസ്താവിച്ചതു കാണാം. (സുബുലുസ്സലാം 2200).