Skip to main content

തൗഹീദുല്‍ അസ്മാഇ വസ്സിഫാത്ത്

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളിലുള്ള ഏകത്വം എന്നാണ് തൗഹീദുല്‍ അസ്മാഇ വസ്സിഫാത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടികളില്‍ നിന്ന് സത്തയിലും ഗുണത്തിലും പ്രവര്‍ത്തനത്തിലും തികച്ചും ഭിന്നനാണ് ദൈവം എന്നതാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. 

നബിയേ, പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. ആരുടെ സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും (112:1-4).

സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യതിരിക്തനായവനാണ് സാക്ഷാല്‍ ദൈവം(അല്ലാഹു). അവന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ബുദ്ധിക്കോ കഴിയില്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന രൂപത്തില്‍ അല്ലാഹുവിന്റെ യഥാര്‍ത്ഥ ഗുണനാമവിശേഷങ്ങള്‍ മനസ്സിലാക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ആ ഗുണവിശേഷങ്ങളില്‍ അവന്‍ ഏകനാണ്. സ്ഥലകാല പരിമിതികള്‍ക്ക് അധീനനായ സൃഷ്ടികളുടെ ഗുണങ്ങളുമായി അതിനെ തുലനപ്പെടുത്തുക സാധ്യമേ അല്ല. കാരണം സമ്പൂര്‍ണനായ അല്ലാഹുവിന്റെ ഗുണങ്ങള്‍ സ്ഥലകാല പരമിതികള്‍ക്കതീതമാണ്. അല്ലാഹുവിന്റെ ഗുണനാമവിശേഷണങ്ങളിലുള്ള ഏകത്വം അംഗീകരിക്കണമെങ്കില്‍ ഖുര്‍ആന്‍ പറഞ്ഞുതന്ന ആ ഗുണനാമങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിശ്വാസികളില്‍ ഗണ്യമായ ഒരു വിഭാഗം അല്ലാഹുവോട് ഇതരരെ പങ്കുചേര്‍ക്കാനുള്ള കാരണം സ്രഷ്ടാവിനെ മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കാത്തതാണ്. അല്ലാഹു പറയുന്നു: 'അവര്‍ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയില്ല' (6:91, 39:67). 

മനുഷ്യന്റെ ബുദ്ധിക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്ന പരിധിക്കപ്പുറമാണ് ദൈവത്തിന്റെ സത്ത. അതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അനാവശ്യമാണ്. ബുദ്ധിയുള്ള മനുഷ്യന് ദൈവാസ്തിക്യത്തെ മനസ്സിലാക്കാന്‍ അല്ലാഹുവിന്റെ സത്തയെപ്പറ്റിയുള്ള വിശകലനമല്ല വേണ്ടത്, സൃഷ്ടികളാകുന്ന ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള ചിന്തയാണ് ആവശ്യം. പ്രവാചകന്‍(സ) പറയുന്നു: 'നിങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികളെപ്പറ്റി ചിന്തിക്കുക. അവന്റെ സത്തയെപ്പറ്റി ചിന്തിച്ച് നാശമടയാതിരിക്കുക'.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരിചയപ്പെടുത്തിയ ഗുണനാമങ്ങളിലൂടെ സ്രഷ്ടാവിനെ തിരിച്ചറിയുകയും ദൈവത്തിന്റെ സൃഷ്ടികളാകുന്ന ദൃഷ്ടാന്തങ്ങളിലൂടെ അവനിലുള്ള വിശ്വാസത്തെ ദൃഢീകരിക്കുകയും ചെയ്യേണ്ടവനാണ് വിശ്വാസി.
 

Feedback