Skip to main content

തൗഹീദുല്‍ ഉലൂഹിയ്യ

തൗഹീദ് എന്ന ഇസ്‌ലാമിന്റെ അടിത്തറയായിട്ടുള്ള വിശ്വാസത്തെ മൂന്നു വിഭാഗങ്ങളിലായി വിശദീകരിച്ച് പറയാറുണ്ട്. 

1. ആരാധനയിലും ദൈവത്വത്തിലുമുള്ള ഏകത്വം.(തൗഹീദുല്‍ ഉലൂഹിയ്യ)
2. രക്ഷാകര്‍തൃത്തിലുള്ള ഏകത്വം. 
3. ഗുണവിശേഷങ്ങളിലുള്ള ഏകത്വം.
 
ആരാധനയിലുള്ള ഏകത്വമെന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സര്‍വ്വവിധേനയുള്ള ആരാധനകളെല്ലാം അല്ലാഹുവിനായി ചെയ്യുകയും അവയില്‍ മറ്റൊന്നിനേയും പങ്കോ സമത്വമോ കല്‍പ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാകുന്നു. ഈ ഏകത്വത്തെ ബഹുദൈവാരാധകന്മാര്‍ നിഷേധിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു. എന്ത്? അദ്ദേഹം ദൈവങ്ങളെയെല്ലാം ഒരൊറ്റ ദൈവമാക്കിയോ? ഇത് ആശ്ചര്യകരമായ ഒരു കാര്യം തന്നെ(38:5). ആരാധ്യനായി അല്ലാഹു അല്ലാതെ ആരുമില്ല എന്ന തത്വം പ്രബോധനം ചെയ്തു തുടങ്ങിയ നബി(സ)യെക്കുറിച്ച് ആദ്യകാലത്തെ ബഹുദൈവാരാധകന്മാര്‍ പറഞ്ഞിരുന്ന വാക്കുകളാണ് ഉപരിസൂചിത സൂക്തത്തിലുള്ളത്. 

'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് ഓരോ മുസ്‌ലിമും ഹൃദയപൂര്‍വ്വം ഉച്ചരിക്കുന്ന വാക്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ആശയവും ഇത് തന്നെയാകുന്നു. ഇത് കേവലം നാവുകൊണ്ട് മൊഴിയുക എന്നതിലുപരി അര്‍ത്ഥം ഉള്‍ക്കൊണ്ട്  കര്‍മ്മപഥത്തില്‍ കൊണ്ടുവരണം. മനസാ വാചാ കര്‍മ്മണാ 'ലാ ഇലാഹ ഇല്ലല്ലാഹ്' ഉള്‍ക്കൊള്ളണമെന്നര്‍ത്ഥം.

അല്ലാഹു പറയുന്നു: തീര്‍ച്ചയായും അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹമായി ഒന്നുമില്ലെന്ന് നീ മനസ്സിലാക്കുക.(41:19)

'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യത്തിന്റെ അര്‍ത്ഥം യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ലോകത്ത് ആരാധ്യനായി മറ്റാരും തന്നെയില്ല എന്നതാകുന്നു. ഇലാഹ് എന്ന പദത്തിന്റെ അര്‍ത്ഥം 'മഅ്ബൂദ്' (ആരാധ്യന്‍) എന്ന് മാത്രമാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായതും മനുഷ്യശക്തിക്കും കഴിവിനും അധീനമല്ലാത്തതും ആയ കാര്യങ്ങള്‍ക്കായി സര്‍വ്വതിന്റേയും പ്രഥമ കാരണമായ അല്ലാഹുവിനെ മാത്രമേ ആശ്രയിക്കാവൂ എന്നും അതിനര്‍ഹതയുള്ളവന്‍ സാക്ഷാല്‍ ദൈവമായ അല്ലാഹുവല്ലാതെ മറ്റു യാതൊന്നും തന്നെയില്ലെന്നുമാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന പരിശുദ്ധ വാക്യം നമ്മെ പഠിപ്പിക്കുന്നത്. 

വിഗ്രഹാരാധകന്മാരായ പ്രാചീന അറബികള്‍ അവരുടെ ആരാധ്യവസ്തുക്കള്‍ക്ക് സാക്ഷാല്‍ ദൈവത്തിന്റെ അധികാരത്തില്‍ വല്ല പങ്കുമുണ്ടെന്നോ, ലോക നിയന്ത്രണത്തിലും സൃഷ്ടിസംഹാരങ്ങളിലും സാക്ഷാല്‍ ദൈവത്തിനുള്ള ശക്തിയോടു കൂടി മറ്റു പല ദൈവങ്ങള്‍ക്കും അതില്‍ പങ്കുണ്ടെന്നോ വിശ്വസിക്കുന്നവരായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന് പുറമെ തങ്ങള്‍ ആരാധിച്ചിരുന്ന വസ്തുക്കള്‍ സാക്ഷാല്‍ ദൈവത്തോട് തങ്ങളെ അടുപ്പിക്കുമെന്നും അവ തങ്ങളുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള ശുപാര്‍ശകരാണെന്നും വിശ്വസിച്ചു കൊണ്ട് മാത്രമാണ് അവര്‍ അവയെ ആരാധിച്ചിരുന്നത്. ഈ വിശ്വാസപ്രകാരം മലക്കുകള്‍, നബിമാര്‍, ഔലിയാക്കള്‍, ശൈഖുമാര്‍, കല്ലുകള്‍, മരങ്ങള്‍, കൊടികള്‍ എന്നിവക്ക് മധ്യവര്‍ത്തികളുടേയോ ഇടയാളന്മാരുടേയോ സ്ഥാനം നല്‍കുന്നതിലൂടെ അവയില്‍ ദൈവത്വം(ഇലാഹ്) ആരോപിക്കുകയാണ് ചെയ്യുന്നത്. അവയ്ക്ക് നേരെ കാണിക്കുന്ന അത്യധികമായ കീഴ്‌വണക്കവും ഭക്തിയും ഇബാദത്തിന്റെ (ആരാധന) ഗണത്തില്‍പ്പെടുകയും ചെയ്യുന്നു. ഈ രൂപത്തിലുള്ള ദൈവത്വ സങ്കല്‍പത്തേയും ആരാധനകളേയും നിഷേധിക്കുകയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം.

അല്ലാഹു പറയുന്നു :അറിയുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍(പറയുന്നു), അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പ്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവന്‍ ആരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. തീര്‍ച്ച (39:3).

എന്നാല്‍ സാക്ഷാല്‍ ദൈവത്തിങ്കലേക്ക് അടുപ്പിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവരെ ആരാധ്യന്മാരായി സ്വീകരിക്കുന്നത് എന്ന ബഹുദൈവാരാധാകരുടെ 'ന്യായ' ത്തിന് വിശുദ്ധ ഖുര്‍ആന്‍ മറുപടി പറയുന്നു: നബിയേ പറയുക, ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളവനായി അല്ലാഹുവിന്നറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചുകൊടുക്കുകയാണോ?(10:18) ഇതായിരുന്നു ഏത് കാലഘട്ടത്തിലെയും ബഹുദൈവവിശ്വാസികളുടെ നിലപാട്. ഇതിനുള്ള പ്രധാന കാരണം അല്ലാഹുവിനെ വേണ്ട വിധം മനസ്സിലാക്കിയില്ല എന്നതുതന്നെ. കഴിഞ്ഞുപോയ പ്രവാചകന്മാരഖിലവും ഈ വിശ്വാസ വൈകല്യം ശരിപ്പെടുത്താന്‍ വേണ്ടിയായിരുന്നു നിയുക്തരായിരുന്നത്. സ്രഷ്ടാവിന്റെ മുന്നില്‍ മനുഷ്യര്‍ക്ക് മനസ്സ് തുറക്കാന്‍ ഇടനിലക്കാരന്‍ വേണ്ട എന്ന യാഥാര്‍ത്ഥ്യത്തെ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു.
 

Feedback