Skip to main content

തൗഹീദുര്‍റുബൂബിയ്യ

അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുക എന്നതാണ് തൗഹീദ്. ഇത് പ്രബോധനം ചെയ്യാനാണ് പ്രവാചകര്‍ അഖിലവും നിയുക്തരായത്. ദൈവത്തിന്റെ ആസ്തിക്യം അംഗീകരിക്കാത്ത സമൂഹങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ദൈവത്തിന്റെ ഏകത്വം ഭാഗികമായി അംഗീകരിക്കുകയും ഭാഗികമായി നിരാകരിക്കുകയും ചെയ്ത സമൂഹങ്ങളെയാണ് പ്രവാചകന്മാര്‍ അഭിമുഖീകരിച്ചത്. സ്രഷ്ടാവും സംരക്ഷകനും അല്ലാഹുവാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ആരാധന അല്ലാഹു അല്ലാത്തവര്‍ക്കും സമര്‍പ്പിച്ചു. ഈ കാര്യം വിശദമായി മനസ്സിലാക്കാന്‍ തൗഹീദിന്റെ വിഭജന പഠനത്തിലൂടെ സാധിക്കും. അവയിലൊന്നാണ് തൗഹീദുര്‍റുബൂബിയ്യ.

തൗഹീദുര്‍റുബൂബിയ്യ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വമാണ്. ലോകനിയന്ത്രണത്തിലും പരിപാലനത്തിലും ആഹാരാദി വിഭവങ്ങള്‍ നല്‍കുന്നതിലും സൃഷ്ടിസംഹാരങ്ങളിലും അല്ലാഹു അല്ലാതെ മറ്റാര്‍ക്കും പങ്കില്ല എന്ന വിശ്വാസമാണ് അത്.

ലോകത്തിന്റെ സ്രഷ്ടാവും അതിന്റെ പരിപാലകനും ആഹാരം നല്‍കുന്നവനും അല്ലാഹു മാത്രമാണെന്ന വസ്തുത ബഹുദൈവാരാധകരും നിഷേധിച്ചിരുന്നില്ല. ഈ ഏകത്വത്തില്‍ അവര്‍ അല്ലാഹുവിന് സമന്മാരെ സങ്കല്പിച്ചതുമില്ല. സ്രഷ്ടാവും ജഗന്നിയന്താവും അല്ലാഹു ആണെന്ന് നിസ്സംശയം അവര്‍ സമ്മതിക്കുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'അവരെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹുവാണെന്ന് നിശ്ചയം അവര്‍ പറയും' (43:87).

'ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തി തന്നതും ആരാണെന്ന് നീ അവരോട് ചോദിച്ചാല്‍ അല്ലാഹുവാണെന്ന് നിശ്ചയമായും അവര്‍ പറയും' (29:61).

സ്രഷ്ടാവും സംരക്ഷകനുമായ ഒരു അദൃശ്യശക്തിയില്‍ ഖുര്‍ആന്റെ അവതരണ കാലഘട്ടത്തിലുണ്ടായിരുന്ന അറബികള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ആ ശക്തിയെ അവര്‍ 'അല്ലാഹു' എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഈ സ്രഷ്ടാവിനെപ്പറ്റി പ്രാചീനവും ആധുനികവുമായ എല്ലാ സമൂഹങ്ങള്‍ക്കും പരിചയമുണ്ടായിരുന്നു. അടിസ്ഥാനപരമായ ഈ ദൈവവിശ്വാസത്തോടൊപ്പം തന്നെ മിക്ക സമൂഹങ്ങളും ബഹുദൈവാരാധകരായിരുന്നു എന്നതാണ് വസ്തുത. തങ്ങളുടെ ആരാധ്യന്മാര്‍ക്ക് ഈ പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ ഏതെങ്കിലും തരത്തില്‍ നിയന്ത്രണമോ സ്വാധീനമോ അധികാരമോ ഉണ്ടെന്ന് അവര്‍ക്ക് വാദമില്ല. എന്നിട്ടും അവയെ ആരാധിക്കുന്നു, അവയുടെ മുന്നില്‍ പ്രാര്‍ഥനയും നേര്‍ച്ചയും നടത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട്, സൃഷ്ടിച്ചവനല്ലാതെ ആരാധന അര്‍ഹിക്കുന്നില്ല എന്ന ലളിത സത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു.

''ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന് പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചു തരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു'' (31:11).

വിശുദ്ധ ഖുര്‍ആനിലെ പ്രഥമാധ്യായമായ 'അല്‍ഫാതിഹ'യില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയത് സര്‍വ്വലോക പരിപാലകന്‍ (റബ്ബുല്‍ ആലമീന്‍) എന്നാണ്. മൂസാ(അ) ലോകരക്ഷിതാവിനെ ആരാധിക്കണമെന്ന് ഫറോവയോട് പറഞ്ഞപ്പോള്‍ ആരാണ് റബ്ബുല്‍ ആലമീന്‍ എന്നായിരുന്നു ഫറോവയുടെ മറുചോദ്യം. മൂസാ(അ) അല്ലാഹുവിനെ പരിചയപ്പെടുത്തി പറഞ്ഞത് ഇപ്രകാരമാണ്: ''ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിനു വഴികാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്'' (20:50).

ഇബ്‌റാഹീം നബിയും റബ്ബുല്‍ ആലമീന്‍ (ലോകരക്ഷിതാവ്) എന്നു തന്നെയാണ് ദൈവത്തെ പരിചയപ്പെടുത്തിയത്. ഖുര്‍ആന്‍ പറയുന്നു: ''എന്നാല്‍ (നിങ്ങള്‍ ആരാധിക്കുന്ന) ആ ദൈവങ്ങളെല്ലാം എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നവന്‍. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍'' (26:77-81).

സൃഷ്ടിക്കുക, നിയന്ത്രിക്കുക, സംരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ അല്ലാഹുവിന് പങ്കുകാരായി ആരുമില്ലെന്ന് അംഗീകരിച്ചിരുന്ന ബഹുദൈവാരാധകര്‍ ആരാധനയിലുള്ള ദൈവത്തിന്റെ ഏകത്വത്തെ നിരസിച്ചു. അത്‌കൊണ്ട് തന്നെ പ്രവാചകന്മാര്‍ ലോകത്ത് നിയോഗിക്കപ്പെട്ടത് ലോക സ്രഷ്ടാവും നാഥനും അല്ലാഹുവാണെന്ന് പ്രബോധനം ചെയ്യുന്നതിനായിട്ടല്ല. നേരെമറിച്ച് ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനും അതിനെ സ്ഥാപിക്കാനുമായിട്ടായിരുന്നു.
 

Feedback