Skip to main content

അറയ്ക്കല്‍ രാജവംശം

കേരളത്തിലെ ഏക മുസ്‌ലിം രാജസ്വരൂപവും വടക്കെ മലബാര്‍ മുസ്‌ലിംകളുടെ സാമുദായിക നേതൃത്വവുമായിരുന്നു അറയ്ക്കല്‍ രാജവംശം. ആദ്യം ധര്‍മപട്ടണവും പിന്നീട് കണ്ണൂരും ആസ്ഥാനമാക്കി വടക്കെ മലബാര്‍ ഭരിച്ച ഈ ഭരണാധികാരികള്‍ ആലി രാജ, ബീവി എന്നീ സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ടു. അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നൂറ്റാണ്ടുകളോളം പടപൊരുതി ദേശസ്‌നേഹത്തിന്റെ മഹാഗാഥകള്‍ രചിച്ച അറക്കയ്ല്‍ വംശം കണ്ണൂരിന്റെ മണ്ണില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്; അധികാരമില്ലെങ്കിലും പ്രതാപത്തിനും ആദരവിനും യാതൊരു കുറവുമില്ലാതെ.

രാജസ്വരൂപം


അറയ്ക്കല്‍ രാജവംശം 'രാജസ്വരൂപം' എന്ന പേരിലാണ് പ്രസിദ്ധമായത്. സ്വതന്ത്രമായ ഭരണവും രാജാധികാരവുമുള്ള രാജ കുടുംബത്തിനാണ് സ്വരൂപം എന്നു പറയുക. നാണയം അടിച്ചിറക്കുക, ഉടമ്പടികള്‍ ഒപ്പിടുക, മറ്റു രാജകുടുബങ്ങളുമായി സന്ധിയിലും കരാറിയും ഏര്‍പ്പെടുക, വെണ്‍കൊറ്റക്കുട ചൂടുക തുടങ്ങിയ പരമ്പരാഗത അവകാശങ്ങളുണ്ടെങ്കില്‍ മാത്രമേ 'രാജസ്വരൂപം' ആവുകയുള്ളൂ. അങ്ങനെ നോക്കുമ്പോഴാണ് അറയ്ക്കല്‍ രാജവംശം കേരളത്തിലെ ഏക രാജസ്വരൂപമാകുന്നത്.

അറയ്ക്കല്‍ രാജസ്വരൂപത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കഥകള്‍ ഏറേയുണ്ട്. ഇതില്‍ പലതും അടിസ്ഥാനങ്ങളില്ലാത്ത ഐതിഹ്യങ്ങളാണ്. രേഖകളുടെ പിന്‍ബലമുണ്ടെന്നവകാശപ്പെടുന്ന ഒന്ന് ഇങ്ങനെയാണ്:
അറേബ്യയിലേക്ക് പോയപ്പോള്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം സാമാന്തന്മാര്‍ക്കിടയില്‍ വീതിച്ചിരുന്നു. അദ്ദേഹം അവിടെ വെച്ച് മരിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ കേരളത്തിലെത്തുകയും ധര്‍മപട്ടണത്തുണ്ടായിരുന്ന ചേരമാന്‍ പെരുമാളിന്റെ സഹോദരി ശ്രീദേവിയെ കാണുകയും ചെയ്തു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവരത് സ്വീകരിച്ചു. ശ്രീദേവിയുടെ മകനായിരുന്ന മഹാബലി മുഹമ്മദലിയായി. അരയന്‍ കുളങ്ങര അറയ്ക്കലുമായി. ആദ്യത്തെ അറയ്ക്കല്‍ രാജയുടെ പേര് മുഹമ്മദലിയാണെന്ന് വില്യം ലോഗനും ഈ ഭരണം സ്ഥാപിതമായത് ഹിജ്‌റ 64 ലാണെന്ന് ചരിത്രകാരനായ കെ. കെ. എന്‍. കുറുപ്പും സമര്‍ഥിക്കുന്നുണ്ട്.

കോലത്തിരി-അറയ്ക്കല്‍ രാജവംശങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു കഥയും അറയ്ക്കല്‍ വംശത്തിന്റെ ഉദ്ഭവവുമായി ചേര്‍ത്തു പറയാറുണ്ട്:
കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചു കൊണ്ടിരിക്കെ കുളത്തില്‍ വീണു. മുങ്ങി മരിക്കും മുമ്പ് ഒരു മുസ്‌ലിം യുവാവ് (മത പരിവര്‍ത്തനം ചെയ്ത മുഹമ്മദ് അലി) അവരെ രക്ഷിച്ചു. ജീവന്‍ രക്ഷിച്ച മുഹമ്മദലിയുമായി കന്യക പ്രണയത്തിലാവുകയും യുവാവിനെ വിവാഹം കഴിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. വിവാഹത്തിന് കോലത്തിരി രാജാവ് സമ്മതിച്ചു. സ്ത്രീധനമായി ഏഴിമലയും മാടായിലുമുള്ള നെല്പാടങ്ങളും കണ്ണൂരിലെ ചില പ്രദേശങ്ങളും അവിടെത്തന്നെ ഒരു കൊട്ടാരവും നല്കി. ഇതിന് അറയ്ക്കല്‍ കെട്ട് എന്ന പേരും നല്‍കി.

അറയ്ക്കല്‍ ആഴി രാജ (കടല്‍ മേധാവിത്തം), ആദി രാജ (ആദ്യ മുസ്‌ലിം രാജവംശം), ആലി രാജ (കുലീന കുടുംബം) എന്നീ നാമങ്ങളിലാണ് ഇവര്‍ അറിയപ്പെട്ടത്.

 

 

 

Feedback