ക്രി. വ. 1690 മുതല്‍ പതിനൊന്ന് ദശാബ്ദക്കാലം മദ്രാസ് കേന്ദ്രമാക്കി ദക്ഷിണേന്ത്യയുടെ വലിയൊരു ഭാഗം അടക്കി ഭരിച്ചവരാണ് ആര്‍ക്കോട്ട് രാജവംശം. അധികാരം ഓര്‍മയായെങ്കിലും ആദരവും പ്രതാപവും ഒട്ടും കുറവില്ലാത്ത പ്രിന്‍സ് ഓഫ് ആര്‍ക്കോട്ട് എന്ന പദവി വഹിച്ച് ഈ കുടുംബം ഇന്നും നിലനില്‍ക്കുന്നു; ചെന്നൈ നഗരത്തില്‍. ആര്‍ക്കോട്ട് നവാബുമാര്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് കര്‍ണാട്ടിക്കില്‍ നവാബ് ഭരണം വരുന്നത്. ഒന്നാം നവാബായി 1692ല്‍ സുല്‍ഫിക്കര്‍ അലി ഖാനെ അദ്ദേഹം അവരോധിച്ചു. മറാത്തക്കാര്‍ക്കുമേല്‍ നേടിയ വിജയത്തിനുള്ള ഉപഹാരമായിരുന്നു അലി ഖാനുള്ള നവാബ് പദവി.
പിന്നീട് വിജയനഗര സാമ്രാജ്യം തകര്‍ന്നതിനെ തുടര്‍ന്ന് നവാബ് ഭരണകൂടം വിശാലമായി. ഇന്നത്തെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ മേഖല മുഴുവന്‍ നവാബിന്റെ കീഴില്‍ വന്നു. വിജയനഗര സാമ്രാജ്യത്തിലേക്ക് ചേര്‍ക്കപ്പെട്ടിരുന്ന പഴയ മധുര സുല്‍ത്താനത്തില്‍ പെട്ട പ്രദേശങ്ങളും ഇതില്‍ പെടും. ക്രി. 1736ലായിരുന്നു ഇത്.
സആദത്തുല്ല ഖാന്‍ നവാബായിരിക്കുമ്പോഴാണ് (1710-1732) ആസ്ഥാനം ആര്‍ക്കോട്ടിലേക്ക് മാററിയതും ആര്‍ക്കോട്ട് രാജവംശം (ആര്‍ക്കോട്ട് സ്റ്റേററ്) എന്ന പേര് സ്വീകരിച്ചതും. സആദത്തുല്ലയുടെ പിന്‍ഗാമിമാരായി വന്ന ദോസ്ത് അലി (1732-1740) സ്‌റ്റേറിനെ വീണ്ടും വികസിപ്പിച്ചു. എന്നാല്‍ 1740ല്‍ മറാത്ത സൈന്യം ആര്‍ക്കോട്ടിനെ ആക്രമിക്കുകയും ദോസ്ത് അലിയെയും ഒരു മകനെയും കുടുംബത്തിലെ ചില പ്രധാനികളെയും വധിക്കുകയും ചെയ്തു.
1765ല്‍ മുഹമ്മദ് അലി ഖാന്‍ വല്ലാജ ആര്‍ക്കോട്ട് ഭരണമേറെറടുത്തു. ഇംഗ്ലീഷ്, ഫ്രഞ്ച് അധിനിവേശവും ഹൈദരലിയുടെ ആക്രമണവും തുടങ്ങിയ കാലമായിരുന്നു അത്. വല്ലാജ ഇംഗ്ലീഷുകാരെ പിന്തുണക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിന്‍ബലത്തില്‍, നഷ്ടപ്പെട്ട ചില പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
പതിമൂന്നാമത്തെ നവാബായ ഗുലാം ഗൗസ് ഖാന്‍ മരിച്ചതിനെ തുടര്‍ന്ന് 1855ല്‍ ആര്‍ക്കോട്ട് ഭരണം ബ്രിട്ടീഷുകാര്‍ കയ്യടക്കി. 1867 മുതല്‍ ആര്‍ക്കോട് അമീര്‍ എന്ന പദവിയില്‍ ഗുലാം ഗൗസിന്റെ അനന്തരാവകാശികളെ വിക്ടോറിയ രാജ്ഞി അവരോധിച്ചു. അവര്‍ക്ക് പെന്‍ഷനും നല്‍കി. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യന്‍ ഭരണഘടന ഇവര്‍ക്ക് ഈ പദവിയുടെ ആനുകൂല്യവും വകവച്ചു കൊടുത്തു.