പ്രമുഖ പണ്ഡിതരുടെ ശിഷ്യനാവുകയും കേളികേട്ട വിജ്ഞാന പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്ത മഹാനാണ് അയ്യൂബുസ്സഖ്തിയാനീ. ക്രി. 685ല്‍ (ഹി. 66) ബസ്വറയില്‍ ജനിച്ച സഖ്തിയാനീ താബിഉകളുടെ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
താബിഈ നിരയിലെ വിശിഷ്ട നാമങ്ങളായ മുജാഹിദുബ്‌നു ജബര്‍, ഹസനുല്‍ ബസ്വരി, നാഫിഅ് മൗലാ ഇബ്‌നി ഉമര്‍, മുഹമ്മദുബ്‌നു സീരീന്‍, അത്വാഉബ്‌നു അബീറബാഹ്, ഖതാദത്തുബ്‌നു ദആമ എന്നിവരില്‍ നിന്നാണ് ഖുര്‍ആനും ഹദീസും പഠിച്ചത്.
യൗവനത്തില്‍ തന്നെ ഫത്‌വ നല്‍കാന്‍ യോഗ്യത നേടിയ അയ്യൂബിനെക്കുറിച്ച് ഗുരുനാഥന്‍മാര്‍ക്ക് നല്ല മതിപ്പായിരുന്നു. ഹിശാമുബ്‌നു ഉര്‍വ പറയുകയാണ്: ''അയ്യൂബുസ്സഖ്തിയാനിയെക്കാള്‍ ശ്രേഷ്ഠനായ ഒരാള്‍ ഇറാഖില്‍ ഇതിനുമുമ്പ് കടന്നു പോയിട്ടില്ല.'' മുഹമ്മദുബ്‌നു സഅ്ദിന്റെ അഭിപ്രായത്തില്‍ അയ്യൂബുസ്സഖ്തിയാനീ, ഹദീസില്‍ വിശ്വസ്തനും ഉറച്ച വിജ്ഞാനമുള്ളവനും പ്രാമാണികനുമാണ്. നീതിനിഷ്ഠനും സൂക്ഷ്മശാലിയുമാണ്.
അദ്ദേഹത്തിലെ ഈ ഗുണ വിശേഷണങ്ങള്‍ കൂടുതല്‍ ശിഷ്യന്‍മാരെ ആകര്‍ഷിച്ചു. സുഫ്‌യാനുസ്സൗരീ, സുഫ്‌യാനുബ്‌നു ഉയയ്‌ന, മാലിക്കുബ്‌നു അനസ്, ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
വ്യക്തിത്വത്തില്‍ വേറിട്ടയാളായിരുന്നു ഈ പണ്ഡിതന്‍. തന്റെ അറിവില്‍ പെടാത്ത കാര്യങ്ങള്‍ മുന്നില്‍ വന്നാല്‍ അദ്ദേഹം നിശ്ശബ്ദനാവും. അറിവുള്ളവരോട് ചോദിക്കാന്‍ ഉപദേശിക്കുകയും ചെയ്യും. സഖ്തിയാനിയെക്കാള്‍ പുഞ്ചിരിക്കുന്ന മറ്റൊരാളെ എനിക്ക് പരിചയമില്ലെന്ന് ഹമ്മാദുബ്‌നു സൈദ് ഒരിക്കല്‍ പറയുകയുണ്ടായി.
ക്രി. 749 (ഹി. 131)ല്‍, തന്റെ 63-ാം വയസ്സില്‍ അയ്യൂബുസ്സഖ്തിയാനി നിര്യാതനായി.