Skip to main content

ഖാലിദ് ബിന്‍ യസീദ്

ഉമവീ രാജകുമാരന്‍. രസതന്ത്രം, വൈദ്യം, ഗോളശാസ്ത്രം, സാഹിത്യം, കവിത എന്നിവയില്‍ ഖ്യാതി നേടി. പൂര്‍ണനാമം ഖാലിദുബ്‌നു യസീദ്ബ്‌നി മുആവിയതുബ്‌നി അബീ സുഫ്‌യാന്‍ അല്‍ ഖുറശിയ്യില്‍ ഉമവി. അബൂഹാശിം എന്നും വിളിപ്പേരുണ്ട്. ഖുറൈശികളിലെ തത്വജ്ഞാനിയും കവിയുമായി അറിയപ്പെട്ടു. 

താബിഇകളിലെ രണ്ടാം തലമുറയിലെ പ്രമുഖനാണ്. സഹോദരനായ മുആവിയ രണ്ടാമന്റെ വിയോഗാനന്തരം ഭരണം തനിക്കു ലഭിക്കുമെന്ന് ഖാലിദ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ മറികടന്ന് മര്‍വാനുബ്‌നുല്‍ ഹകം ഖിലാഫത്ത് കൈയാളി. അങ്ങനെ അബൂസുഫ്‌യാന്റെ കുടുംബത്തില്‍ നിന്ന് ഭരണം മര്‍വാന്‍ കുടുംബത്തിലേക്ക് വഴിമാറി. ഭരണനേതൃത്വം ലഭിക്കാതിരുന്നതില്‍ ഖിന്നനായ ഖാലിദ് പിന്നീട് വൈജ്ഞാനിക മേഖലയിലേക്ക് തിരിയുകയായിരുന്നു.

 
രസതന്ത്രം, ഗോളശാസ്ത്രം, വൈദ്യം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ ഖാലിദിന്റെ മേല്‍നോട്ടത്തില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. റോമന്‍ പാതിരിയായ മിര്‍യാനുസില്‍ നിന്ന് അദ്ദേഹം രസതന്ത്രം അഭ്യസിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അസ്ത്വഫാന്‍ എന്നു പേരായ ഒരാളാണ് രസതന്ത്ര ഗ്രന്ഥങ്ങളുടെ അറബി പരിഭാഷ നടത്തിയത്. ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ വിവര്‍ത്തന കൃതിയായി ഇത് പരിഗണിക്കപ്പെടുന്നു. രസതന്ത്ര വിജ്ഞാനത്തില്‍ മൂന്ന് കൃതികള്‍ ഖാലിദ് രചിച്ചിട്ടുണ്ടെന്ന് ഇബ്‌നു ഖല്ലികാന്‍ വഫയാതുല്‍ അഅ്‌യാനില്‍ രേഖപ്പെടുത്തുന്നു. അസ്സിയറുല്‍ ബദീഉ ഫീ ഫക്കിര്‍റംസില്‍ മനീഅ്, കിതാബുല്‍ ഫിര്‍ദൗസ് എന്നിവയാണ് അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടുന്ന രചനകള്‍. എന്നാല്‍ അദ്ദേഹത്തിന്റേതായ യാതൊരു രചനകളും ലഭ്യമല്ലെന്നാണ് ദഹബിയുടെ പക്ഷം. ജുര്‍ജീ സൈദാനും ഈ പക്ഷക്കാരനാണ്. വൈജ്ഞാനിക രംഗത്ത് വിശേഷിച്ച് രസതന്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയില്‍ അതീവ തത്പരനായിരുന്നു ഖാലിദ് എന്നതിന് തെളിവായി കെയ്‌റോയിലെ ഗ്രന്ഥശേഖരങ്ങള്‍ക്കിടയില്‍ വൃത്താകൃതിയിലുള്ള ഒരു ചെമ്പു തകിടില്‍ 'ഖാലിദുബ്‌നു യസീദബ്‌നി മുആവിയ' എന്നൊരു ലിഖിതം കാണാനിടയായി എന്ന് ഇബ്‌നുല്‍ ഖിഫ്തിയെ ഉദ്ധരിച്ച് ജുര്‍ജീ സൈദാന്‍ എഴുതിയിട്ടുണ്ട്.


ഖാലിദ് ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്നു. പിതാവ് യസീദ്, സ്വഹാബിയായ ദിഹ്‌യതുബ്‌നു ഖലീഫതല്‍ കല്‍ബി, ഇമാം സുഹ്‌രി തുടങ്ങിയവരില്‍ നിന്ന് അദ്ദേഹം ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇമാം ബൈഹഖി, ഖത്വീബുല്‍ ബഗ്ദാദി, അസ്‌കരി, ഇബ്‌നു അസാകിര്‍ മുതലായവര്‍ ഖാലിദില്‍ നിന്ന് നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഈദുദ്ദീയൂഹജി അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയിട്ടുണ്ട്. ക്രി.1953ല്‍ ദമസ്‌കസില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു. 708 ല്‍ ദമസ്‌കസില്‍ മരിച്ചു. (ഹി: 90)

 

Feedback