Skip to main content

റജാഉബ്‌നു ഹയ്‌വ

''ഇസ്‌ലാമിനെ കമനീയമാക്കുന്നത് വിശ്വാസമാണ്.  വിശ്വാസത്തെ അലങ്കരിക്കുന്നത് ദൈവഭക്തിയാണ്.  ദൈവഭക്തിയെ സുന്ദരമാക്കുന്നത് വിജ്ഞാനമാണ്.  വിജ്ഞാനത്തിന് തേജസ്സ് പകരുന്നത് വിവേകമാണ്.  ആര്‍ദ്രതയാണ് വിവേകത്തിന് ചന്തം പകരുന്നത്.''

താബിഉകളുടെ കാലത്തെ മൂന്ന് ശ്രദ്ധേയ വ്യക്തിത്വങ്ങളായിരുന്നു ബഗ്്ദാദിലെ  മുഹമ്മദുബ്നു സീരീന്‍, മദീനയിലെ ഖാസിം ബിന്‍ മുഹമ്മദ്, ദമസ്‌കസിലെ റജാഅ് ബിന്‍ ഹയ്‌വ.  ഹൃദയത്തില്‍ ദൈവഭക്തിയും മനസ്സ് നിറയെ നന്‍മകളും നാവില്‍ വിജ്ഞാനവുമായി ജീവിച്ച റജാഇന്റെതാണ് മേലുദ്ധരിച്ച വാക്കുകള്‍.

ഫലസ്തീനിലെ ബൈസാനില്‍ ക്രൈസ്തവ കുടുംബത്തിലായിരുന്നു റജാഇന്റെ ജനനം.  ഫലസ്തീന്‍ പിടിക്കുകയും ഖുദ്സിന്റെ താക്കോല്‍ ഖലീഫ ഉമര്‍(റ) ഏറ്റു വാങ്ങുകയും ചെയ്ത വേളയിലാണ് ഹയ്വയും കുടുംബവും മുസ്ലിംകളായത്.  അപ്പോള്‍ പതിനഞ്ച് വയസ്സായിരുന്നു റജാഇന്.

മുസ്ലിമായ അദ്ദേഹം പ്രമുഖ സ്വഹാബി മുആദുബ്‌നു ജബലിനെ ഗുരുവായി സ്വീകരിച്ചു. മുആദി(റ)നു പുറമെ അബുദ്ദര്‍ദാഅ്, സ്വാമിത്ത്, അബ്ദുല്ലാഹിബ്‌നു അംറ്, മുആവിയ, അബൂസഈദില്‍ ഖുദ്‌രി, ജാബിറുബ്‌നു അബ്്ദില്ല തുടങ്ങിയവരില്‍ നിന്ന് ഹദീസുകള്‍ പഠിക്കുകയും ഉദ്ധരിക്കുകയും ചെയ്തു.

സമ്പന്നമായ വിജ്ഞാനത്തിന് ഉടമയായ റജാഉബ്‌നു ഹയ്‌വയെത്തേടി ശിഷ്യരും ഏറെയെത്തി.  മക്്ഹുല്‍, സുഹ്‌രീ, ഖത്താദ, അബ്ദുല്‍ മലിക്കിബ്‌നു ഉമൈര്‍ തുടങ്ങിയവര്‍ ഇവരില്‍ അഗ്രിമ സ്ഥാനത്താണ്.

'വിശ്വസ്തനും മാതൃകാപുരുഷനുമായ റജാഅ് ദമസ്്കസുകാരുടെ സൗഭാഗ്യമായിരുന്നു.  ഉത്കൃഷ്ടനും പണ്ഡിത പ്രതിഭയുമായിരുന്നു.' - ഇബ്നു സഅ്ദ് അദ്ദേഹത്തെക്കുറിച്ചു പറഞ്ഞു.

അമവികളുടെ വിശ്വസ്തന്‍

കര്‍മശാസ്ത്ര വിശാരദനും വിശ്വസ്തനുമായിരുന്ന റജാഉബ്നു ഹയ്‌വയെ അമവി ഭരണാധികാരി അബ്ദുല്‍ മലിക്കിബ്നു മര്‍വാന്‍ തന്റെ മന്ത്രിയായി നിയമിച്ചു.  പണത്തോടും അധികാരത്തോടും ലവലേശം ഭ്രമം കാണിക്കാത്ത റജാഅ് തന്റെ  പദവിയിലൂടെ സാധാരണക്കാരന് നിരവധി ആശ്വാസ പദ്ധതികള്‍ നല്‍കി.  അമവി ഖലീഫമാരെ പല അരുതായ്മകളില്‍ നിന്നും അദ്ദേഹം പിന്തിരിപ്പിക്കുകയും ചെയ്തു.

സുലൈമാനുബ്നു അബ്ദില്‍ മലിക്കിന്റെ കാലത്തും റജാഅ് മന്ത്രിയായി തുടര്‍ന്നു.  സുലൈമാന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറിയ റജാഅ്, തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ പോലും സുലൈമാനില്‍ സ്വാധീനം ചെലുത്തി.  സഹോദരന്‍ യസീദിനു പകരം ഉമറുബ്‌നു അബ്ദില്‍ അസീസ് ഭരണാധികാരിയായത് അങ്ങനെയാണ്.  ഉമറിന്റെ കീഴിലും മന്ത്രിയായി സേവനം ചെയ്ത റജാഅ് പിന്നീട് സ്വസ്ഥ ജീവിതം നയിക്കുകയായിരുന്നു.

അബ്ദുല്‍ മലിക്കിന്റെ കാലത്ത് ഖുബ്ബത്തുസ്സഖ്‌റ നിര്‍മിച്ചപ്പോള്‍ അതിന്റെ മേല്‍നോട്ടവും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് റജാഅ് ആയിരുന്നു.

ശാമിലെ പണ്ഡിത പ്രമുഖനും താബിഉകളിലെ കര്‍മശാസ്ത്ര പണ്ഡിതനും ഭൗതിക വിരക്തനും അതീവ ഭക്തനുമായിരുന്ന റജാഉബ്‌നു ഹയ്‌വ ഹി. 112ല്‍ അന്ത്യയാത്രയായി.

Feedback