Skip to main content

ആമിറുബ്‌നു അബ്ദില്ല അത്തമീമി

ഉമര്‍(റ) ഇസ്‌ലാമിക ഖിലാഫത്തിന്റെ അമരത്തിരിക്കുന്ന കാലം. ഹിജ്‌റ വര്‍ഷം 14. ടൈഗ്രീസിന്റെ തീരത്ത് പുതിയൊരു നഗരം പണിതുയര്‍ത്താനുള്ള ഒരുക്കത്തിലായിരുന്നു ഖലീഫ. പേര്‍ഷ്യന്‍ കരുത്തിനെ നാമാവശേഷമാക്കി ഇസ്‌ലാമിക സംസ്‌കൃതിയെ ഊട്ടിവളര്‍ത്താനുള്ള ഖലീഫയുടെ ശ്രമത്തെ കൈമെയ് മറന്ന് മുസ്‌ലിംകള്‍ പിന്തുണച്ചതോടെ ബസ്വറ നഗരം യാഥാര്‍ഥ്യമായി. പേര്‍ഷ്യന്‍ സമ്പന്നതയിലും സുഖാഡംബരങ്ങളിലും തിളങ്ങി നിന്ന ബസ്വറയിലേക്ക് ഹിജാസ്, നജ്ദ്, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് മുസ്‌ലിംകളെത്തി. പലരെയും ആകര്‍ഷിച്ചത് ബസ്വറയുടെ മനോഹാരിതയും സമ്പദ്‌സമൃദ്ധിയും തന്നെയായിരുന്നു.

എന്നാല്‍ ആ കുടിയേറ്റക്കാരില്‍ ഒരു വിഭാഗമുണ്ടായിരുന്നു. പേര്‍ഷ്യന്‍ ഹുങ്കിനെ തകര്‍ക്കലും അവരിലേക്ക് ദൈവിക സന്ദേശമെത്തിക്കലുമായിരുന്നു അവരുടെ ഉദ്ദേശ്യം. അക്കൂട്ടത്തിലെ ചുറുചുറുക്കുള്ള യുവാവായിരുന്നു ആമിറുബ്‌നു അബ്ദില്ല.

ദൈവികസാമീപ്യത്തിനായി കൊതിച്ച് ഭൗതിക സുഖങ്ങളില്‍ നിന്ന് തിരിഞ്ഞു നിന്ന ഭക്തന്‍. തമീം ഗോത്രക്കാരന്‍ അബ്ദുല്ലയുടെ മകനായ ആമിര്‍ പ്രമുഖ പ്രവാചക ശിഷ്യന്‍മാരില്‍ നിന്നാണ് മതപാഠങ്ങള്‍ പഠിച്ചത്. യൗവനത്തിന്റെ പ്രസരിപ്പിലും ജീവിതത്തെ മൂന്നായി പകുത്തുവെച്ചു ആമിര്‍. ബസ്വറയിലെ പള്ളിയില്‍ വെച്ച് ജനങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കാനായിരുന്നു ഒരു ഭാഗം. ദൈവിക മാര്‍ഗത്തിലെ ധര്‍മസമരത്തിന് രണ്ടാം ഭാഗം. മൂന്നാമത്തേത് ആരാധനാ കാര്യങ്ങള്‍ക്കും. 

ബസ്വറയിലെ ഭക്തന്‍ എന്നപേരിലറിയപ്പെട്ട ആമിര്‍ മറ്റൊന്നിനും ജീവിതത്തെ വിട്ടുകൊടുത്തില്ല. ആമിര്‍ ബസ്വറയിലേക്ക് വന്നതു തന്നെ അവിടുത്തെ ഗവര്‍ണറും തിരുനബിയുടെ ഇഷ്ടപാത്രവുമായിരുന്ന അബൂമൂസല്‍ അശ്അരി(റ)യുടെ ശിഷ്യത്വം കൊതിച്ചായിരുന്നു. പള്ളിയിലും യുദ്ധവേദിയിലും നാട്ടിലും യാത്രയിലും അബൂമൂസയെ അനുഗമിച്ചു ആമിര്‍. ദൂതരുടെ നാവില്‍ നിന്ന് അബൂമൂസ കേട്ടതെല്ലാം ആമിറും പഠിച്ചു. ബസ്വറ പള്ളിയിലെ ആമിറിന്റെ വിജ്ഞാനസദസ്സ് നിറഞ്ഞുകവിഞ്ഞതിന്റെ കാരണവും ഇതു തന്നെ. ഖാദിസിയ്യയില്‍ പങ്കെടുത്ത ആമിര്‍ സഅദുബ്‌നു അബീവഖ്ഖാസിന്റെ കൂടെ കിസ്‌റായുടെ കൊട്ടാരത്തിലും പ്രവേശിച്ചു. കണ്ണഞ്ചിക്കുന്ന പവിഴ-രത്‌നങ്ങളുടെ അമൂല്യ ശേഖരം ആമിറില്‍ യാതൊരു പ്രതികരണവുമുണ്ടാക്കിയില്ല. തന്റെ കൈയില്‍ കിട്ടിയതെല്ലാം അതേപടി സഅദിനെ ഏല്‍പിച്ച അദ്ദേഹം അതില്‍ നിന്ന് ഒന്നും എടുത്തതുമില്ല.

വര്‍ഷങ്ങള്‍ കടന്നുപോയി. മതകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിച്ച ആമിറിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നു. ഇതിന്റെ പേരില്‍ വിചാരണയും നേരിടേണ്ടി വന്നു. എന്നാല്‍ ആമിറിന്റെ നിലപാടില്‍ ഖലീഫ തൃപ്തനായിരുന്നു. എന്നിട്ടും കുപ്രചാരണങ്ങള്‍ വന്നപ്പോള്‍ ബസ്വറയില്‍ നിന്ന് മാറി ശിഷ്ടകാലം ശാമില്‍ ചെലവഴിക്കാന്‍ ഖലീഫ അദ്ദേഹത്തോട് സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടു. ഊഷ്മളമായ യാത്രയയപ്പ് നല്കുകകയും ശാമില്‍ സൗകര്യങ്ങളൊരുക്കാന്‍ അവിടുത്തെ ഗവര്‍ണര്‍ മുആവിയക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കണേയെന്ന പ്രാര്‍ഥനയോടെയാണ് ആ സുമനസ്സ് ബസ്വറ വിട്ടത്.

പ്രഥമ ഖിബ്‌ലയായ ബൈത്തുല്‍ മുഖദ്ദസിലായിരുന്നു ആമിറുബ്‌നു അബ്ദില്ലയുടെ അന്ത്യകാലം. ജീവിതാവസാനത്തില്‍ മരണയാത്രക്കൊരുങ്ങിക്കിടക്കവെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് ശിഷ്യന്‍മാര്‍ കണ്ടു. 'ദൈവത്തിനുള്ള ഉപാസനയായി ജീവിതം സമര്‍പ്പിച്ച താങ്കളെന്തിന് കരയണം? ശിഷ്യരുടെ ചോദ്യത്തിന് ആ മഹാന്റെ മറുപടി ഇങ്ങനെയായിരുന്നു: മരണത്തെ എനിക്ക് ഭയമില്ല. ജീവിതത്തെ ഞാന്‍ സ്‌നേഹിക്കുന്നുമില്ല. എന്നാല്‍ ദീര്‍ഘമായ യാത്രക്കൊരുങ്ങുന്ന എനിക്ക് പാഥേയം കുറച്ചു മാത്രമേയുള്ളൂവെന്നതാണ് എന്നെ കരയിക്കുന്നത്. ഈ യാത്ര അവസാനിക്കുന്നത് സ്വര്‍ഗത്തിലാവുമോ അതോ നരകത്തിലാവുമോ എന്ന ആധിയിലാണ് ഞാന്‍.

Feedback