Skip to main content

ഹസന്‍ ബസ്വരി

പിറന്നത് വിശ്വാസികളുടെ ഉമ്മയായ ഉമ്മുസലമ(റ)യുടെ വീട്ടില്‍. മാതാവ് അവരുടെ പരിചാരികയായ ഖൈറ. പിതാവ് വഹ്‌യ് എഴുത്തുകാരന്‍ സൈദുബ്‌നു സാബിത്തിന്റെ സേവകന്‍ യസാര്‍. ഉമ്മുസലമയുടെ മുലപ്പാല്‍ പലപ്പോഴായി നുകര്‍ന്നു വളര്‍ന്ന കുഞ്ഞ് ബാല്യകാലം ചെലവിട്ടത് തിരുപത്‌നിമാരുടെ സ്‌നേഹ വാല്‍സല്യത്തണലില്‍. അവരില്‍ നിന്ന് ധര്‍മ പാഠങ്ങള്‍ പഠിച്ച് വളര്‍ന്ന് അവന്‍ അപാരമായ പാണ്ഡിത്യത്തിന്റെ ഉടമയായി. ഹസനുബ്‌നു  യസാര്‍ എന്നായിരുന്നു അവന്റെ പേര്.

മദീനയിലെ തിരുനബിയുടെ പള്ളിയായിരുന്നു ഹസന്റെ ഗുരുകുലം. ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, അബൂമൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്‌നു ഉമര്‍, അനസുബ്‌നു മാലിക്, ജാബിറുബ്‌നു അബ്ദില്ല തുടങ്ങിയ സഹാബി മുഖ്യരായിരുന്നു കൗമാരക്കാരനായ ഹസന്റെ ഗുരുവര്യര്‍.

അവരുടെയെല്ലാം സ്വഭാവ വൈശിഷ്ട്യങ്ങള്‍ നേരിട്ടറിഞ്ഞ അവന്‍ അവ സ്വജീവിതത്തിന്റെ പാഥേയവുമാക്കി. പതിനാലാം വയസ്സില്‍ അവന് മദീന വിടേണ്ടി വന്നു. മാതാപിതാക്കള്‍ ഇറാഖിലെ ബസ്വറയിലേക്ക് കുടിയേറിയതായിരുന്നു കാരണം. എന്നാല്‍ അപ്പോഴേക്കും അവന്‍ തന്റെ വഴി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ബസ്വറക്കാരനായതോടെ അവന്റെ പേരും മാറി. ഹസന്‍ ബസ്വരി. അതെ, ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രസരണത്തില്‍ സുഗന്ധം പരത്തിയ മഹാ പണ്ഡിതനായ ഹസന്‍ ബസ്വരി(റ). അബൂ സഈദ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.

വിജ്ഞാന വെളിച്ചത്തില്‍ കുളിച്ചുനിന്നിരുന്ന ബസ്വറയിലെ പ്രധാന പള്ളിയായിരുന്നു പിന്നീട് ഹസന്റെ കളരി. അവിടെ വെച്ചാണ്  അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. ഖുര്‍ആനും ഹദീസും പാരായണ നിയമങ്ങളും പഠിച്ച ബസ്വരി അതേ പള്ളിയില്‍ തന്നെ വിജ്ഞാനദാഹികളുടെ ആശ്രയമായി കഴിഞ്ഞുകൂടി.

ഭൗതിക വിരക്തമായിരുന്നു ആ ജീവിതം. നന്‍മകള്‍ കല്പിക്കുകയല്ല അവ ചെയ്തുകാണിക്കുകയായിരുന്നു. തിന്‍മകള്‍ വിരോധിക്കുകയല്ല അവയെ ജീവിതത്തില്‍ നിന്നകറ്റി നിര്‍ത്തുകയായിരുന്നു അദ്ദേഹം.

തിന്‍മകളെ മുഖംനോക്കാതെ എതിര്‍ക്കുന്ന പ്രകൃതക്കാരനുമായിരുന്നു അദ്ദേഹം. അതില്‍ ഖലീഫയെന്നോ ഗവര്‍ണറെന്നോ നോക്കിയില്ല. ആരുടെയും ഉപഹാരങ്ങള്‍ അദ്ദേഹം സ്വീകരിച്ചില്ല. ഭരണാധികാരികളെ പുകഴ്ത്തിയതുമില്ല.

അക്കാലത്ത് ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫ് കൂഫക്കടുത്ത വാസിത്വയില്‍ ഒരു ആഡംബരക്കൊട്ടാരം പണിതു. അത് കാണാന്‍ ജനത്തെ ക്ഷണിച്ചു. വിസ്മയക്കാഴ്ചയില്‍ കണ്ണു മഞ്ഞളിച്ച ജനം ആ രമ്യഹര്‍മ്യത്തെ വാനോളം പുകഴ്ത്തി. എന്നാല്‍ ഹസന്‍ പണ്ഡിത ധര്‍മം നിര്‍വഹിച്ചു. ഹജ്ജാജിനെ ഫിര്‍ഔനിനോടുപമിച്ച് അദ്ദേഹം ജനങ്ങളോട് സംസാരിച്ചു. ഇങ്ങനെ കൂടിപ്പറഞ്ഞു ഹസന്‍: 'ആകാശത്തുള്ളവന്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ പേടി നിമിത്തം മൗനം പാലിക്കുകയാണെന്നും ഹജ്ജാജ് മനസ്സിലാക്കിയിരുന്നെങ്കില്‍'.

അടുത്ത ദിവസം ഹജ്ജാജ് ഹസന്‍ ബസ്വരിയെ വിളിപ്പിച്ചു. തല വെട്ടാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ തന്റെ മുന്നിലെത്തിയ ആ മഹാ മനീഷിയുടെ മുഖഭാവം കണ്ട് ഹജ്ജാജ് പേടിച്ചുപോയി.

'അബൂ സഈദ് ഇങ്ങോട്ടിരിക്കൂ'. തന്റെ ഇരിപ്പിടത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് ഹജ്ജാജ് നിലപാട് മാറ്റി.
'താങ്കള്‍ പണ്ഡിതന്‍മാരുടെ അമീറാണ്. എന്റെ നാടിന്റെ അഭിമാനവുമാണ്'. ഹസന്‍ ബസ്വരിയെ ആദര വാക്കുകള്‍ കൊണ്ട് പൊതിഞ്ഞു ഹജ്ജാജ്. 

ഖലീഫ യസീദുബ്‌നു അബ്ദില്‍ മലിക്കിന്റെ തന്നിഷ്ട നയങ്ങളെയും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി ബസ്വരി. യസീദിന്റെ ഇറാഖ് ഗവര്‍ണറായിരുന്ന ഉമറുബ്‌നു ഹുബൈറയെയും ഉപദേശിച്ചുകൊണ്ടിരുന്നു അദ്ദേഹം: 'ഉമര്‍, താങ്കള്‍ യസീദിന്റെ കാര്യത്തില്‍ അല്ലാഹുവെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടുകയും വേണ്ട'.

ഭൗതിക ജീവിതത്തിന്റെ നശ്വരതയും അതിനായി ഓടിനടക്കുന്നവരുടെ മണ്ടത്തരവും ബസ്വരിയുടെ അധ്യാപനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 'ഇഹലോകവും പരലോകവും കിഴക്കും പടിഞ്ഞാറും പോലെയാണ്, ഒന്നിനോടടുക്കുമ്പോള്‍ മറ്റേതില്‍ നിന്നകലുന്നു'.

എണ്‍പത് സംവല്‍സരങ്ങള്‍ നീണ്ടുനിന്ന ആ ധന്യജീവിതം ഹിജ്‌റ 110ലാണ് നിലച്ചത്. റജബിലെ ആദ്യ വെള്ളിയാഴ്ച. ജുമുഅക്ക് ശേഷം തന്റെ വിജ്ഞാനം വെളിച്ചം പരത്തിയ ബസ്വറയിലെ വലിയ പള്ളിയില്‍ നടന്ന ജനാസ നമസ്‌കാരത്തിലേക്ക് ജനസാഗരം  ഒഴുകിയെത്തി.


 

Feedback