പ്രവാചക പത്‌നി മൈമൂന ബിന്‍ത് ഹാരിസിന്റെ സേവകന്‍, മദീനയുടെ ഐശ്വര്യമായ താബിഈ. മദീനയിലെ ഏഴു പണ്ഡിതമുഖ്യരിലെ പ്രധാനി. സുലൈമാനുബ്‌നു യസാറിന് ചരിത്രത്തില്‍ പദവികളേറെയാണ്.
അബൂ അയ്യൂബ് സുലൈമാനുബ്‌നു യസാര്‍ ജനിച്ചത് ഹി. 34-ല്‍ മദീനയില്‍. പിതാവ് യസാറും മൈമൂന ബിന്‍ത് ഹാരിസിന്റെ സേവകനായിരുന്നു. പേര്‍ഷ്യക്കാരനായിരുന്നു യസാര്‍. സുലൈമാനെ പിന്നീട് അവര്‍ മോചിപ്പിച്ചു.
വിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം പ്രമുഖ സ്വഹാബിമാരെയാണ് ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. അബൂഹുറയ്‌റ, സൈദുബ്‌നു സാബിത്ത്, അബ്്ദുല്ലാഹിബ്ന്‍ ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഉര്‍വത്തുബ്‌നു സുബൈര്‍, ഹസ്സാനുബ്‌നു സാബിത്, തിരുപത്‌നിമാരായ ആഇശ, ഉമ്മുസലമ, മൈമൂന(റ) തുടങ്ങിയവരില്‍ നിന്ന് അദ്ദേഹം ഹദീസുകള്‍ നിവേദനം ചെയ്തു.
സഈദുബ്‌നുല്‍ മുസയ്യിബിന്റെ സമകാലികനായിരുന്നു സുലൈമാന്‍. ഹസനുബ്‌നുല്‍ ഹനഫിയെ പ്പോലുള്ളവര്‍ സഈദിനെക്കാളും വലിയ പണ്ഡിതനാണ് സുലൈമാനുബ്‌നു യസാര്‍ എന്ന് അഭിപ്രായപ്പെടുമ്പോള്‍ സഈദുബ്‌നു മുസയ്യിബ് കഴിഞ്ഞാല്‍ മദീനയില്‍ ഏറ്റവും വലിയ പണ്ഡിതന്‍ ഇബ്‌നു യസാറാണെന്നാണ് മാലിക്കുബ്‌നു അനസിന്റെ പക്ഷം.
മദീനയിലെ താബിഈ സപ്തപണ്ഡിതശ്രേണിയിലെ പ്രമുഖനായ സുലൈമാനുബ്‌നുല്‍ യസാറിന്റെ കീഴില്‍ നിരവധി പണ്ഡിതര്‍ വിജ്ഞാനം ആര്‍ജിച്ചിരുന്നു.
സഹോദരന്‍ കൂടിയായ അത്വാഉബ്‌നു യസാര്‍, ഇബ്‌നു ശിഹാബുസ്സുഹ്‌രീ, ബുകൈറുബ്‌നു അബ്ദില്ല അംറുബ്‌നു ദീനാര്‍, അംറുബ്‌നു മൈമൂന്‍, സ്വലിഹ്ബ്‌നു കൈസാന്‍ മുഹമ്മദുബ്‌നു യൂസുഫുല്‍ കിന്ദി, ഉസാമത്തുബ്‌നു സൈദില്‍ കിന്ദി തുടങ്ങിയവര്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തവരില്‍ ചിലര്‍ മാത്രമാണ്.
ഹിജ്‌റ 107 ല്‍ 73-ാം വയസ്സില്‍ മദീനയില്‍ ആ ധന്യ ജീവിതത്തിന് സമാപ്തിയായി.