ക്രി.വ. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച പണ്ഡിത പ്രതിഭയാണ് ഇമാം മുജാഹിദ് എന്ന പേരില്‍ പ്രസിദ്ധനായ മുജാഹിദുബ്‌നു ജബര്‍. ജീവിതം വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും മനനത്തിനും വേണ്ടി സമര്‍പ്പിച്ച ഇദ്ദേഹം 'മുഫസ്സിറുല്‍ ഖുര്‍ആന്‍' എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ടു.
ജബ്‌റിന്റെ (ജുബൈര്‍ ആണെന്നും പക്ഷമുണ്ട്) മകനായി ക്രി. 642ല്‍ (ഹി. 21) ജനനം. ഖുറൈശി ഗോത്രക്കാരനായ സാഇബുബ്‌നു അബിസ്സാഇബിന്റെ അടിമയായിരുന്നു.
മതപാഠങ്ങള്‍, പ്രത്യേകിച്ച് ഖുര്‍ആന്‍ അഭ്യസിക്കുന്നതില്‍ അതീവ താല്പര്യം കാട്ടിയ മുജാഹിദ്, ഇബ്‌നു അബ്ബാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ലോകത്തേക്ക് ഈ യുവാവിനെ ആനയിച്ചത് ഇബ്്‌നു അബ്ബാസാണ്. ഏത് ഖുര്‍ആന്‍ സൂക്തം കേട്ടാലും അത് എങ്ങനെ ഉണ്ടായി, എപ്പോള്‍ അവതീര്‍ണമായി എന്ന സംശയം അദ്ദേഹത്തില്‍ ജനിക്കും. സംശയം നിവൃത്തിക്കാതെ മുന്നോട്ടുപോയിരുന്നില്ല ആ വിദ്യാര്‍ത്ഥി.
പ്രവാചക പത്‌നി ആഇശ(റ), സ്വഹാബിവര്യരായ അബൂഹുറയ്‌റ, സഅ്ദുബ്‌നു അബീ വഖാസ്, ജാബിറുബ്്‌നു അബ്്ദില്ല, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബൂസഈദില്‍ ഖുദ്‌രി(റ) എന്നിവരില്‍ നിന്നും ഖുര്‍ആന്‍, ഹദീസ് എന്നിവ സ്വായത്തമാക്കി.
ഖുര്‍ആന്‍ വ്യാഖ്യാനം മാത്രമായിരുന്നില്ല മുജാഹിദിന്റെ വൈജ്ഞാനിക കളരി. ഹദീസ് വിജ്ഞാനം, കര്‍മ ശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം എന്നിവയിലും അദ്ദേഹം വ്യാപൃതനായി. ഏഴു പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധരില്‍ ഒരാള്‍ മുജാഹിദാണ്.
താബിഉകളില്‍ ഖുര്‍ആന്‍ കൂടുതല്‍ അറിഞ്ഞിരുന്നത് മുജാഹിദിനായിരുന്നു, ഇമാം സൗരി ഇത് സ്ഥിരീകരിക്കുന്നു. 'ഖുര്‍ആന്‍ വ്യാഖ്യാനം നിങ്ങള്‍ നാലു പേരില്‍ നിന്ന് സ്വീകരിക്കുക - സഅ്ദുബ്്‌നു ജുബൈര്‍, ഇക്‌രിമ, ദഹ്്ഹാക്ക്, മുജാഹിദ്.
ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കടുത്ത സൂക്ഷ്മതയും നിഷ്‌കര്‍ഷയും പുലര്‍ത്തി അദ്ദേഹം. ഹാറൂത്തിന്റെയും മാറൂത്തിന്റെയും സംഭവം നേരിട്ടു പഠിക്കാന്‍ ബാബിലില്‍ പോയിരുന്നു. മുജാഹിദ് അതുകൊണ്ടു തന്നെ 'തഫ്്‌സീറു മുജാഹിദ്' അധികാരിക ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായി ഇന്നും നിലനില്ക്കുന്നു.
ഇക്്‌രിമ, ത്വാഊസ്, അത്വാഉബ്‌നു സാഇബ്, സുലൈമാന്‍, അഅ്മശ്, അംറുബ്‌നു ദീനാര്‍ തുടങ്ങിയ പണ്ഡിതര്‍ ഇമാം മുജാഹിദില്‍ നിന്ന് ഹദീസുകള്‍ സ്വീകരിച്ചവരാണ്. അബൂ അംറില്‍ ബസ്വരീ, അയ്യൂബുസ്സഖ്തിയാനീ എന്നീ പ്രമുഖര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.
അബുല്‍ മുഹൈസ്വിന്‍, അബൂ അംറ് എന്നിവര്‍ ഇമാം മുജാഹിദില്‍ നിന്നുമാണ് ഖുര്‍ആന്‍ പാരായണ വൈദഗ്ധ്യം നേടിയത്.
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് വിജ്ഞാന ശാഖകളില്‍ വിഹരിച്ച ആ മഹാമനീഷി ക്രി. 722ല്‍ (ഹി. 104) മക്കയില്‍ നിര്യാതനായി.