Skip to main content

ഖതാദ ഇബ്‌നു ദആമ

''മനഃപാഠ ശേഷിയില്‍ ഖതാദയെ വെല്ലാന്‍ ബസ്വറയില്‍ മറ്റൊരാളുണ്ടായിരുന്നില്ല.  കേട്ടതൊന്നും ഹൃദിസ്ഥമാക്കാതെ വിട്ടില്ല അദ്ദേഹം.  ഒറ്റത്തവണവായിച്ചു കേട്ടാല്‍മതി.  അത് പിന്നീട് മറക്കില്ല ഖതാദ'' അഹ്മദുബ്‌നു ഹമ്പല്‍ ഖതാദയുടെ ഓര്‍മശക്തിയെ വര്‍ണിച്ചതാണിത്.  ജന്‍മനാ അന്ധനായ ഖതാദയുടെ കാര്യത്തില്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു.

ക്രി.വ. എട്ടാം നൂറ്റാണ്ടില്‍ ബസ്വറയില്‍ ജീവിച്ചിരുന്ന താബിഈ പണ്ഡിത വിസ്മയമായിരുന്നു ഖതാദത്തുബ്‌നു ദആമസ്സദൂസി. ക്രി. 680 (ഹി. 61)ല്‍ ജനനം.

അന്ധനായിട്ടും വിജ്ഞാനത്തോടുള്ള അടങ്ങാത്ത ദാഹവുമായി വളര്‍ന്നു അദ്ദേഹം. ഖുര്‍ആനിലും ഹദീസിലും മറ്റാരെയും കവച്ചു വെക്കുന്ന വ്യുല്‍പത്തി നേടി.  എണ്ണമറ്റ പണ്ഡിതരില്‍ നിന്നാണ് അദ്ദേഹം വിജ്ഞാനമാര്‍ജിച്ചത്.  അനസുബ്‌നു മാലിക്, ആമിറുബ്‌നു വാസില, സഈദുബ്‌നുല്‍ മുസയ്യിബ്, നദ്വ്‌റുബ്‌നു അനസ്, ഇക്‌രിമ മൗലാ ഇബ്‌നി അബ്ബാസ്, ഹസനുല്‍ ബസ്വരി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

കേള്‍ക്കുന്നതെന്തും ഹൃദിസ്ഥമാക്കാനുള്ള അപാര കഴിവാണ് ഖതാദയെ പാണ്ഡിത്യത്തിന്റെ നിറകുടമാക്കിയത്.  തന്റെ കാലത്തെ മുഫസ്സിറും (ഖുര്‍ആന്‍ വ്യാഖ്യാതാവ്) മുഹദ്ദിസും (ഹദീസ് വ്യാഖ്യാതാവ്) ആയിരുന്നു അദ്ദേഹം.

അയ്യൂബുസ്സഖ്തിയാനീ, ഇബ്‌നു അബീഅറൂബ, ഔസാഈ, അംറുബ്‌നുല്‍ഹാരിസ്, ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് തുടങ്ങി നിരവധി പണ്ഡിതര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു.

തത്വജ്ഞാനി കൂടിയായിരുന്നു ഖതാദ. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.  ''തന്നെ ഭയപ്പെടുന്നവരോടൊപ്പമായിരിക്കും അല്ലാഹു. അല്ലാഹു കൂടെയുള്ളവര്‍ക്കൊപ്പം അതിജയിക്കാനാവാത്ത സംഘവും കൂട്ടിനുണ്ടാവും.  ഉറങ്ങാത്ത കാവലാളും വഴി തെറ്റിക്കാത്ത മാര്‍ഗദര്‍ശിയും അവര്‍ക്കൊപ്പമുണ്ടാവും.''

ക്രി. 736 (ഹി. 118) ല്‍ ആ വിജ്ഞാന ദീപം പൊലിഞ്ഞു.


 

Feedback