Skip to main content

ഇക്‌രിമ മൗലാ ഇബ്‌നി അബ്ബാസ്

മുഹമ്മദ് നബി(സ)യില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിക്കുകയും 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന പേരില്‍ പ്രസിദ്ധനാവുകയും ചെയ്ത ഇബ്‌നു അബ്ബാസി(റ)ന്റെ ശിഷ്യന്‍, ഇബ്‌നു അബ്ബാസിനു പുറമെ ഇരുനൂറിലധികം സ്വഹാബികളെ കണ്ടയാള്‍, 70ല്‍ അധികം താബിഉകളുടെ  ഗുരുനാഥന്‍ - ഇതെല്ലാമായിരുന്നു ഇക്‌രിമത്തുല്‍ ബര്‍ബരീ, ഇബ്‌നു അബ്ബാസിന്റെ സേവകനായി  ജീവിതം നയിച്ച ഇക്‌രിമ, ഇക്‌രിമ മൗലാ ഇബ്‌നി അബ്ബാസ് എന്ന നാമധേയത്തിലാണ് ചരിത്രത്തില്‍ പ്രസിദ്ധനായത്.

വിശുദ്ധ ഖുര്‍ആനില്‍ ഇക്‌രിമയുടെ ഒന്നാമത്തെ ഗുരു ഇബ്‌നു അബ്ബാസ്(റ) തന്നെയായിരുന്നു.  തന്റെ ശിഷ്യനെ അതിരറ്റ് സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു ഇബ്‌നു അബ്ബാസ്(റ). അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ''എന്നില്‍ നിന്നു കേട്ടതെന്നു പറഞ്ഞ് ഇക്‌രിമ എന്തു പറഞ്ഞുവോ അത് നിങ്ങള്‍ക്ക് സ്വീകരിക്കാം.  കാരണം എന്റെ പേരില്‍ അദ്ദേഹം വ്യാജം പ്രചരിപ്പിക്കില്ല''.

വിജ്ഞാന വഴിയില്‍ വിശ്രമമില്ലാതെ യാത്രചെയ്ത ദേഹമാണ് ഇക്‌രിമ.  മക്കയ്ക്കും മദീനയ്ക്കുമിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം.  ആഫ്രിക്കയിലും യമനിലും ശാമിലും ഇറാഖിലും  ഖുറാസാനിലും അദ്ദേഹം ചുറ്റിസഞ്ചരിച്ച് അവിടങ്ങളില്‍ നിന്ന് അറിവ്‌ശേഖരിച്ചു. ഒപ്പം തന്റെ ചുറ്റില്‍ ഒരുമിച്ചു കൂടിയവര്‍ക്ക് വിജ്ഞാനം വിളമ്പുകയും ചെയ്തു.  ധാരാളം ശിഷ്യരുള്ള താബിഅ്  ആയിരുന്നു  ഇക്‌രിമ.

''ഇക്‌രിമയെക്കാള്‍ ഖുര്‍ആന്‍ ഗ്രഹിച്ചവരായി അധികമാരും കാണില്ല'' എന്ന് ഇമാംശാഫിഈയും ''നമ്മുടെ സഹവാസികളില്‍ അധികവും ഇക്‌രിമയെ പ്രാമാണികനായി സ്വീകരിക്കുന്നവരാണ്'' എന്ന് ഇമാം ഖുബാരിയും പറയുന്നുണ്ട്.

സുഫ്‌യാനുസ്സൗരി പറയുന്നു. ''ആരാധനാ വിഷയങ്ങള്‍ നിങ്ങള്‍ മൂന്നു പേരില്‍ നിന്ന് സ്വീകരിക്കുക.  സഈദുബ്‌നു ജുബൈര്‍, മുജാഹിദ്, ഇക്‌രിമ മൗലാ ഇബ്‌നു അബ്ബാസ് എന്നിവരില്‍ നിന്ന്.

ഖുര്‍ആന്‍ വ്യാഖ്യാനം നിങ്ങള്‍ നാലുപേരില്‍ നിന്ന്‌ സ്വീകരിക്കുക. സഈദുബ്‌നു ജുബൈര്‍, മുജാഹിദ്, ദ്വഹ്ഹാക്ക്, ഇക്‌രിമമൗലാഇബ്‌നി അബ്ബാസ്ഇവരില്‍ നിന്ന്.

ഹി. 105ല്‍ മദീനയില്‍ വെച്ച് അദ്ദേഹം മരിച്ചു.

Feedback