വളര്‍ന്നത് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യുടെ വീട്ടില്‍. രൂപ സാദൃശ്യം ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖി(റ)നോട്. മദീനയിലെ ഹദീസ് പണ്ഡിത നിരയിലെ നേതാവ്. ഇതെല്ലാമായിരുന്നു ഖാസിമുബ്‌നു മുഹമ്മദ് എന്ന താബിഈ പണ്ഡിതന്‍.
ഹിജ്‌റ 35ല്‍ അലിയ്യുബ്‌നു അബീത്വാലിബ് ഖലീഫയായിരിക്കെയാണ് ഖാസിമിന്റെ ജനനം. ഒന്നാം ഖലീഫ അബൂബക്‌റിന്റെ മകന്‍ മുഹമ്മദ് പിതാവും സൗദ മാതാവും. ഖാസിം ജനിച്ചതിന്റെ പിറ്റേ വര്‍ഷം തന്നെ പിതാവ് മരിച്ചു. അങ്ങനെയാണ് പിതൃസഹോദരിയായ ആഇശ(റ)യുടെ സംരക്ഷണയിലെത്തുന്നത്.
ആഇശ(റ)ക്കു പുറമെ പ്രസിദ്ധ സ്വഹാബിമാരായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബൂഹുറയ്‌റ, റാഫിഉബ്‌നു ഖദീജ്, അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്, മുആവിയ, പിതൃസഹോദരി അസ്മാഅ് തുടങ്ങി നിരവധി പേരില്‍ നിന്ന് ഹദീസുകള്‍ പഠിക്കുകയും നിവേദനം ചെയ്യുകയുമുണ്ടായി.
അക്കാലത്ത് മദീനയില്‍ ഫത്‌വ നല്‍കാന്‍ അധികാരമുണ്ടായിരുന്ന പണ്ഡിത സംഘത്തിലെ പത്തു പേരില്‍ (ഏഴു പേരാണെന്നും അഭിപ്രായമുണ്ട്) ഒരാളായിരുന്നു ഖാസിം.
ഇത്രയധികം സ്വഹാബിമാരുമായി ബന്ധമുണ്ടായിട്ടും ഇരുന്നൂറോളം ഹദീസുകള്‍ മാത്രമേ ഖാസിമില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളൂ. നബിവചനത്തിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന സൂക്ഷ്മതയാണ് ഇത് കാണിക്കുന്നത്.
അക്കാലത്തെ മദീനയിലെ രണ്ടാം നിര പണ്ഡിത സമൂഹം വലിയ ആദരവോടെയാണ് ഖാസിമിനെ കണ്ടിരുന്നത്. ''ഖാസിമിനെക്കാള്‍ ശ്രേഷ്ഠനായ ഒരു പണ്ഡിതനെ അദ്ദേഹത്തിന്റെ സമകാലികരില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് അയ്യൂബുസ്സഖ്തിയാനിയും, ഖാസിമുബ്‌നു മുഹമ്മദിനെക്കാള്‍ നബിചര്യ ഗ്രഹിച്ച മറ്റൊരു പണ്ഡിതനെ ഞാന്‍ പരിചയപ്പെട്ടിട്ടില്ലെന്ന് അബുസ്സിനാദും, ഖാസിം ഈ സമുദായത്തിന്റെ പണ്ഡിതനാണെന്ന് മാലിക്കുബ്‌നു അനസും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഹി. 107ല്‍ അദ്ദേഹം നിര്യാതനായി. 108ല്‍ ആണെന്നും അഭിപ്രായമുണ്ട്.