Skip to main content

ആത്മാര്‍ഥത

മനസ്സുകളില്‍ രുപപ്പെടുന്ന വികാര വിചാരങ്ങളാണ് മനുഷ്യനെ വ്യത്യസ്ത കര്‍മങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് മനസ്സിലെ വിചാരവിശുദ്ധി കര്‍മങ്ങള്‍ കുറ്റമറ്റതായി നിര്‍വഹിക്കാന്‍ പ്രേരണ നല്‍കുന്നു. സത്കര്‍മങ്ങളുടെ സ്വീകാര്യതയ്ക്കും അത് പ്രതിഫലാര്‍ഹമായിത്തീരുന്നതിനും നിദാനമാകുന്നത് പ്രവര്‍ത്തിക്കുന്നവന്റെ ഉദ്ദേശ്യശുദ്ധിയാണ്; അഥവാ 'നിയ്യത്ത്'. സത്കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നതിനുള്ള ഉപാധിയായി വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത് ഈ നിയ്യത്താണ്. പ്രകടനപരതയുടെയും കാപട്യത്തിന്റെയും കളങ്കമേല്‍ക്കാതെ അല്ലാഹുവിന്റെ തൃപ്തിമാത്രം മുന്നില്‍ കണ്ട് സത്കര്‍മങ്ങളില്‍ നിരതരാവാനാണ് ഇസ്‌ലാം താത്പര്യപ്പെടുന്നത്. പ്രകടനപരത, കാപട്യം, അഹങ്കാരം തുടങ്ങിയ ദുഷ്ചിന്തകളില്‍ നിന്ന് മനസ്സിനെ ശുദ്ധമാക്കി അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് സത്കര്‍മങ്ങള്‍ ചിട്ടപ്പെടുത്താന്‍ സത്യവിശ്വാസിയില്‍ ഉണ്ടാവേണ്ട സത്ഗുണമാണ് ആത്മാര്‍ഥത (ഇഖ്‌ലാസ്).

മനുഷ്യരുടെ ഇഹപര ജീവിതവിജയത്തിന്റെ അടിസ്ഥാനം അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥത (ഇഖ്‌ലാസ്)യാണ്. മനുഷ്യന്റെ ആജന്മശത്രുവായ പിശാചിന് പോലും ആത്മാര്‍ഥ മനസ്സിന്റെ ഉടമകളെ സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സാധ്യമല്ല. 'പിശാച് പറഞ്ഞു: നാഥാ, നീ എന്നെ വഴിതെറ്റിച്ചതുകൊണ്ട് സത്യമായും അവര്‍ക്ക് ഞാന്‍ ഭൂമിയില്‍ പാപങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ മുഴുവന്‍ വഴിപിഴപ്പിക്കുകയും ചെയ്യും. നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെ ഒഴികെ'' (15:39, 40).

നബി(സ്വ) അരുളി: ''പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യശുദ്ധിയെ അടിസ്ഥാനമാക്കി മാത്രമാണ് വിലയിരുത്തപ്പെടുന്നത്'' (ബുഖാരി-മുസ്‌ലിം). നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ, രൂപങ്ങളിലേക്കോ നോക്കുന്നില്ല. അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണെന്ന് നബി(സ്വ) പഠിപ്പിച്ചു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള നമസ്‌കാരക്കാര്‍ക്ക് നാശമെന്ന് (107:4-7) അല്ലാഹു പറയുന്നു. ധീരനാണെന്ന ഖ്യാതി നേടാന്‍ പോര്‍ക്കളത്തില്‍ ഇറങ്ങുന്നവനും ഉദാരാനാണെന്ന ജനസംസാരത്തിനായി സമ്പത്ത് ചെലവഴിക്കുന്നവനും നരകശിക്ഷക്ക് വിധേയനാകേണ്ടിവരുമെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. ഇവയത്രയും പ്രഥമാദൃഷ്ട്യാ സത്കര്‍മങ്ങള്‍ ആണെന്ന് പറയാന്‍ പറ്റുമെങ്കിലും അത് പ്രവര്‍ത്തിക്കുന്നവന്റെ മനസ്സില്‍ പ്രകടനപരതയും, കാപട്യവും കൂടിക്കലര്‍ന്നതിനാല്‍ ഉദ്ദേശ്യശുദ്ധിനഷ്ടപ്പെടും. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് പ്രവര്‍ത്തിക്കേണ്ട സത്കര്‍മങ്ങളില്‍ ആത്മാര്‍ഥതയില്ലാതെ പോകുമ്പോള്‍ അത് അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷാര്‍ഹമായിത്തീരുന്ന പാപങ്ങളായി മാറുന്നു. ഉമറുബ്‌നുല്‍ഖത്താബ്(റ) പറയുന്നു: നബി(സ്വ) ഇങ്ങനെ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. 'നിശ്ചയും പ്രവര്‍ത്തനങ്ങള്‍ അവയുടെ ഉദ്ദേശ്യങ്ങള്‍(നിയ്യത്തുകള്‍)ക്ക് അനുസരിച്ചു മാത്രമാണ്. സര്‍വമനുഷ്യര്‍ക്കും ലഭിക്കുന്നത് അവര്‍ ഉദ്ദേശിച്ചതുമാത്രമാണ്. ഐഹിക നേട്ടങ്ങള്‍ കരസ്ഥമാക്കുവാനോ അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യുവാനോ ഉദ്ദേശിച്ചാണ് ഒരാള്‍ പലായനം ചെയ്യുന്നതെങ്കില്‍ അവന്നു ലഭിക്കുന്ന നേട്ടം അതുമാത്രമായിരിക്കും (ബുഖാരി-മുസ്‌ലിം).

ഹൃദയശുദ്ധിയോടും, പ്രതിഫലേഛയോടും കൂടി സത്കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമേ മതദൃഷ്ട്യാ അത് അര്‍ഥവത്തായിത്തീരുന്നുള്ളൂ. ഹൃദയങ്ങളിലുള്ളതിനെ വെളിപ്പെടുത്തിയാലും ഗോപ്യമാക്കിയാലും സൂക്ഷ്മമായി അറിയുന്നവന്‍ അല്ലാഹുമാത്രമാണ് അതുകൊണ്ട് തന്നെ അല്ലാഹു അറിയുമെന്നും അവന്‍ പ്രതിഫലം നല്‍കണമെന്നുമുള്ള സത്‌വിചാരമായിരിക്കണം സത്പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാവേണ്ടത്. മനസ്സിനെ മലിനപ്പെടുത്തുന്ന സ്വാര്‍ഥതാത്പര്യങ്ങളില്‍നിന്നും ദുഷ്ചിന്തകളില്‍നിന്നും അതിനെ കാത്തുസൂക്ഷിക്കുന്നതിനാണ് ഇഖ്‌ലാസ് (നിഷ്‌കളങ്കത) എന്നു പറയുന്നത്.

അല്ലാഹു പറഞ്ഞു: കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട്  ഋജുമനസ്‌കരായി  ആരാധന ചെയ്യുവാനും നമസ്‌കാരം നിലനിര്‍ത്താനും ദാനധര്‍മം ചെയ്യുവാനുമല്ലാതെ അവര്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല. അതത്രെ ചൊവ്വായ മതം (98:5).

റസൂല്‍(സ്വ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) പറയുന്നു: വല്ലവനും ഒരു നന്മചെയ്യാന്‍ ഉദ്ദേശിക്കുകയും അതു ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ പൂര്‍ണനന്മയായി അല്ലാഹു അത് രേഖപ്പെടുത്തും. ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പത്തു മുതല്‍ എഴുനൂറും അതില്‍ കൂടുതലും ഇരട്ടി നന്മയായി അത് രേഖപ്പെടുത്തും. അവര്‍ ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിച്ച് അത് ചെയ്യാതിരുന്നാല്‍ അതൊരു പൂര്‍ണനന്മയായി രേഖപ്പെടുത്തും. എന്നാല്‍ അവര്‍ അത് ചെയ്യാന്‍ ഉദ്ദേശിച്ച് അത് പ്രവര്‍ത്തിച്ചാല്‍ ഒരു തിന്മയായി മാത്രമേ അത് രേഖപ്പെടുത്തൂ (ബുഖാരി-മുസ്‌ലിം). ഉദ്ദേശ്യശുദ്ധിക്കുപോലും പ്രതിഫലമുണ്ടെന്നര്‍ഥം.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446