Skip to main content

മൗനം

ആശയാവിഷ്‌കാര സിദ്ധിയുള്ള സവിശേഷ സൃഷ്ടിയാണ് മനുഷ്യര്‍. വിശേഷബുദ്ധികൊണ്ട് അനുഗൃഹീതനായ അവന്‍ വിചാര വികാരങ്ങളെയും വിജ്ഞാനങ്ങളെയും ആവിഷ്‌കരിക്കുമ്പോഴാണ് സമൂഹത്തിലടപെടാന്‍ സാധിക്കുന്നത്. വാചികമായോ, ലിഖിത രൂപത്തിലോ, ആശയങ്ങളെ ആവിഷ്‌കരിക്കുന്ന മനുഷ്യന്റെ അംഗചലനങ്ങള്‍ പോലും ആശയവിനിമയത്തിന് ഉപകരിക്കുന്നവയാണ്. വാമൊഴിയായോ വരമൊഴിയായോ ആശയാവിഷ്‌കാരം നടത്തുമ്പോള്‍ അപരന്റെ അഭിമാനത്തിനോ സമ്പത്തിനോ രക്തത്തിനോ ക്ഷതമേല്‍പ്പിക്കുവാന്‍ ഒരിക്കലും പാടില്ലാത്തതാണ്. നബി(സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ (ഹജ്ജത്തുല്‍ വിദാഇല്‍) മനുഷ്യന്റെ രക്തം, സമ്പത്ത്, അഭിമാനം എന്നിവ മക്ക നാടിന്റെ പവിത്രതപോലെ, ദുല്‍ഹിജ്ജ മാസത്തിന്റെയും അറഫാദിനത്തിന്റെയും പവിത്രതപോലെ ആദരണീയത കല്പിക്കപ്പെടേണ്ടതാണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്. മനുഷ്യന്റെ തൂലികയിലൂടെയോ, നാവിലൂടെയോ പുറത്തു വരുന്ന വാക്കുകള്‍ വിഷം വമിക്കുന്നതായാല്‍ അപരന്റെ ഹൃദയത്തെ അത് മുറിപ്പെടുത്തും. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. ഒരു പക്ഷേ ഒരു നാട് മുഴുവന്‍ കലാപഭൂമിയായി മാറാന്‍ നിമിഷാര്‍ധങ്ങള്‍ മതിയാവും. അതുകൊണ്ട് വാക്കുകളെ നിയന്ത്രിക്കാനും നാവിന് കടിഞ്ഞാണിടാനും സാധിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയായി മാറുന്നതെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചു. സംസാരം വര്‍ധിപ്പിക്കുന്നത് കുറ്റങ്ങളിലേക്കുള്ള വഴി എളുപ്പമാക്കുന്നതുപോലെ സംസാരങ്ങള്‍ നിയന്ത്രിക്കുന്നതും ഔചിത്യബോധത്തോടെ മൗനമവലംബിക്കുന്നതും വിശ്വാസിയുടെ അടയാളമായി നബി(സ്വ) പറഞ്ഞു തന്നു.

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലതു സംസാരിക്കട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ (ബുഖാരി, മുസ്‌ലിം).

ആളുകളുടെ സംസാരം കൊണ്ട് മനസ്സ് വേദനിക്കുന്ന അവസ്ഥയെ മറികടക്കാന്‍ മര്‍യമിനോട് അല്ലാഹു കല്‍പിക്കുന്നത് മൗനവ്രതം ആചരിക്കാനാണ്. വ്രതം അനുഷ്ഠിക്കുമ്പോള്‍ സംസാരിക്കാതെ മൗനമവലംബിക്കുന്ന സമ്പ്രദായം യഹൂദരുടെ പതിവായിരുന്നു. ഇസ്‌ലാം പഠിപ്പിക്കുന്ന വ്രതാനുഷ്ഠാനവും ചൈതന്യവത്തവാണമെങ്കില്‍ അനാവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ വാക്കും നോക്കും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. സംസാരിക്കുന്നതിനേക്കാള്‍ മൗനമവലംബിക്കുക എന്നത് സൂക്ഷ്മതയുടെ ഭാഗമായി വിശ്വാസി ശീലിച്ചെടുക്കേണ്ട സദ്ഗുണമായിത്തീരുന്നത് അതുകൊണ്ടാണ്. വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന സകരിയ്യ(അ)നബിക്ക് യഹ്‌യാ എന്ന പേരുള്ള കുഞ്ഞുണ്ടാവാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: റബ്ബേ, എനിക്ക് എങ്ങനെയാണ് ഒരു കുട്ടിയുണ്ടാവുക! എനിക്ക് വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു. എന്റെ ഭാര്യ വന്ധ്യയുമാകുന്നു. എല്ലാഹു പറഞ്ഞു: അപ്രകാരം തന്നെയാണ് (കാര്യം). അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. റബ്ബേ എനിക്ക് ഒരു അടയാളം ഏര്‍പ്പെടുത്തിത്തരണേ! അവന്‍ പറഞ്ഞു: നിന്റെ അടയാളം, സൂചനയായിട്ട് (ആംഗ്യം മുഖേന) അല്ലാതെ മൂന്ന് ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും വൈകീട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം ചെയ്തുകൊള്ളുക (3:40, 41).

വ്രതം എന്നത് ദുഷ്ടചിന്തകളില്‍നിന്നം തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രതിരോധം തീര്‍ക്കുന്ന ശക്തമായ ഒരു പരിച ആണ്. ആ വ്രതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അനുഷ്ഠിക്കുന്നതോടെ ശീലിച്ചെടുക്കേണ്ടതുണ്ട്. അനാവശ്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കാനും മൗനം പാലിക്കുന്നതിലൂടെ സൂക്ഷ്മത കാണിക്കാനുമുള്ള പക്വതയാണ് വിശ്വാസിക്ക് വേണ്ടത്. ജനങ്ങളെ അനാവശ്യ ചോദ്യങ്ങളും ആക്ഷേപങ്ങളും മറികടക്കാന്‍ സകരിയ്യ നബിക്ക് അല്ലാഹു ഒരു ദൃഷ്ടാന്തമായി കൊടുക്കുന്നതും ആംഗ്യഭാഷയിലൂടെയല്ലാതെ മൂന്ന് ദിവസം സംസാരിക്കാതിരിക്കുക എന്നതാണ്. രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും രണ്ട് കാലുകള്‍ക്കിടയിലുള്ളതും നല്ല നിലയില്‍ സൂക്ഷിച്ചുകൊള്ളാമെന്ന് ആരെങ്കിലും ഉറപ്പ് നല്‍കുകയാണെങ്കില്‍ അവര്‍ക്ക് സ്വര്‍ഗം നല്‍കാമെന്നും റസൂല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നാവിനെയും ഗുഹ്യാവയവത്തെയും അനുവദനീയ മാര്‍ഗത്തിലൂടെ മാത്രം സൂക്ഷ്മതയോടെ ഉപേയാഗിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അത് സുഗമമാക്കുമെന്നാണ് പ്രവാചകന്‍(സ്വ) പറഞ്ഞതിന്റെ പൊരുള്‍. മിക്കപ്പോഴും സംസാരം അധികരിപ്പിക്കുന്നതാണ് പാപങ്ങള്‍ പെരുകാന്‍ ഇടയാകുന്നത്. ഒടുവില്‍ വേദനിക്കേണ്ടി വരികയും ചെയ്യും.  
 


 

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446