Skip to main content

സ്‌നേഹം

സ്‌നേഹം എന്നത് മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജന്മസിദ്ധ വികാരമാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഏവരും കൊതിക്കുന്നു. സഹജമായ ഈ മോഹം സഫലമാവുമ്പോള്‍ മനഃസമാധാനം ലഭിക്കുന്നു. സ്‌നേഹദാരിദ്ര്യം കൊണ്ട് മനസ്സ് അശാന്തി അനുഭവിക്കുകയും ചെയ്യുന്നു.

സ്‌നേഹം നല്‍കാന്‍ സത്യവിശ്വാസം വ്യക്തിയെ പ്രേരിപ്പിക്കുന്നു. സ്‌നേഹത്തിന്റെ ആദാനം പ്രദാനത്തിന് വഴിയൊരുക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ദാഹജലം അനിവാര്യമായപോലെ സാമൂഹിക ബന്ധങ്ങള്‍ കിളിര്‍ക്കാന്‍ സ്‌നേഹത്തിന്റെ നീരുറവ നിര്‍ബന്ധമാണ്. അത് വറ്റി വരളുമ്പോള്‍ മനുഷ്യമനസ്സുകള്‍ ഊഷരമാകുന്നു. ഹൃദയകവാടങ്ങള്‍ തുറക്കാനുള്ള താക്കോലുകള്‍ ആണ് സ്‌നേഹം. മനുഷ്യമനസ്സുകളെ അഗാധമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് സ്‌നേഹം.

മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍, സഹോദരിസാഹോദരന്മാര്‍, കുടുംബങ്ങള്‍, നാട്ടുകാര്‍, കൂട്ടുകാര്‍, വീട്, നാട്, സമ്പത്ത്, കൗതുകവസ്തുക്കള്‍, പ്രകൃതി എന്നിവയോടൊക്കെ മനുഷ്യന് സ്‌നേഹമുണ്ടാകാറുണ്ട്. ഇവയൊക്കെ സ്വാഭാവികവും നൈസര്‍ഗികവുമായ സ്‌നേഹമാണ്. എന്നാല്‍ എപ്പോഴും പരമമായ സ്‌നേഹം പ്രപഞ്ചനാഥനായ അല്ലാഹുവിനോടായിരിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ''പറയുക; നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നഷ്ടം നേരിടുമോയെന്ന് ഭയപ്പെടുന്ന കച്ചവടവും ഏറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളും ആണ് അല്ലാഹുവിനേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാന പരിശ്രമങ്ങളേക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെങ്കില്‍ അല്ലാഹു തന്റെ കല്പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്ന് കൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (9:24).

മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന് ഇസ്‌ലാം ഏറെ പ്രാമുഖ്യം നല്‍കുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് മതിയായ സ്‌നേഹവും കാരുണ്യവും വാത്‌സല്യവും മാതാപിതാക്കളില്‍ നിന്നു ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ സന്തതികളോട് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ഇതിന്റെ സമസ്ത തലങ്ങളും ഉള്‍ച്ചേര്‍ന്നത് കാണാം. 'എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ' (17:24). മാതൃശിശുബന്ധം സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ഉജ്വലവും സജീവവുമായ പ്രക്രിയയാണ്. ഉമ്മയുടെ നിരുപാധിക സ്‌നേഹം എന്ന വലിയ അനുഗ്രഹം ആസ്വദിച്ചു കൊണ്ട് കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഉമ്മയോട് തനിക്കും ബാധ്യതകളേറെയുണ്ടെന്ന് കുട്ടി തിരിച്ചറിയണം. കുട്ടിക്ക് പിതാവില്‍നിന്ന് ലഭിക്കേണ്ടത് നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പാഠങ്ങളാണ്. സ്‌നേഹവും അംഗീകാരവും കൊതിക്കുന്ന കുട്ടിയോട് സ്‌നേഹം പ്രകടിപ്പിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും മാതാപിതാക്കള്‍ തയ്യാറായാല്‍ കുട്ടിയുടെ വ്യക്തിത്വത്തില്‍ വികാസമുണ്ടാവും.

നല്‍കുന്നവര്‍ക്ക് തിരിച്ചു ലഭിക്കുന്ന അമൂല്യനിധിയാണ് സ്‌നേഹം. അതുകൊണ്ട് തന്നെ സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്നതിന് പകരം പ്രകടിപ്പിക്കുകയാണ് വേണ്ടത്, അക്കാര്യത്തിലും നബി(സ്വ) മാതൃകയായിരുന്നു.
 
ഒരിക്കല്‍ നബി(സ്വ) തന്റെ പേരമകന്‍ ഹസനെ ചുംബിച്ചു. അപ്പോള്‍ അഖാഅ്ബ്‌നുഹാബിസ്(റ) അടുത്തുണ്ടായിരുന്നു. ഇതു കണ്ട അഖാഅ് പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട് അവരില്‍ ഒരാളെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''സ്‌നേഹിക്കാത്തവന്‍ സ്‌നേഹിക്കപ്പെടുകയില്ല'' (ബുഖാരി).

കുട്ടികളോട് കുശലാന്വേഷണം നടത്തിയും അവരോടൊത്ത് സമയം ചെലവഴിച്ചും സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രവാചകന്‍(സ്വ) ശ്രമിച്ചിരുന്നു. അബൂഹുറയ്‌റ പറയുന്നു: ഒരു ദിവസം നബി തിരുമേനി വീട്ടില്‍ നിന്ന് പുറപ്പെട്ടു. ഞാനും നബിയോടൊപ്പമുണ്ടായിരുന്നു. ഖൈനുഖാഅ് അങ്ങാടിയിലെത്തും വരെ ഞങ്ങളൊന്നും ഉരിയാടിയില്ല. പിന്നീട് ഞങ്ങള്‍ ഫാത്വിമയുടെ വീട്ടുമുറ്റത്തിരുന്നു. പ്രവാചകന്‍ ചോദിച്ചു: കുഞ്ഞുമോന്‍ അവിടെയുണ്ടോ? കുഞ്ഞുമോന്‍ അവിടെയുണ്ടോ? ഫാത്വിമ അല്പം താമസിച്ചാണ് കുട്ടിയെ പ്രവാചകന്റെ അടുക്കലേക്കയച്ചത്. അവര്‍ കുട്ടിയെ മാലയണിക്കുകയോ കുളിപ്പിക്കുകയോ ആണെന്നെനിക്ക് തോന്നി. അല്പം കഴിഞ്ഞപ്പോള്‍ കുട്ടി പ്രവാചകന്റെ അടുക്കല്‍ വന്നു. അവിടുന്ന് കുട്ടിയെ കൈപിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു. അല്ലാഹുവേ നീ ഇവരെ സ്‌നേഹിക്കേണമേ, ഇവനെ സ്‌നേഹിക്കുന്നവനെയും സ്‌നേഹിക്കേണമേ (ബുഖാരി).

അല്ലാഹുവെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന വിശ്വാസിയുടെ മനസ്സില്‍ നിന്നുള്ള നിറഞ്ഞ സംതൃപ്തി പുഞ്ചിരിയായി വിടരണം. സഹജീവികളോടും പ്രായത്തില്‍ ഇളയവരോടും മുതിര്‍ന്നവരോടും ദുര്‍ബലരോടും ആ സ്‌നേഹത്തിന്റെ പ്രകടഭാവങ്ങള്‍ കാണിക്കണം.  സ്വാര്‍ഥ താത്പര്യങ്ങളില്ലാതെ സ്‌നേഹം നല്‍കിയാല്‍ സ്‌നേഹിക്കപ്പെടാതിരിക്കില്ല. അല്ലാഹുവിന് പ്രിയപ്പെട്ടവനായിത്തീര്‍ന്നപോലെ കൂടെ ജീവിക്കുന്നവര്‍ക്കും ഇഷ്ടപ്പെട്ടവനായിത്തീരാന്‍ ഈ നിഷ്‌കളങ്കസ്‌നേഹം കാരണമാവും.


 

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446