Skip to main content

വിശ്വസ്തത

സത്യവിശ്വാസത്തിന്റെ അനിവാര്യതയാണ് വിശ്വസ്തത അഥവാ 'അമാനത്ത്'. അല്ലാഹു പറയുന്നു: ''നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക എന്ന്'' (4;58). സത്യവിശ്വാസികളുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കവെ അല്ലാഹു പറയുന്നു: ''തങ്ങളുടെ കരാറുകളിലും അമാനത്തുകളിലും നിഷ്‌കര്‍ഷത പാലിക്കുന്നവരാണവര്‍'' (23:8). നബി(സ്വ) അരുളി: ''വിശ്വസ്തതയില്ലാത്തവന് വിശ്വാസമില്ല. കരാര്‍ പാലിക്കാത്തവന് ദീനുമില്ല'' (അഹ്മദ്). ജീവിതത്തിന്റെ മുഴുവന്‍ മേഖലകളുമായി ബന്ധപ്പെട്ടതാണ് അമാനത്ത്. സംസാരത്തിലെ സ്വകാര്യതയുടെ സംരക്ഷണം വിശ്വസ്തതയുടെ ഭാഗമാണ്. പ്രവാചകന്‍(സ്വ) പറയുന്നു: ''ഒരാള്‍ മറ്റൊരാളോട് ഒരു കാര്യം പറഞ്ഞ് പിരിഞ്ഞുപോയാല്‍ അതൊരമാനത്താണ്. അത് രഹസ്യമാക്കിവെക്കാന്‍ അയാളാവശ്യപ്പെട്ടില്ലെങ്കിലും'' (അബൂദാവൂദ്).

ചുമതലാബോധം അമാനത്താണ്. ഏല്‍പിക്കപ്പെടുന്ന തൊഴില്‍ സത്യസന്ധമായി പൂര്‍ത്തിയാക്കണം. അതിന്റെ ലംഘനം വഞ്ചനയാണ്. അത് അമാനത്ത് പൂര്‍ത്തീകരണത്തില്‍ ഭംഗം വരുത്തുന്നു. നബി(സ്വ) പറഞ്ഞു: 'ആരെയാണോ നാം ജോലിയില്‍ നിശ്ചയിക്കുന്നത്, അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കലും നമ്മുടെ ബാധ്യതയാണ്; അവകാശപ്പെട്ടതില്‍ കൂടുതലെടുക്കുന്നത് വഞ്ചനയും' (ബയ്ഹഖി, അബൂദാവൂദ്).

മാതാപിതാക്കള്‍, മക്കള്‍, ദമ്പതികള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരോടെല്ലാമുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കല്‍ അമാനത്തിന്റെ ഭാഗമാണ്. നബി(സ്വ) അരുള്‍ ചെയ്തു. ''നിങ്ങളെല്ലാം കൈകാര്യകര്‍ത്താക്കളാണ്, തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരും. ഭരണാധികാരി തന്റെ ഭരണീയരെ കുറിച്ച് ചോദിക്കപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിലെ കാരണവരാണ്. കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവനും. സ്ത്രീ ഭര്‍തൃഗൃഹത്തിലെ സംരക്ഷകയാണ്. തന്റെ നിയന്ത്രണത്തിലുള്ളവയെക്കുറിച്ച് ചോദിക്കപ്പെടുന്നവളും. ഭൃത്യന്‍ തന്റെ യജമാനന്റെ സമ്പത്തിന്റെ സംരക്ഷകനും അതേകുറിച്ച് ചോദിക്കപ്പെടുന്നവുമാണ്'' (ബുഖാരി).

വഞ്ചനയെ ഇസ്‌ലാം കണിശമായി വിലക്കുന്നു. നരകശിക്ഷക്കു നിമിത്തമാകുന്ന കുറ്റകൃത്യമായി കണക്കാക്കുന്നു. അല്ലാഹു പറയുന്നു ''വിസ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത് (8:27).

പ്രവാചകന്‍(സ്വ) പറഞ്ഞതായി അദിയ്യബ്‌നു ഉമൈറ ഉദ്ധരിക്കുന്നു: ''നാം നിങ്ങളിലാരെയെങ്കിലും എന്തെങ്കിലും ജോലി ഏല്‍പിക്കുകയും എന്നിട്ട് അയാള്‍ ഒരു സൂചിയോ അതിനേക്കാള്‍ ചെറുതോ ആയ വല്ലതും ഒളിപ്പിച്ചുവെക്കുകയോ ആണെങ്കില്‍ അത് ഒരു വഞ്ചനയാണ്. പുനരുത്ഥാന നാളില്‍ അയാള്‍ അതുമായാണ് വരിക'' (മുസ്‌ലിം). വാക്കിലോ പ്രവൃത്തിയിലോ വിശ്വസ്തതയ്ക്ക് മങ്ങലേല്ക്കുംവിധം വഞ്ചന കടന്നുകൂടിയാല്‍ അത് കാപട്യത്തിന്റെ അടയാളമായിട്ട് നബി(സ്വ) വിശദീകരിച്ചു. നബി(സ്വ) പറയുന്നു: നാല് കാര്യങ്ങള്‍ ആരിലുണ്ടോ അവന്‍ തികഞ്ഞ കപടവിശ്വാസിയാണ്. അഥവാ അവയിലൊന്ന് ആരിലെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കുവോളം കാപട്യത്തിന്റെ ഒരംശം അയാളിലുണ്ടായിരിക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനോടും സ്വന്തം മനഃസാക്ഷിയോടും സമൂഹത്തോടും വിശ്വസ്തത പുലര്‍ത്തി ജീവിക്കുന്നവര്‍ക്കേ സജ്ജനങ്ങളില്‍ ഉള്‍പ്പെട്ട് വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ.
 

Feedback