Skip to main content

ക്ഷമ

ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും ആക്ഷേപങ്ങളെയും വിമര്‍ശങ്ങളെയും അക്രമ മര്‍ദനങ്ങളെയും പരിഹാസങ്ങളെയും പീഡനങ്ങളെയുമെല്ലാം സഹനത്തോടെ നേരിടുന്നതിനെയാണ് ക്ഷമ എന്നു പറയുന്നത്. സത്യവിശ്വാസിയുടെ ജീവിതത്തില്‍ മുഴുക്കെ പ്രകടമാവേണ്ട സ്വഭാവ ഗുണമാണ് ക്ഷമ. ആപത്ത് ബാധിക്കുമ്പോഴും അനിഷ്ടകരമായ സംഭവങ്ങളുണ്ടാവുമ്പോഴും വിശ്വാസ ദൃഢത കൊണ്ട് സഹനമവലംബിക്കുന്ന ക്ഷമാശീലര്‍ക്ക് കണക്കറ്റ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. പ്രവാചകന്മാരും അനുചരന്മാരും ക്ഷമയില്‍ ഉത്തമ മാതൃക കാഴ്ച വെച്ചവരായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആനില്‍ 103 സ്ഥലങ്ങളില്‍ ക്ഷമ എന്ന സദ്ഗുണത്തിന്റെ മഹത്വമുദ്‌ഘോഷിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. “അതിനാല്‍ നീ ക്ഷമിക്കുക, ഇഛാ ശക്തിയുള്ള പ്രവാചകന്മാര്‍ ക്ഷമിച്ചതു പോലെ, ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക (46:35). ക്ഷമ പാലിക്കുകയും ക്ഷമ പാലിക്കാന്‍ പരസ്പരമാവശ്യപ്പെടുകയും ചെയ്യുന്നവര്‍ മാത്രമാണ് വിജയം വരിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാകുന്നു. 'കാലം സാക്ഷി! തീര്‍ച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ' (103.1-3). 

ക്ഷമാപൂര്‍വമായ കാത്തിരിപ്പിന്റെ അഹ്ലാദകരമായ പരിസമാപ്തിയുടെ ഉത്തമോദാഹരണമായിട്ടാണ് യഅ്ഖൂബ് നബിയുടെ ജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രിയപുത്രന്‍ യൂസുഫിനെ നഷ്ടപ്പെട്ടു. ശേഷം ഇളയ മകന്‍ കൂടി തന്നില്‍ നിന്ന് തട്ടി മാറ്റപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു 'നന്നായി ക്ഷമിക്കുക തന്നെ. ഒരു വേള അവരെ എല്ലാവരെയും അല്ലാഹു എന്റെ അടുത്തെത്തിച്ചേക്കാം. നിശ്ചയം അവന്‍ സര്‍വജ്ഞനും യുക്തി ജ്ഞാനിയുമാകുന്നു(12:83). വളരെ അന്തസ്സാര്‍ന്ന നിലയില്‍ തന്നെ യഅ്ഖൂബ് നബിക്ക് മക്കളെ തിരിച്ചുകിട്ടുന്നതാണ് ആ ചരിത്രത്തില്‍ നാം കാണുന്നത്. 

സത്യ പ്രബോധനത്തില്‍ അക്ഷമ കാണിച്ച് നീനുവ വാസികളില്‍ നിന്ന് വിട്ടകന്നു പോയ യൂനുസ് നബി(അ) കപ്പല്‍ യാത്രക്കിടയില്‍ ദൈവിക പരീക്ഷണത്തിന് വിധേയനായി. ഒടുവില്‍ പശ്ചാത്താപ വിവശനായി അല്ലാഹുവിനോട് പാപമോചനം തേടിയ യൂനുസ് നബിയെ അല്ലാഹു രക്ഷിക്കുകയും അദ്ദേഹത്തിന് തണലും ആഹാരവും പാനീയവും നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് അല്ലാഹു അദ്ദേഹത്തെ തന്റെ ജനതയിലേക്കു തന്നെ നിയോഗിക്കുകയും പതിനായിരങ്ങള്‍ സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. ക്ഷമാ ശീലര്‍ക്കുണ്ടാകുന്ന ഐഹിക ജീവിതത്തിലെ ശുഭകരമായ പര്യവസാനമാണ് ഈ ചരിത്രത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാനുള്ള പാഠം. 

നബി(സ്വ) പറഞ്ഞു: ''ജനങ്ങളുമായി ഇടപഴകി ജീവിക്കുകയും. എന്നിട്ടവരുടെ ദ്രോഹം ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളോട് കൂടിക്കലരാതെയും അവരുടെ ദ്രോഹം സഹിക്കാതെയും ജീവിക്കുന്ന വിശ്വാസിയെക്കാളുത്തമം'' (ബുഖാരി). പരലോക വിജയവും ക്ഷമാശീലര്‍ക്കാണെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ''മലക്കുകള്‍ അവരെ അഭിവാദ്യം ചെയ്ത് ഇപ്രകാരം പറയും: നിങ്ങള്‍ ക്ഷമ പാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനം ആ പരലോക ഭവനം എത്ര അനുഗ്രഹ പൂര്‍ണം''(13,24).

ക്ഷമ രണ്ടു വിധത്തിലുണ്ട്. ഒന്ന്, തിരിച്ചടിക്കാന്‍ ന്യായവും അതിനുള്ള ശക്തിയും ഉണ്ടായിട്ടും കോപത്തെ നിയന്ത്രിച്ച് മാപ്പു കൊടുക്കുക. രണ്ട്, കടുത്ത ജീവിതാനുഭവങ്ങളുണ്ടാവുമ്പോള്‍ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് വിചാരിച്ച് നിരാശനാവാതെ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മനസ്സിനെ ശാന്തമാക്കുക. അല്ലാഹു പറയുന്നു: 'കുറച്ചൊക്കെ ഭയം, പട്ടിണി, ധന നഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ 'ഞങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ് അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ് എന്നായിരിക്കും അവര്‍ (ക്ഷമാശീലര്‍) പറയുക. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍' (2:155-157). 

പ്രതിസന്ധികള്‍ ജീവിതത്തില്‍ പല രൂപത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രവാചകന്മാരുടെ ചരിത്രത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പാഠവും ക്ഷമ അവലംബിക്കുന്നവരെ അല്ലാഹു സഹായിക്കാമെന്നതാണ്. രോഗ ബാധിതനായ അയ്യുബ് നബി(അ) ക്ഷമാപൂര്‍വ്വം പ്രതീക്ഷയര്‍പ്പിച്ച് അല്ലാഹുവോട് ദൂആ ചെയ്യുന്നു. അല്ലാഹു പ്രവാചകന്റെ രോഗം ഭേദപ്പെടുത്തിക്കൊടുത്തു. അല്ലാഹു കല്പിക്കുന്നു, നിങ്ങള്‍ ക്ഷമകൊണ്ടും പ്രാര്‍ഥനകൊണ്ടും(നമസ്‌കാരം) അല്ലാഹുവിനോട് സഹായം തേടുക. നിശ്ചയം അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്(2:153) ക്ഷാമാലുക്കള്‍ക്ക് സ്വര്‍ഗത്തിലുള്ള ഉന്നത പദവികളെ സംബന്ധിച്ച്, വിശുദ്ധ ഖുര്‍ആനില്‍(25:75) പറയുന്നുണ്ട്. ക്ഷമ എന്ന സദ്ഗുണം വിശ്വാസിയുടെ ജീവിതത്തില്‍ സദാ ഉണ്ടായിരിക്കേണ്ടതാണെന്ന് ഇതെല്ലാം ഓര്‍മിപ്പിക്കുന്നു.

Feedback