സമൂഹ ജീവിയായ മനുഷ്യര്‍ നന്മകളില്‍ പരസ്പരം സഹകരിക്കുകയും തിന്മകളില്‍ നിസ്സഹകരിക്കുകയും ചെയ്തു കൊണ്ടുള്ള ഒരു ജീവിത ക്രമം ശീലിക്കുമ്പോള്‍ മാത്രമാണ് സമാധാനം പുലരുന്നത്. ഗുണ കാംക്ഷാനിര്‍ഭരമായ മനസ്സ് സദാ കാത്തു സൂക്ഷിക്കേണ്ട സത്യവിശ്വാസി, മറ്റുള്ളവര്‍ക്ക് നന്മയും ഉപകാരവും ചെയ്തു കൊടുക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കുകയില്ല. വഴിയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലുള്ള ശാഖയായി പഠിപ്പിച്ച പ്രവാചകന്‍(സ്വ) ഉപകാരങ്ങള്‍ ചെയ്യുന്നതും ഉപദ്രവങ്ങള്‍ നീക്കുന്നതും സത്യവിശ്വാസിയില്‍ സദാ പ്രതിഫലിച്ചു കാണേണ്ട ഒരു സത്ഗുണമായിട്ടാണ് പറഞ്ഞു തന്നിട്ടുള്ളത്. 'ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യം സത്യ വിശ്വാസിയുടെ ജീവിതത്തില്‍ സ്ഥിരതയും കര്‍മ നൈരന്തര്യവും പ്രദാനം ചെയ്യുന്നു. ഭൂമിയിലേക്ക് വേരുകളാഴ്ത്തി ആകാശത്തിലേക്ക് ശാഖകളായി പന്തലിച്ച് നില്ക്കുന്ന വൃക്ഷത്തോടാണ് അല്ലാഹു ഈ വിശുദ്ധ വചനത്തെ ഉപമിക്കുന്നത് (14:24). ഋതുഭേദമില്ലാതെ ഫലങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ആ വൃക്ഷം സത്യവിശ്വാസിയുടെ കര്‍മനിരതമായ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. ഐഹിക ജീവിതത്തില്‍ നന്മയുടെയും പരോപകാരത്തിന്റെയും ഒരായിരം കൈവഴികള്‍ തീര്‍ത്ത് സദാ കര്‍മഗോദയില്‍ വിശ്രമമില്ലാതെ അധ്വാനിക്കുന്ന സത്യ വിശ്വാസി, പ്രത്യുപകാരമോ പ്രതിഫലമോ പ്രശംസാ വാക്യമോ പ്രതീക്ഷിക്കുന്നില്ല. ദൈവപ്രീതിയും വിശാലമായ സ്വര്‍ഗീയ ഭവനമെന്ന പ്രതിഫലവും പാപമോചനമെന്ന പ്രതീക്ഷയും മാത്രമാണ് പരോപകാരിയാവാന്‍ സത്യ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്. സത്യവിശ്വാസിയുടെ ജീവിതത്തില്‍ നിന്ന് പ്രസരിക്കുന്ന അനേകായിരം നന്മകളുടെയും ഉപകാരങ്ങളുടെയും തണലില്‍ അഭയം തേടി നിര്‍വൃതിയടയുന്ന ആവശ്യക്കാരുടെ ദുരിതമനുഭവിക്കുന്നവരുടെയും നിഷ്‌കളങ്ക പ്രാര്‍ഥന ഇഹപര ഗുണത്തിന് അര്‍ഹമാവുന്നു. നന്മയുടെ സഹകാരികളാവാനുള്ള എളിയ ശ്രമം പോലും സമൂഹത്തിന് വലിയ നന്മകള്‍ വരുത്തിവെക്കുമെന്ന സത്ചിന്തയോടെ പ്രവര്‍ത്തിക്കാന്‍ വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുവിന്‍, പാപത്തിലും ശത്രുതയിലും സഹകരിക്കരുത്'' (5:2).
സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായുള്ള ബന്ധം സുഭദ്രമാവുന്നത് ആരാധനകളിലൂടെയാണ്. സൃഷ്ടികളോടുള്ള ബന്ധങ്ങളും ബാധ്യതകളും വിസ്മരിച്ച്, ആരാധന നിരതമായ ജീവിതം നയിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സമൂഹത്തിലെ വ്യക്തികളുമായി ബന്ധം നിലനിര്‍ത്തുന്ന വിധം സംഘടിതമായി നിര്‍വഹിക്കുന്ന രീതിയാണ് നബി(സ്വ) ആരാധനകളുടെ വിഷയത്തില്‍ പഠിപ്പിച്ചിട്ടുള്ളത് ജനങ്ങള്‍ക്ക് വല്ല ഉപകാരം ചെയ്യുന്നതിന് തടസ്സം നില്‍ക്കുകയും ജനങ്ങളെ കാണിക്കാന്‍ വേണ്ടി നമസ്‌ക്കരിക്കുകയും ചെയ്യുന്ന നമസ്‌ക്കാരക്കാര്‍ക്ക് നാശമെന്ന് അല്ലാഹു പറയുന്നു (107:4-7). പ്രസ്തുത സുക്തത്തില്‍ 'അല്‍ മാഊല്‍' എന്നതിന്റെ വിവക്ഷയായി വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത് ഇപ്രകാരമാണ്. കോടാലി, കുലം, തൊട്ടി, അരിപ്പ, ഉള്ളി, ഉപ്പ്, വെള്ളം, തീ മുതലായ പരോപകാരം വസ്തുക്കള്‍ തടയുന്നവര്‍ (തഫ്‌സീറു റാസ്വി) സുചി, പിഞാണം പോലെയുള്ള നിസ്സാരമെന്ന് നമുക്ക് തോന്നുന്ന ചെറിയ ഉപകാരം പോലും ചെയ്യാത്തവരുടെ നമസ്‌കാരം അസ്വീകാര്യം എന്ന് അല്ലാഹു അറിയിക്കുന്നു (തഫ്‌സീര്‍ ജലാലൈനി).
ജനങ്ങളോട് ഇടപഴകി അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണാന്‍ നബി(സ്വ) ശ്രമിച്ചു. മറ്റുള്ളവരുടെ സഹായ സഹകരണങ്ങള്‍ ഉറപ്പുവരുത്തി വേദനിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പോംവഴി കണ്ടെത്താന്‍ തീരുമാനിച്ചു. ഒരിക്കല്‍ അനുചരന്മാരോട് പള്ളിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ അകലെ നിന്ന് ഒരു ഇരുണ്ട അടയാളം തന്റെ നേരെ വരുന്നത് നബി(സ്വ)യുടെ ശ്രദ്ധയില്‍ പെട്ടു. നജ്ദ് ഭാഗത്തുള്ള മുളര്‍ ഗോത്രത്തില്‍ നിന്നു വരുന്ന പട്ടിണിപ്പാവങ്ങളായിരുന്നു അത്. കടുത്ത ദാരിദ്ര്യം നിമിത്തം ഒരു കഷണം വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കി തലയിലൂടെ താഴ്ത്തിയിട്ട് ശരീരം മറച്ചവരായിരുന്നു അവരില്‍ അധികം പേരും ഇതു കണ്ടപ്പോള്‍ നബി(സ്വ)യുടെ മുഖം വിവര്‍ണമായി. വീട്ടില്‍ പോയി വല്ലതും നല്‍കാന്‍ ഉണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ഒന്നും അവിടെയുണ്ടായിരുന്നില്ല. പള്ളിയില്‍ പോയി മധ്യാഹ്‌ന നമസ്‌കാരശേഷം പ്രസംഗ പീഠത്തില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു. 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍, നാളെക്ക് വേണ്ടി എന്താണ് കരുതി വെച്ചതെന്ന് ഒരോ ആത്മാവും ആലോചിച്ചുനോക്കട്ടെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ് (59;18). ദാനം ചെയ്യുന്നതിനെ നിസ്സാരമാക്കരുതെന്നും അതിനാല്‍ ഒരു ദിനാറോ ദിര്‍ഹമോ അല്പം ഗോതമ്പോ ബാര്‍ലിയോ കഴിയുന്നത് ദാനം ചെയ്യുക എന്നും തിരുനബി പറഞ്ഞു. ഒരു കാരക്കക്കീറെങ്കിലും നല്‍കൂ എന്ന് റസൂല്‍(സ്വ) പറഞ്ഞപ്പോള്‍ ഒരു അന്‍സ്വാരി ഒരു സഞ്ചി കാരക്കയുമായി മുന്നോട്ട് വന്നു. പ്രസംഗമധ്യേ പ്രവാചകന്‍(സ്വ) അത് ഏറ്റു വാങ്ങി. നബി(സ്വ) അത്യധികം സന്തോഷിക്കുന്നുണ്ടായിരുന്നു. ഉദാരമതിയായ അന്‍സാരിയുടെ നല്ല മാതൃക പിന്‍പറ്റി മറ്റുള്ളവരും വീടുകളിലേക്ക് പോയി. പണവും വസ്ത്രവും ഭക്ഷണ വസ്തുക്കളുമായി തിരിച്ചെത്തി. അങ്ങനെ പള്ളിയില്‍ ഭക്ഷ്യ വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും രണ്ട് കുമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതു കണ്ട പ്രവാചകന്‍(സ്വ)യുടെ മുഖം പൗര്‍ണമി പോലെ വെട്ടിത്തിളങ്ങി. എന്നിട്ടവ പട്ടിണിപാവങ്ങള്‍ക്കു വിതരണം ചെയ്തു (മുസ്‌ലിം).
സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപരിയായി മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്വഭാവമുണ്ടായിരിക്കണമെന്ന് തിരുനബി അനുചരരെ പഠിപ്പിച്ചു. മറ്റുള്ളവര്‍ അനുഭവിക്കുന്ന ദുഃഖം സ്വന്തം ഹൃദയ വേദനയായി കണ്ട് പരിഹാരം കാണാന്‍ ശ്രമിച്ചു. സ്വന്തം ആവശ്യങ്ങളെല്ലാം പരിഹരിച്ച് മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുകയായിരുന്നില്ല അവരുടെ രീതി. സ്വന്തം ആവശ്യങ്ങളെ തൃണവല്‍ഗണിച്ച് അന്യന്റെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്ന നന്മ നിറഞ്ഞ മനസ്സ് യുദ്ധക്കളത്തില്‍ പോലും മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഖുര്‍ആന്‍ ആ സദ്ഗുണത്തെ എടുത്തുപറയുകയും ചെയ്തു (59:9).