Skip to main content

സമര്‍പ്പണം

മനുഷ്യരെല്ലാം പരാശ്രയരാണ്. ജീവിത യാത്രയില്‍ മനുഷ്യരെപ്പോഴും അഭയമന്വേഷിച്ചുകൊണ്ടിരിക്കുന്നു.  സര്‍വകാര്യങ്ങളിലും ആശ്രയമായി അവലംബിക്കാവുന്ന സങ്കേതങ്ങള്‍ ഭൂമിയില്‍ ഉള്ളത് നശ്വരം മാത്രമാണ്. അതു കൊണ്ടു തന്നെ പ്രപഞ്ചത്തിലെ ഏതിലെങ്കിലും അഭയമന്വേഷിക്കുന്നവര്‍ അനിവാര്യമായും അസ്വസ്ഥതക്കടിമപ്പെടുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ ജീവിതത്തിലെ സര്‍വകാര്യങ്ങളിലും സര്‍വശക്തനായ അല്ലാഹുവില്‍ സമര്‍പ്പിച്ച് അവനില്‍ അഭയം തേടുന്നവരാണ്. ഇതാണ് തവക്കുല്‍ (ഭരമേല്പിക്കല്‍). പരിമിതമായ സാധ്യതകളും കഴിവുകളും ഉപയോഗപ്പെടുത്തി ചെയ്യാന്‍ കഴിയുന്നത് നിര്‍വഹിച്ച ശേഷം സര്‍വജ്ഞനായ അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചു ജീവിക്കുക എന്നത് സത്യവിശ്വാസിയില്‍ പ്രകടമാകുന്ന സദ്ഗുണം കൂടിയാണ്. അല്ലാഹുവില്‍ ഭരമേല്പിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍(3:160).  പ്രവാചകന്മാരും അവരുടെ പാത പിന്തുടര്‍ന്ന വിശ്വാസികളും പൂര്‍ണമായും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അത്് പ്രഖ്യാപിക്കുകയും ചെയ്യുന്നു.  മുഹമ്മദ് നബി(സ്വ)യോട് അല്ലാഹു ആവശ്യപ്പെട്ടതും അവനില്‍ സര്‍വം സമര്‍പ്പിച്ച് സധൈര്യം ദൗത്യ നിര്‍വ്വഹണവുമായി മുന്നോട്ട് പോകാനാണ്.  എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ പറയുക. എനിക്ക് അല്ലാഹു മതി.  അവനല്ലാതെ ദൈവമില്ല  ഞാനവനില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. മഹത്തായ സിംഹാസനത്തിന്റെ നാഥനാണവന്‍ (9:129).


അല്ലാഹുവില്‍ ഭരമേല്പിക്കുന്നതുകൊണ്ടുള്ള ഗുണഗണങ്ങളും അല്ലാഹുവും റസൂലും(സ്വ) നമുക്ക് വിശദീകരിച്ചുതന്നിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും ധൈര്യവും സ്ഥൈര്യവും നല്‍കുന്നതോടൊപ്പം ഭയാശങ്കകള്‍ക്കിടയില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.   'നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ ഭയപ്പെടണം എന്ന് ജനങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവനാണ്' (3:173).


തീക്കുണ്ഡത്തിലെറിയപ്പെട്ടപ്പോള്‍ ഇബ്‌റാഹീം നബിക്കും, ജനശൂന്യവും ജലശൂന്യവും ഫലശൂന്യവുമായ മക്കാ താഴ്‌വരയില്‍ തനിച്ചു താമസിക്കേണ്ടിവന്നപ്പോള്‍ ഹാജറിനും ധൈര്യപൂര്‍വം 'ഞങ്ങള്‍ക്ക് അല്ലാഹു മതി' എന്ന് പറയാന്‍ കഴിഞ്ഞത് സത്യവിശ്വാസത്തിന്റെ കരുത്തില്‍ സമര്‍പ്പണം എന്ന സദ്ഗുണം അവരെ ജീവിതത്തെ പരിവര്‍ത്തിച്ചപ്പോഴാണ്.


സര്‍വശക്തനായ അല്ലാഹുവില്‍ സര്‍വവും സമര്‍പ്പിച്ച് പ്രവര്‍ത്തനങ്ങളോ മൂന്നൊരുക്കങ്ങളോ ആസൂത്രണമോ നടത്താതെ അലസരും അശ്രദ്ധരുമായി ജീവിക്കാന്‍ ഇസ്്‌ലാം കല്പിക്കുന്നില്ല. ഗുണകരമായത് സംഭവിക്കുവാനും ദോഷകരമായതിന്റെ വിപത്ത് തടയാനും മനുഷ്യസാധ്യമായതു ചെയ്തശേഷം അതിനപ്പുറമുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായത്തിന്നായി അവനില്‍ സമര്‍പിക്കുക എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകകളായിരുന്ന പ്രവാചകന്മാരുടെ ജീവിതത്തില്‍ കര്‍മപദ്ധതികളുടെ ആസൂത്രണവും മുന്നൊരുക്കങ്ങളും അവയുടെ പ്രയോഗവത്കരണവും നമുക്ക് കാണാന്‍ കഴിയും. അല്ലാഹുവിന്റെ കല്പനപ്രകാരം കപ്പലുണ്ടാക്കി അതില്‍ കയറിയതിനാലാണ് നൂഹ് നബിയും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യൂസുഫ് നബി(അ) തന്റെ കാലത്ത് ഈജിപ്തിനെ പിടിച്ചുകുലുക്കുമായിരുന്ന പട്ടിണിയെ പ്രതിരോധിച്ചത് വിളവെടുപ്പ് കാലത്ത് ധാന്യം സൂക്ഷിച്ചുവെച്ചാണ്. ദാവൂദ് നബി(അ)യും സുലൈമാന്‍ നബി(അ)യും വമ്പിച്ച മുന്നേറ്റവും വിജയവും നടത്തിയത് സൈന്യത്തെ സജ്ജീകരിച്ച് ആയുധങ്ങെളൊരുക്കിയാണ്.


ഇസ്ലാമിക ചരിത്രത്തില്‍ പുതിയ സംസ്‌കാരത്തിന്റെ പിറവിയ്ക്കും രാഷ്ട്രനിര്‍മിതിക്കും ഹേതുവായ ഏറ്റവും മഹത്തായ സംഭവമായിരുന്നു ഹിജ്‌റ. നബി(സ്വ) ഹിജ്‌റയുടെ ഭാഗമായി നടത്തിയ ആസൂത്രണവും മുന്നൊരുക്കവും വളരെ പ്രധാനമാണ്. ഹിജ്‌റയ്ക്ക് മുമ്പെ, ചെന്നെത്തുന്ന മദീനയിലെ സുരക്ഷിതത്വം അഖബാ ഉടമ്പടിയിലൂടെ ഉറപ്പുവരുത്തി. യാത്രയ്ക്കാവശ്യമായ വാഹനങ്ങള്‍ സജ്ജീകരിക്കാന്‍ അബൂബക്ര്‍ സ്വിദ്ദീഖ്(റ)നെ ചുമതലപ്പെടുത്തി. ശത്രുക്കള്‍ വീടുവളഞ്ഞപ്പോള്‍ താന്‍ കിടന്നുറങ്ങുന്നുണ്ടെന്ന ധാരണ എതിരാളികളിലുണ്ടാക്കാന്‍ തന്റെ വിരിപ്പില്‍ അലി(റ)യെ കിടത്തി. വീട്ടില്‍നിന്ന് രക്ഷപ്പെട്ട നബിതിരുമേനി(സ്വ) മദീനയുടെ ഭാഗത്തേക്ക് പോകുന്നതിനുപകരം എതിര്‍ദിശയില്‍ സഞ്ചരിച്ചു. ശത്രുക്കളുടെ തിരച്ചിലൊടുങ്ങുംവരെ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നു. അപ്പോള്‍ ആവശ്യമായ ആഹാരം കൊണ്ടുവരാന്‍ അബൂബക്ര്‍ സ്വീദ്ദീഖിന്റെ മകള്‍ അസ്മയെ ചുമതലപ്പെടുത്തി. കുടിക്കാനാവശ്യമായ പാനീയത്തിന് അബൂബക്ര്‍ സ്വീദ്ദീഖിന്റെ ഭൃത്യന്‍ ആമിറിനോട് ആടുകളെ ഗുഹാമുഖത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശത്രുക്കളടെ വിവരമറിയാന്‍ അബൂബക്ര്‍ സ്വിദ്ദീഖിന്റെ മകനെ ചുമതലപ്പെടുത്തി. ഗുഹയിലേക്കുള്ള ചവിട്ടടികള്‍ മായ്ക്കാനായി ആടുകളെ അതുവഴി തെളിച്ചുകൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയശേഷം മദീനയിലേക്ക് സാധാരണ വഴിയിലൂടെ പോകുന്നതിനുപകരം മറ്റൊരു വഴി തെരഞ്ഞെടുത്തു. വഴികാട്ടിയായി മുസ്‌ലിമല്ലാത്ത അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ നിശ്ചയിക്കുകയും ചെയ്തു.


ഇപ്രകാരം മനുഷ്യസാധ്യമായ എല്ലാവിധ ആസൂത്രണങ്ങളും നടത്തി കര്‍മപദ്ധതികളാവിഷ്‌കരിച്ച് അല്ലാഹുവില്‍ സര്‍വവും ഭരമേല്പിച്ചു പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ അവര്‍ മുന്നോട്ടുനീങ്ങി. ആസൂത്രണവും സമര്‍പണവും ലക്ഷ്യബോധവുമാണ് മുസ്്‌ലിംകള്‍ക്ക് തുണയായത്. ഒട്ടകത്തെ കെട്ടിയിട്ടശേഷമാണ് അല്ലാഹുവില്‍ ഭരമേല്പിക്കേണ്ടത് എന്ന് തിരുനബി(സ്വ)പറഞ്ഞതില്‍ നിന്ന് ആസൂത്രണവും സമര്‍പ്പണവും (ഭരമേല്പിക്കലും) പരസ്പരപൂരകമായി സത്യവിശ്വാസിയില്‍ പ്രകടമാവേണ്ട സദ്ഗുണമാണന്ന പാഠം നമുക്ക് പകര്‍ന്നുതരുന്നു.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446