Skip to main content

അവധാനത

മനുഷ്യന്‍ പ്രകൃത്യാ ധൃതി കൂട്ടുന്ന സ്വഭാവക്കാരാണ്. അധ്വാനത്തിന്റെ ഫലം താമസം വിനാ അനുഭവിക്കാനാവണമെന്നും കാത്തിരിപ്പിന്റെ വിരസതയില്ലാതെ കാര്യങ്ങള്‍ നേടിയെടുക്കണെന്നും ഏവരും കൊതിക്കുന്നു. മനുഷ്യപ്രകൃതിയുടെ ഭാഗമായിട്ടുള്ള ധൃതിയെക്കുറിച്ച് അല്ലാഹു പറയുന്നു.

''ധൃതി കൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികാട്ടരുത്'' (21:37).

അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന കാര്യത്തില്‍ പോലും ഈ ധൃതി മനുഷ്യര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. "മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നപോലെ നാശത്തിന് വേണ്ടിയും  പ്രാർഥിക്കുന്നു" (17:11).

'സത്കര്‍മങ്ങളില്‍ നിരതരനാവാന്‍ സത്യവിശ്വാസികള്‍ ധൃതിയും ആവേശവും കാണിക്കേണ്ടത് അനിവാര്യമാണ്. അമാന്തമോ അലസതയോ ഇല്ലാതെ അല്ലാഹുവും നബി(സ്വ)യും പുണ്യകര്‍മങ്ങളായി പഠിപ്പിച്ച് തന്ന കാര്യങ്ങളില്‍ വ്യാപൃതരാവാന്‍ സത്യവിശ്വാസികള്‍ കാണിക്കേണ്ട ഔത്സുക്യം സൂക്ഷ്മതാബോധത്തിന്റെ ഭാഗമാണ്. എന്നാല്‍ സത്യവിശ്വാസികള്‍ കര്‍മങ്ങളില്‍ സ്വീകരിക്കേണ്ട സമീപനരീതി അവധാനത നിറഞ്ഞതായിരിക്കണമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു. ധൃതിയില്ലാതെ അവധാനപൂര്‍വം കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അത് കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ സാധിക്കും. നബി(സ്വ) അരുളി '' നമസ്‌കാരത്തിന് ഇഖാമത്ത് (വിളി) കേട്ടാല്‍ നിങ്ങള്‍ നമസ്‌കരിക്കാനായി നടന്നു ചെല്ലുക. നിങ്ങള്‍ക്ക് ശാന്തതയും ഗാംഭീര്യവും ഉണ്ടായിരിക്കണം. നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങള്‍ക്ക് ലഭിച്ചത് നമസ്‌കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക'' (ബുഖാരി-മുസ്‌ലിം).

ഹജ്ജിന്റെ വേളയില്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രവാചകന്‍(സ്വ) പറഞ്ഞു. മനുഷ്യരേ, നിങ്ങള്‍ക്ക് അച്ചടക്കം (ശാന്തത) അനിവാര്യമാണ്. നന്മ ഒരിക്കലും ധൃതിപ്പെടുന്നതിലല്ല (ബുഖാരി).

ഒരു വാര്‍ത്ത കേള്‍ക്കാനിടവന്നാല്‍ കേട്ട മാത്രയില്‍ അതിന്റെ വസ്തുതകളെയോ, സ്രോതസ്സുകളെക്കുറിച്ചോ ഒന്നും ആലോചിക്കാതെ ഏറ്റു പറയുന്നതും പ്രചരിപ്പിക്കുന്നതും പാടില്ലാത്തതാണ്. കേട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ധൃതിപ്പെട്ട നിലപാടുകള്‍ എടുക്കുന്നതും ശരിയല്ല. അവധാനപൂര്‍വം അത് കൈകാര്യം ചെയ്യുകയാണ് വിശ്വാസികള്‍ക്ക് കാരണീയമായിട്ടുള്ളത്. അവധാനത കാണിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ ''കേട്ട വാര്‍ത്തയെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണമെന്ന് കല്പിക്കുന്നത് (49:6). നബി(സ്വ) അരുളി, നിശ്ചയമായും ഏതൊരുകാര്യത്തില്‍ അവധാനത നഷ്ടപ്പെട്ടാല്‍ അത് അതിനെ ഭംഗിയാക്കാതിരിക്കുകയില്ല. ഏതെങ്കിലും കാര്യത്തില്‍  അത് അതിനെ വികൃതമാക്കാതിരിക്കുകയുമില്ല (മുസ്‌ലിം).

അലസമായി കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നോ, ആവേശപൂര്‍വം സത്കര്‍മങ്ങളില്‍ മുഴുകുന്നതിനെ വിലക്കുക എന്നതോ അല്ല അവധാനത, ശാന്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യതയും സൂക്ഷ്മതയും കാണിച്ച് കര്‍മങ്ങളെ കുറ്റമറ്റതാക്കാന്‍ സഹായകമാവുന്ന സദ്ഗുണമെന്ന നിലക്ക് വിശ്വാസികള്‍ ശീലിക്കേണ്ട ഒന്നാണത്. നബി(സ്വ) അരുളി: ''ശാന്തത ആര്‍ക്കെങ്കിലും നിഷേധിക്കപ്പെട്ടാല്‍ സര്‍വ നന്മയും അവന്ന് നിഷേധിക്കപ്പെട്ടു'' (മുസ്‌ലിം).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446