Skip to main content

സ്ത്രീകള്‍ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍

നബി(സ്വ) ഖബര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയപ്പോള്‍ അത് മരണത്തെയും പരലോകത്തെയും ഓര്‍ക്കാന്‍ ഉപകരിക്കുമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇത് ശരിയെങ്കില്‍ ഈ വിധി സ്ത്രീകള്‍ക്കും ബാധകമല്ലേ ? 

മറുപടി : നബി(സ്വ) ആദ്യ കാലത്ത് ഖബ്ര്‍ സന്ദര്‍ശനം നിരോധിച്ചിരുന്നുവെന്നും പില്‍കാലത്ത് അത് അനുവദിക്കുക മാത്രമല്ല പ്രോത്‌സാഹിപ്പിക്കുകയും ചെയ്തുവെന്നും തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അനുവാദവും പ്രോത്‌സാഹനവും സ്ത്രീകള്‍ക്കും ബാധകമാണോ എന്ന വിഷയത്തില്‍ പൂര്‍വകാലം മുതല്‍ തന്നെ പണ്ഡിതന്‍മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമുണ്ട്. 'ധാരാളമായി ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ റസൂല്‍(സ്വ) ശപിച്ചു'വെന്ന് അബൂഹുറയ്‌റ(റ) പറഞ്ഞതായി തിര്‍മുദീ, ഇബ്‌നുമാജ, അഹ്മദ്, എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം വിലക്കിയത്.  അത് എല്ലാവര്‍ക്കും പൊതുവായി വിലക്കിയിരുന്ന കാലത്താണെന്നും വിലക്ക് നീക്കി അനുവാദം നല്‍കിയത് സ്ത്രീകള്‍ക്കും ബാധകമാണെന്നും അഭിപ്രായപ്പെട്ട ചില പണ്ഡിതന്‍മാരുണ്ട്. ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഖബ്ര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ എന്താണ് പറയേണ്ടത്?''എന്ന് ആഇശ(റ) ചോദിച്ചപ്പോള്‍ ''അസ്സലാമുഅലാ അഹ്‌ലിദ്ദിയാരി മിനല്‍ മുഅ്മിനീന'' എന്ന് ചൊല്ലാന്‍ റസൂല്‍(സ്വ) നിര്‍ദേശിച്ചുവെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ് സ്ത്രീകള്‍ക്ക് ഖബ്ര്‍ സിയാറത്ത് അനുവദനീയമാണ് എന്നു പറയുന്നവര്‍ അവലംബിക്കുന്ന പ്രധാനതെളിവ്.  

Feedback