Skip to main content

ദുഃസ്വഭാവങ്ങളുടെ വര്‍ജനം

സമുന്നതമായ വ്യക്തിത്വവും ഉത്കൃഷ്ടമായ സ്വഭാവ ഗുണങ്ങളുമാണ് സമൂഹത്തില്‍ ഓരോ വ്യക്തിയെയും നല്ല നിലയില്‍ ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്. നമ്മുടെ സഹവാസവും സാന്നിധ്യവും മറ്റുളളവര്‍ക്ക് ഹൃദ്യമാകാന്‍ നാം സദ്ഗുണങ്ങളുടെ ഉടമകളാവേണ്ടതുണ്ട്. സത്‌സ്വഭാവിയാകുമ്പോഴാണ് അയാള്‍ക്ക് സ്‌നേഹവും പരിഗണനയും ആദരവും   ലഭിക്കുന്നത്. പണവും, പദവികളും, പാണ്ഡിത്യവും, പ്രാഗത്ഭ്യവുമൊക്കെയുണ്ടെങ്കിലും ദുസ്വഭാവിയാണെങ്കില്‍ സമൂഹത്തില്‍ അനഭിമതനായി ജീവിക്കേണ്ടി വരും. ദുശ്ശീലങ്ങള്‍ വെടിഞ്ഞ്, ദുസ്വഭാവങ്ങളില്‍ നിന്നെല്ലാം മോചിതനായി ഹൃദയ വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസം പ്രചോദനമായിത്തീരണം. വിശ്വാസത്തിന്റെ മികവ് സ്വഭാവമേന്മയിലത്രെ. പ്രവാചകന്‍ പറയുന്നു. 'സത്യവിശ്വാസത്തില്‍ പൂര്‍ണത പ്രാപിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനും' (തിര്‍മിദി).

തിന്മകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന മനുഷ്യമനസ്സ് ദേഹേഛയെ പിന്‍പറ്റുമ്പോള്‍ ദുര്‍ഗുണങ്ങളില്‍ നിന്ന് മോചിതനാവാന്‍ കഴിയാതെ പോവുന്നു. വിവേചന ബുദ്ധിയും, ചിന്താശേഷിയും മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നുണ്ടെങ്കിലും ദുര്‍ഗുണങ്ങളും ദുഷിച്ച സംസ്‌കാരവും അവനെ കാലികളേക്കാള്‍ അധഃപതിച്ചവനാക്കുന്നു. ദു:സ്വഭാവങ്ങളുടെ വര്‍ജനം മനുഷ്യനെന്ന സൃഷ്ടിയെ ആദരവിന് അര്‍ഹനാക്കുന്നു. കണ്ണും കാതും മനസ്സും ദൈവപ്രീതി കാംക്ഷിച്ച് ഉപയോഗപ്പെടുത്തുന്നതിനു പകരം താന്തോന്നിയായി ജീവിക്കുന്നവര്‍ക്കുള്ള നിന്ദ്യമായ ശിക്ഷയെക്കുറിച്ച് അല്ലാഹു താക്കീത് നല്‍കിയിട്ടുണ്ട്. 'ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട് അതുപയോഗിച്ച് അവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട് അതുപയോഗിച്ച് അവര്‍ കേട്ട് മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍' (7:179). അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ഉദാത്ത മാതൃകയാണ് ജീവിതത്തില്‍ നാം അനുധാവനം ചെയ്യേണ്ടത്. അല്ലാഹു പ്രവാചകന്നു(സ്വ) നല്‍കിയ ഏറ്റവും സവിശേഷമായ പ്രശംസ  'ഉത്തമ സ്വഭാവത്തിനുടമ' എന്നതാണ്. മാനുഷികമായി റസൂല്‍(സ്വ)യില്‍ സംഭവിച്ചുപോയ പിഴവുകള്‍ അല്ലാഹു തിരുത്തുകയും ചെയ്തിട്ടുണ്ട്. സത്‌സ്വഭാവത്തിന്റെ മഹിതമാതൃക കാഴ്ചവെച്ചതാണ് റസൂല്‍(സ്വ)യുടെ ദൗത്യം ജനങ്ങള്‍ വളരെ വേഗത്തില്‍ ചെവിക്കൊള്ളുന്നതിന് കാരണമായത് എന്ന് കൂടി അല്ലാഹു അറിയിക്കുന്നു. ''നീ കഠിന മനസ്‌കനും പരുഷ  സ്വഭാവിയുമായിരുന്നെങ്കില്‍ (നിന്റെ കൂടെയുളളവരെല്ലാം) നിന്നില്‍ നിന്ന് വിട്ടകന്നുപോകുമായിരുന്നു''(3:159).

സത്യവിശ്വാസവും സത്കര്‍മവും ആണ് ആന്ത്യന്തിക വിജയത്തിലേക്ക് നയിക്കുന്നത്. ഒരു സത്യവിശ്യാസിയുടെ സ്വഭാവദൂഷ്യം ദുര്‍ഗുണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള കഴിവില്ലായ്മ, വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നിവ കാരണം അയാള്‍ക്ക് ജനങ്ങളില്‍ നിന്ന് അതൃപ്തി സമ്പാദിക്കേണ്ടി വരുന്നു. ആരാധന കര്‍മങ്ങളിലുള്ള പോരായ്മകള്‍ പരമകാരുണികനായ അല്ലാഹു ഉദ്ദേശിച്ചാല്‍ പൊറുത്തു തന്നേക്കാം. എന്നാല്‍ മനുഷ്യരോടുളള സമീപനത്തിലെ കുഴപ്പങ്ങളും ദുഃസ്വഭാവങ്ങളും സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും അതൃപ്തിക്ക് കാരണമാവുന്നു.

നബി(സ്വ) പറഞ്ഞു: 'ആരാധനകളില്‍ ദൗര്‍ബല്യമുളളവനെങ്കിലും ഉത്തമ സ്വഭാവം കാരണമായി അടിമ പരലോകത്ത് മഹത്തായ പദവിയും ശ്രേഷ്ഠമായ സ്ഥാനവും നേടുന്നു. എന്നാല്‍ സ്വഭാവദൂഷ്യം കാരണമായി അടിമ നരകത്തിന്റെ അടിത്തട്ടിലെത്തിപ്പെടുന്നു (ത്വബ്‌റാനി). 

ഒരിക്കല്‍ നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു 'അല്ലാഹുവിന്റെ ദൂതരേ, ഒരു സ്ത്രീയുണ്ട്. അവര്‍ തന്റെ നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ദാനധര്‍മങ്ങളുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ സല്‍പേര് നേടിയവളാണ്. പക്ഷേ അവള്‍ അയല്‍ക്കാരെ നാവുകൊണ്ട് ദ്രോഹിക്കുന്നു''. പ്രവാചകന്‍ പറഞ്ഞു. 'ആ സ്ത്രീ നരകത്തിലായിരിക്കും'. അയാള്‍ പിന്നെയുമിങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ ദൂതരേ, മറ്റൊരു സ്ത്രീ വലിയ നമസ്‌ക്കാരക്കാരിയല്ല, നോമ്പെടുക്കുന്നവളുമല്ല, പാല്‍കട്ടി ദാനം ചെയ്യാറുണ്ട്. നാവ് കൊണ്ട് അയല്‍ക്കാരെ അലോസരപ്പെടുത്താറില്ല' പ്രവാചകന്‍(സ്വ) പ്രതിവചിച്ചു: സ്വര്‍ഗാവകാശിയാണ് അവള്‍ (അഹ്മദ്).

മറ്റുള്ളവരോടുള്ള സമീപനവും സ്വഭാവവും പെരുമാറ്റവും മോശമാകുന്നത് ആരാധനകര്‍മങ്ങളുടെ സദ്ഫലങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും അവ നിഷ്ഫലമാകാനിടയാക്കുമെന്നും തദ്ഫലമായി നരകശിക്ഷക്ക് അക്കൂട്ടര്‍ അര്‍ഹരായി തീരുമെന്നും നബി(സ്വ) വ്യക്തമാക്കി. 

ഒരിക്കല്‍ നബി(സ്വ) അനുചരരോട് ചോദിച്ചു: പാപ്പരായവര്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു. ''ഞങ്ങള്‍ക്കിടയിലെ പാപ്പരായവര്‍ ദിര്‍ഹമു ദീനാറും ജീവിത വിഭവങ്ങളുമില്ലാത്തവനാണ്.'' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'എന്റെ സമുദായത്തിലെ പാപ്പരായവര്‍ അന്ത്യദിനത്തില്‍ താന്‍ നിര്‍വഹിച്ച നമസ്‌കാരവും നോമ്പും സകാത്തുമായി വരുന്നവനാണ്. പക്ഷേ അയാള്‍ ഒരാളെ ചീത്ത പറഞ്ഞിരിക്കുന്നു. മറ്റൊരാള്‍ക്കെതിരില്‍ അപവാദം പ്രചരിപ്പിച്ചിരിക്കുന്നു. വേറൊരാളുടെ ധനം അപഹരിച്ചിരിക്കുന്നു. മറ്റൊരാളുടെ രക്തം ചിന്തിയിരിക്കുന്നു. വേറൊരാളെ അടിച്ചിരിക്കുന്നു. അതിനാല്‍ അയാളുടെ നന്മകള്‍ അവര്‍ക്ക് നല്‍കപ്പെടുന്നു. പക്ഷേ ബാധ്യതകള്‍ കൊടുത്തു തീരും മുമ്പെ അയാളുടെ നന്മകള്‍ തീര്‍ന്നു പോയാല്‍ അവരുടെ പാപങ്ങള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തപ്പെടും. അങ്ങനെ ഈ മനുഷ്യന്‍ നരകത്തിലെറിയപ്പെടും''. 

മനുഷ്യന്റെ രക്തം, സമ്പത്ത്, അഭിമാനം എന്നിവയുടെ പവിത്രതക്ക് പോറലേല്‍ക്കാത്തവിധം വാഗ്‌വിചാര കര്‍മങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്ന, സദാ മറ്റുള്ളവര്‍ക്ക് നന്മയുടെ പരിമളം അനുഭവിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരിക്കും സത്യവിശ്വാസികളുടേത്. സദ്ഗുണസമ്പന്നനാവണം വിശ്വാസി എന്നതു പോലെ ദുര്‍ഗുണങ്ങളുടെ വര്‍ജനവും അനിവാര്യവുമാണ്.  
 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446