Skip to main content

ഊഹം

കണക്കുകൂട്ടലുകളും നിഗമനങ്ങളും ജീവിതത്തിലെ പൊതുകാര്യങ്ങളില്‍ മനുഷ്യന് അനിവാര്യമാണ്. ഇത്തരം ഊഹങ്ങളെ കുറ്റമായി കാണാന്‍ കഴിയില്ല. എന്നാല്‍ വ്യക്തികളെക്കുറിച്ച് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ധാരണ മെനയുന്നത് മിക്കപ്പോഴും അവാസ്തവമായിരിക്കും. മിഥ്യാധാരണകളാകുന്ന ഊഹങ്ങള്‍ മിക്കതും കുറ്റകരമാകുന്നുവെന്ന് അല്ലാഹു പഠിപ്പിക്കുന്നു. സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വെടിയുക തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു (49:12).

സത്യവിശ്വാസികളേ എന്ന അഭിസംബോധനയോടു കൂടിത്തന്നെ ഊഹത്തെ കര്‍ക്കശമായി വിലക്കിയത് അത് സാമൂഹ്യ ജീവിതത്തില്‍ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നതിനാലാണ്. ഇത് സംഘര്‍ഷങ്ങളിലേക്കു വരെ എത്തിക്കുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ പരത്തുകയും ചെയ്‌തേക്കാം. ചാരവൃത്തി, പരദൂഷണം, പരനിന്ദ എന്നിവ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നു.

വ്യക്തികളും കക്ഷികളും തമ്മിലുള്ള ഊഹാപോഹങ്ങളാണ് പലപ്പോഴും സാമൂഹ്യ വിപത്തിനൊക്കെ നിമിത്തമാകാറുള്ളത്.

ഐഹിക ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ ചിന്തിക്കാതെ ഊഹാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന സത്യനിഷേധികള്‍ പറയുന്നത് ഇപ്രകാരമായിരിക്കും. ''അവര്‍ പറയുന്നു ജീവിതം നമ്മുടെ ഇഹത്തിലുള്ള ജീവിതം മാത്രമാണ്. നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. കാലമല്ലാതെ നമ്മെ നശിപ്പിക്കുന്നില്ല. (പറയുക) അവര്‍ക്ക് ഈ വാദത്തിന് യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്'' (45:24). അവര്‍ ഊഹിച്ചു പറയുക മാത്രമാണ് ചെയ്യുന്നത് (10:66). 'നിശ്ചയമായും സത്യത്തിന് പകരം ഊഹം ഒട്ടും ഫലം ചെയ്യുകയില്ല'' (53:28).

അല്ലാഹു പറയുന്നു ''നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കണ്ണും കാതും മനസുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ''(17:36). കണ്ണും കാതും മനസുമൊക്കെ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലായാല്‍ അസത്യങ്ങള്‍ പെരുകയും പകയും വിദ്വേഷവും വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്‌തേക്കാം. ഊഹം എന്ന ദുര്‍ഗുണം വര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അസത്യഭാഷണവും അനഭിലഷണീയ പ്രവര്‍ത്തനങ്ങളും ഒഴിവാക്കും. നബി(സ്വ)പറഞ്ഞു. നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. ഏറ്റവും കള്ളമായ ഭാഷണമാണ് (ബുഖാരി മുസ്്‌ലിം). സ്വകാര്യ സംഭാഷണങ്ങളും ഗുഡാലോചനകളും തെറ്റിദ്ധാരണകള്‍ പരത്തുകയും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ക്ക്  അഹിതകരമായത് ചിന്തിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗൂഡസംസാരങ്ങള്‍ ഒഴിവാക്കി പരസ്പരം സദ് വിചാരം നിലനിര്‍ത്തി സൗഹാര്‍ദത്തോടെ ജീവിക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു.  

ഊഹങ്ങള്‍, നിഗമനങ്ങള്‍, തിരുത്തലുകള്‍, കണ്ടെത്തലുകള്‍ ഇവയാണ് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അടിത്തറ. പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്നാണ് ഊഹവും നിഗമനവും ഉണ്ടാവുന്നത്. നിഗമനം ശരിയെങ്കില്‍ കണ്ടെത്തലായി. നിഗമനം തെറ്റെങ്കില്‍ അടുത്ത പരീക്ഷണം ആരംഭിക്കുന്നു. ഇതാണ് ശാസ്ത്രവളര്‍ച്ചയുടെ കണ്ണികള്‍. കേസന്യേഷണങ്ങളുടെ ഗതിയും ഇതുതന്നെ. 

വിശ്വാസ-അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമുള്ള മതരംഗത്ത് ഊഹവും നിഗമനങ്ങളും സ്വീകര്യമേ അല്ല. നിയതമായ പ്രമാണങ്ങളാണ് വിശ്വാസരംഗത്ത് ആധാരം. പ്രമാണം അവഗണിച്ച് ഊഹങ്ങളെ പിന്‍പറ്റിയാല്‍ അന്ധവിശ്വാസമാവും ഫലം.


സാമൂഹിക ജീവിതരംഗത്ത് ഊഹാപോഹങ്ങള്‍ തീര്‍ത്തും വര്‍ജ്യമാണ്. അത് സമൂഹത്തിന്റെ ഭദ്രതയെ ബാധിക്കുന്ന തിന്‍മയായിട്ടാണ് ഭവിക്കുക. അതുകൊണ്ടാണ് ഇസ്‌ലാം ഊഹാപോഹങ്ങളെ കര്‍ക്കശമായി നിയന്ത്രിക്കുന്നത്. 
 

Feedback