മനുഷ്യന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുകയും പരാജയത്തിന് ഹേതുവായിത്തീരുകയും ചെയ്യുന്ന ഒരു ദുര്‍ഗുണമാണ് അലസത. 'മടിയന്‍ മല ചുമക്കുമെന്നത്' കേവലം ഒരു ചൊല്ലല്ല. അലസത പരാജയവും അധോഗതിയും വിളിച്ചുവരുത്തുന്നതിന് പുറമെ ഈ ചെറിയ ആയുസില്‍, നഷ്ടപ്പെടുത്തിയാല്‍ വീണ്ടെടുപ്പിന് മാര്‍ഗമില്ലാത്ത, സമയമെന്ന സുപ്രധാന സമ്പത്തിനെ വൃഥാ നഷ്ടപ്പെടുത്തിയവര്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും. സത്കര്‍മങ്ങള്‍ പ്രവൃത്തിക്കുന്നതില്‍ മത്സരിച്ച് മുന്നേറാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിന്നും സ്വര്‍ഗം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ ധൃതിപ്പെടുക (3:133). രോഗത്തിന് മുമ്പ് ആരോഗ്യത്തെയും വാര്‍ദ്ധക്യത്തിന് മുമ്പ് യൗവനത്തെയും ജോലിത്തിരിക്കിന് മുമ്പുള്ള ഒഴിവു സമയത്തെയും, ദാരിദ്യത്തിന് മുമ്പ് ധന്യതയേയും, മരണത്തിന് മുമ്പ് ജീവിതത്തെയും പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ വിശ്വാസികള്‍ ജാഗരുകരാവണമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തുന്നു.
നബി(സ്വ)യുടെ ജീവിതം നല്‍കുന്ന സന്ദേശം ദൗത്യ നിര്‍വഹണത്തില്‍ വിശാലതയോടെയും ശുഭപ്രതീക്ഷയുടെയും സര്‍വോപരി സ്രഷ്ടാവില്‍ ഭരമേല്‍പ്പിച്ചും മുന്നേറിയപ്പോള്‍ ഇസ്്‌ലാമിന്റെ യശസ്സുയര്‍ത്തുന്ന വിജയങ്ങളുണ്ടായി എന്നതാണ്. ത്യാഗ പരിശ്രമത്തിന്റെ കഠിന പാത തരണം ചെയ്യാനുള്ള റസൂലിന്റെ സന്നദ്ധതയായിരുന്നു വിജയത്തിന് നിദാനം.
അല്ലാഹു പറയുന്നു: അപ്പോള്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക, നിന്റെ രക്ഷിതാവിങ്കലേക്ക് നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക (94:6-8).
ഉഹ്ദ് യുദ്ധ സന്ദര്‍ഭത്തില്‍ ഒരാള്‍ വന്ന് നബിയോട് ഒരു ചോദ്യം. ഈ യുദ്ധത്തില്‍ ഞാന്‍ വധിക്കപ്പെട്ടാല്‍ എന്റെ സ്ഥാനം എവിടെയായിരിക്കും. നബി(സ്വ) പറഞ്ഞു: ''സ്വര്‍ഗത്തില്‍''. ഉടനടി കൈയിലുള്ള കാരക്ക ദൂരേക്ക് വലിച്ചെറിഞ്ഞു യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു. അദ്ദേഹം രക്തസാക്ഷിയാകുന്നതുവരെ അവരോട് പൊരുതി (ബുഖാരി-മുസ്ലിം). നബി(സ്വ) അഞ്ചു നേരത്തെ നമസ്‌കാര ശേഷവും അലസതയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുന്ന പ്രാര്‍ഥന പതിവാക്കിയിരുന്നു. ''അല്ലാഹുവേ, ദുര്‍ബലത, അലസത, ഭീരുത്വം എന്നിവയില്‍ നിന്ന് അല്ലാഹുവോട് രക്ഷതേടുന്നു'' (ബുഖാരി, മുസ്ലിം). നെറ്റിത്തടത്തില്‍ വിയര്‍പ്പു കണവുമായിട്ടാണ് വിശ്വാസി മരണത്തെ കണ്ടുമുട്ടുക എന്ന വചനം സൂചിപ്പിക്കുന്നത് ആലസ്യമില്ലാത്ത കര്‍മനൈരന്തര്യം തന്നെയാണ്.