മനുഷ്യമനസ്സിലെരിയുന്ന ഒരു തീപ്പൊരിയാണ് കോപം. കോപത്തിന് അടിമയാകുന്നതോടെ മനുഷ്യന്‍ നിയന്ത്രണാതീതനാവുന്നു. വിവേകം വികാരത്തിന് വഴിമാറുന്നു. അതോടെ തീര്‍ത്തും അപാകമായ വാക്കുകളും ചെയ്തികളും കുപിതനില്‍ നിന്നുണ്ടാവുന്നു. വിവേകത്തിന്റെയും ശാന്തതയുടെയും ശൈലി സ്വീകരിക്കേണ്ട വിശ്വാസിക്ക് കോപാകുലമായ മനസ്സ് ഒട്ടും ചേര്‍ന്നതല്ല. അനിഷ്ടങ്ങളോട് അസഹിഷ്ണത പ്രകടിപ്പിക്കുന്ന പ്രകൃതമാണ് മനുഷ്യര്‍ക്ക് പൊതുവെ ഉള്ളത്. ആത്മസംയമനം പാലിക്കുകയും കോപത്തെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ സത്യവിശ്വാസി ചെയ്യേണ്ടത്. ഭക്തരുടെ സ്വഭാവം ഖുര്‍ആന്‍ വിവരിക്കുന്നു. 'സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കി വെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍. സത്കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു'(3:134). അബൂഹുറയ്‌റ(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യോട് തനിക്ക് ഉപദേശം നല്‍കാന്‍ അപേക്ഷിച്ചു. അവിടുന്ന് പറഞ്ഞു: ''താങ്കള്‍ കോപിക്കാതിരിക്കുക''. അപേക്ഷ പിന്നെയും ആവര്‍ത്തിച്ചു. അപ്പോഴും അവിടുന്ന് 'കോപിക്കരുതെ'ന്ന ഉപദേശം തന്നെയാണ് നല്‍കിയത് (ബുഖാരി).
കോപത്തിനിടയാക്കുന്ന സാഹചര്യങ്ങളോട് വിവേകപൂര്‍വം പ്രതികരിക്കാനോ അതില്‍ നിന്ന് വിട്ട് നില്‍ക്കാനോ കഴിയാതെ മനുഷ്യന്‍ പലപ്പോഴും പക്വത കളഞ്ഞു കുളിക്കും. ഇവിടെ, റസൂല്‍(സ്വ) കോപത്തെ ഒതുക്കാനുള്ള ചില വഴികള്‍ പറഞ്ഞു തന്നത് ഏറെ ചിന്തനീയമാണ്. പിശാചിന്റെ ഇടപെടല്‍ കാരണം കോപമെന്ന വികാരത്തിന് അടിമപ്പെടുമ്പോള്‍ അല്ലാഹുവിനോട് രക്ഷയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട് ഞാന്‍ അഭയം തേടുന്നുവെന്ന് പറയുന്ന ഒരാളില്‍ നിന്ന് കോപം നീങ്ങിപ്പോകും (ബുഖാരി, മുസ്‌ലിം).
കോപം ശമിക്കാനുള്ള നല്ലൊരു വഴിയായി റസൂല്‍(സ്വ) പഠിപ്പിച്ചത് വുദു എടുക്കുക എന്നതാണ്. അംഗസ്‌നാനം ചെയ്യുന്നതോടെ ശരീരവും മനസ്സും തണുക്കുകയും കോപ മടങ്ങുകയും ചെയ്യും. നില്‍ക്കുമ്പോഴാണ് കോപം വരുന്നതെങ്കില്‍ ഇരിക്കണമെന്നും എന്നിട്ടുമത് ശമിച്ചില്ലെങ്കില്‍ അല്പ സമയം വിശ്രമിക്കണമെന്നും റസൂല്‍ പഠിപ്പിച്ചു (അബൂദാവൂദ്). എത്ര മനഃശാസ്ത്രപരമാണ് ഈ നിര്‍ദേശം?. പകയും വിദ്വേഷവും വിശ്വാസികളോട് വിശേഷിച്ചും പാടില്ലെന്നും അല്ലാഹു കല്പിക്കുന്നു. കോപമുക്തമായ മനസ്സിനായി പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചു. വിശ്വാസികളോട് ഞങ്ങളുടെ ഹൃദയങ്ങളില്‍ നീ പകയുണ്ടാക്കരുതേ, ഞങ്ങളുടെ നാഥാ, നിശ്ചയം നീ ദയാലുവും കരുണാനിധിയുമാണ്' (59:10). കോപം വരുന്നതിനിടയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞാല്‍ ആത്മസംയമനം നിലനിര്‍ത്താന്‍ നമുക്കു കഴിയും. തിന്മയും അതിക്രമവും ചെയ്യുന്നവരോട് വിവേകത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്നതിന് പകരം കോപം കൊണ്ട് കലിതുള്ളുന്നവരായി മാറിയാല്‍ അത് വിപരീത ഫലമുളവാക്കും. സ്വന്തം ചെയ്തിയുടെ പേരില്‍ നാം ഖേദിക്കേണ്ടിവരികയും ചെയ്യും. തെറ്റിനോടുള്ള പ്രതികരണം അസ്ഥാനത്തും അപാകം നിറഞ്ഞതുമാകുമ്പോള്‍ അത് കൂടുതല്‍ വലിയ തെറ്റിനെ സൃഷ്ടിക്കുന്നു.
റസൂല്‍(സ്വ) മാതൃക കാണിച്ചുതന്ന ആത്മസംയമനത്തിന്റെ സമീപനം, ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റിയതാണ് ചരിത്രം കാണിച്ചു തരുന്നത്. നജ്ദിന്റെ ഭാഗത്തു നിന്ന് ഒരു യുദ്ധം അവസാനിപ്പിച്ച് നബി(സ്വ)യും അനുയായികളും മദീനയിലേക്ക് മടങ്ങുകയാണ്. മരങ്ങളുള്ള ഒരു താഴ്‌വരയില്‍ എത്തിയപ്പോള്‍ വിശ്രമിക്കാനുള്ള ഇടങ്ങള്‍ അനുചരര്‍ തേടിയിറങ്ങി. നബി(സ്വ) ഏകനായി ഒരു ഇലന്തമരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാന്‍ പോയിക്കിടന്നു. മയക്കത്തിലേക്ക് വഴുതി വീഴുന്നതിനിടയില്‍ ഒരു ശത്രു മരത്തില്‍ തൂക്കയിട്ട വാളെടുത്ത് നബി(സ്വ)യെ വധിക്കാന്‍ ഒരുമ്പെട്ടു. മുഹമ്മദേ, നിന്നെ ആരു രക്ഷിക്കുമെന്ന അക്രമിയുടെ ചോദ്യത്തിന് അക്ഷോഭ്യനായി നബി പറഞ്ഞു: 'അല്ലാഹ്'. അതുകേട്ട അയാളുടെ കൈയില്‍ നിന്ന് വാള്‍ താഴെ വീഴുകയും നബി(സ്വ) ആ വാളെടുക്കുകയും ചെയ്തു. ഘാതകനായി മുന്നില്‍ വന്ന ശത്രുവെ ഒന്ന് ഭീതിപ്പെടുത്താന്‍ പോലും ഒരുമ്പെടാതെ നബി(സ്വ) അയാള്‍ക്ക് മാപ്പു കൊടുത്തു. തന്നെ വകവരുത്താവുന്ന സാഹചര്യമുണ്ടായിട്ടും തനിക്ക് മാപ്പു നല്‍കി വിട്ടുവീഴ്ച കാണിച്ച നബി(സ്വ)യുടെ സമീപനം ആ മനുഷ്യന്‍ ഗോത്രസമേതം ഇസ്‌ലാം ആശ്ലേഷിക്കാന്‍ കാരണമായി(ബുഖാരി, മുസ്‌ലിം). ഇബ്‌നുല്‍ ജൗസി ഇങ്ങനെ രേഖപ്പെടുത്തുന്നു. 'നിന്റെ ഇണ കോപിക്കുകയും അരുതാത്തത് പറയുകയും ചെയ്താല്‍ നീയത് ഗൗരവത്തിലെടുക്കരുത്. അപ്പോള്‍ അയാള്‍ സംഭവിക്കുന്നതെന്തെന്ന് അറിയാത്ത ലഹരി ബാധിതനെപ്പോലെയാണ്. കുപിതനായ ആളോട് ആത്മസംയമനം പാലിക്കാതെ കടുത്ത വാക്കുകളാല്‍ ആക്ഷേപിച്ചാല്‍ ഭ്രാന്തനോട് പ്രതികാരം ചെയ്യുന്നവനെപ്പോലെയാകും'.
കോപം എന്ന സ്വഭാവദൂഷ്യം കാരണം വ്യക്തി, തന്റെ കുടുംബത്തിലും സമൂഹത്തിലുമൊക്കെ അനഭിമതനായി മാറുന്നു. കോപാന്ധനായി പറഞ്ഞു പോയ ഒരു വാക്ക്, ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു; ഒടുവില്‍ ഖേദിക്കുമെങ്കിലും. അപ്പോഴേക്കുമത് അപരിഹാര്യമായ നഷ്ടം വരുത്തി വച്ചിരിക്കും.
ഏതൊരു മുസ്‌ലിമും, സമൂഹത്തോടുള്ള തന്റെ ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗമായി പ്രബോധനം എന്ന ബാധ്യത കൂടി നിര്‍വഹിക്കേണ്ടതാണ്. വാക്കിലും പ്രവൃത്തിയിലും വരുന്ന വീഴ്ചകള്‍ പ്രബോധിത സമൂഹത്തില്‍ വിപരീത ഫലങ്ങളുണ്ടാക്കും.