മനുഷ്യന്‍ അല്ലാഹുവിന്റെ ആദരണീയ സൃഷ്ടിയാണ്. വിശേഷബുദ്ധികൊണ്ട് അനുഗൃഹീതനായ മനുഷ്യനില്‍ ശാരീരികവും ആത്മീയവുമായ രണ്ടുതരം ശക്തികള്‍ കുടികൊള്ളുന്നു. ദേഹവും ദേഹിയും കൂടിയ സൃഷ്ടി എന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. മനുഷ്യനിലെ ദേഹിയാണ് ദേഹത്തെ അതിന്റെ ലക്ഷ്യത്തിലേക്ക് വഴിനടത്തുന്നത്. മനുഷ്യനില്‍ നിരന്തരമായി ദേഹവും ദേഹിയും തമ്മില്‍ സംഘട്ടനം നടന്നുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങളും മൃഗതൃഷ്ണകളും മനുഷ്യനില്‍ മേല്‍ക്കൈ നേടുന്നത് അവനിലുള്ള ദേഹി അഥവാ ആത്മീയ ശക്തി ദുര്‍ബലമാവുമ്പോഴാണ്. മനുഷ്യന്‍ ദേഹത്തിന്റെ ഇച്ഛാനുവര്‍ത്തികളായി മാറുകയും കടിഞ്ഞാണില്ലാത്ത വിധം മൃഗീയമായ ആസക്തി അവനെ അതിജയിക്കുകയും ചെയ്യുമ്പോഴാണ് ദുര്‍മാര്‍ഗിയായി അധഃപതിച്ച് പോവുന്നത്. മനുഷ്യനെ ദുര്‍മാര്‍ഗിയാക്കുന്നത് സത്യനിഷേധം, ബഹുദൈവ വിശ്വാസം, ദുര്‍ഗുണങ്ങള്‍, ദുരാചാരങ്ങള്‍ എന്നിവയാണ്. ഇത്തരം വഴികേടുകളുടെ ചളിക്കുണ്ടില്‍ മനുഷ്യന്‍ ആണ്ടുപോകുന്നത് അവന്‍ ദേഹേഛക്ക് അടിമപ്പെടുമ്പോഴാണ്. സത്യവിശ്വാസം മുറുകെ പിടിക്കുന്നവരില്‍പോലും സദാ ദേഹേഛക്ക് കടിഞ്ഞാണിട്ട് ജീവിക്കാനുള്ള പരിശീലന മുറകള്‍ അനിവാര്യമാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളുടെ അടിസ്ഥാന ലക്ഷ്യവും വിശ്വാസിയെ ദേഹേച്ഛക്ക് അടിമപ്പെടുന്നതില്‍ നിന്നും വിമോചിപ്പിച്ച് ആത്മീയ ദൃഢീകരണം സാധ്യമാക്കുക എന്നതാണ്.
മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനം ശാസ്ത്രലോകത്തിന് ഇന്നും നിഗൂഢമാണ്. ധര്‍മബോധത്തിന്റെയും ദുഷ്ടതയുടെയും രണ്ട് ശക്തികള്‍ മനുഷ്യമനസ്സിനെ സ്വാധീനിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേഹത്തിന്റെ ഇഛകള്‍ സ്വാനുഭവ തിന്മയുടെ വഴിയില്‍ സഞ്ചരിക്കാനാണ് താത്പര്യപ്പെടുന്നത്. ദുഷ്‌പ്രേരണയില്‍ നിന്ന് മനുഷ്യമനസ്സിനെ വിമോചിപ്പിക്കാന്‍ അല്ലാഹുവിന്റെ കാരുണ്യം അനിവാര്യമാണെന്ന് ഖുര്‍ആന്‍ (12:53) പഠിപ്പിക്കുന്നുണ്ട്. ദേഹേഛക്ക് വശംവദനായി ജീവിക്കുന്നവന്‍ അധാര്‍മികതയില്‍ കൂപ്പുകുത്തുന്നു. നരകം എന്ന നിന്ദ്യമായ പര്യവസാനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു. നരകം ദേഹേച്ഛകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു (ബുഖാരി മുസ്‌ലിം).
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്നതാണു അടിസ്ഥാന വിശ്വാസം. മതത്തിന്റെ ഈ മൗലിക അടിത്തറയില്‍ നിന്ന് മനുഷ്യന്‍ വ്യതിചലിച്ച് മറ്റു പലതിനെയും ആരാധ്യന്മാരായി സ്വീകരിക്കുന്നു. ആരാധ്യന്മാരെ തങ്ങളുടെ ഇച്ഛക്കനുസരിച്ച് മാറ്റുവാന്‍ തയ്യാറാവുന്ന ഇക്കൂട്ടര്‍ ചിന്തിക്കാനോ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ ഗ്രഹിക്കാനോ സന്നദ്ധരല്ല. മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാണെന്ന് അവരെക്കുറിച്ച് ഖുര്‍ആനില്‍ (25:43) പറയുന്നു. 'തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍ (25:44).
ഈ വിശ്വാസം പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംവിധായകനുമായ അല്ലാഹു മാത്രമാണ് സാക്ഷാല്‍ ആരാധ്യന്‍. ഈ പ്രപഞ്ചത്തിന് ഒന്നിലധികം സ്രഷ്ടാവും നിയന്താവുമുണ്ടായിരിക്കുക എന്നത് കേവല ബോധനത്തിന് എതിരുമാണ്.
നീതിയും നന്മയുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. കണിശമായി നീതി മുറ പാലിക്കണം. നന്മയുടെ പാതയില്‍ സഞ്ചരിക്കാനും അനുശാസിക്കപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്കിടയിലേക്ക് പോലും അനീതി കടന്നുവരുന്നത് ദേഹേച്ഛ പിടിമുറുക്കുമ്പോഴാണ്. ഭരണാധികാരിയും പ്രവാചകനുമായ ദാവൂദ് നബിയോട് പോലും അല്ലാഹുവിന്റെ കല്പന ജനങ്ങളില്‍ നീതി മുറയനുസരിച്ച് വിധിക്കാനും ദേഹേച്ഛക്ക് വശംവദനാവാതിരിക്കാനുമാണ് (38:26).
അല്ലാഹുവില്‍ അചഞ്ചല വിശ്വാസമുള്ള ഒരാള്‍ പാരത്രിക ജീവിത്തിലെ നന്മയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവനാണ്. നശ്വരമായ ജീവിതത്തിലെ ഭൗതിക താല്പര്യങ്ങളും സ്വാര്‍ഥമോഹങ്ങളും ദേഹേഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ദുഷ്‌പ്രേരണ നല്‍കുന്നു. പ്രേമം, സമ്പത്ത്, ആര്‍ഭാഡ ജീവിതം, ഭൗതിക സൗകര്യങ്ങള്‍ എന്നിവ സ്വദേഹങ്ങളുടെ ഇഛാനുവര്‍ത്തികള്‍ക്ക് അലങ്കാരവും അതിരുകളില്ലാത്ത സുഖജീവിതത്തിന്റെ ഉപാധികളുമാണ്. ആത്യന്തിക പരാജയം ഇക്കൂട്ടര്‍ക്കാണെന്ന നബി(സ്വ)യുടെ മുന്നറിയിപ്പ് നാം സഗൗരവം പരിഗണിക്കുക നബി(സ്വ) പറഞ്ഞു: ''ദേഹേച്ഛയും നീണ്ട വ്യാമോഹങ്ങളുമാണ് എന്റെ സമുദായത്തിന്റെ മേല്‍ ഞാന്‍ കൂടുതല്‍ ഭയപ്പെടുന്നത്. ദേഹേച്ഛ സത്യത്തില്‍ നിന്ന് അവനെ തെറ്റിക്കും. നീണ്ട വ്യാമോഹം അവരെ പരലോകത്തെ സംബന്ധിച്ച് വിസ്മരിപ്പിക്കും (ബൈഹഖി).''