Skip to main content

ദുര്‍വ്യയം

സമ്പത്തിന്റെ വിനിയോഗത്തില്‍ മിതത്വം സ്വീകരിക്കണമെന്നതാണ് ഇസ്്‌ലാമിന്റെ നിര്‍ദേശം. മിതത്വമാണ് ഇസ്്‌ലാമിന്റെ മുഖമുദ്ര. ദുര്‍വ്യയത്തിനും പിശുക്കിനും മധ്യേയുള്ള വിനിയോഗ രീതിയാണ് മിതത്വം. പരമകാരുണികന്റെ അടിമകള്‍ (ഇബാദുര്‍റഹ്മാന്‍) എന്ന വിശേഷണത്തിന് അര്‍ഹരായവരുടെ സദ് ഗുണങ്ങള്‍ അല്ലാഹു എടുത്തു പറയുന്നു. 'ചെലവു ചെയ്യുകയാണെങ്കില്‍ അമിത വ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍' (25:67).

സമ്പത്തും മറ്റു ജീവിത വിഭവങ്ങളും ഭൂമിയില്‍ മനുഷ്യന് ഒരുക്കിത്തന്നത് അല്ലാഹുവാണ്. മനുഷ്യ ജീവിതത്തിന് വേണ്ട ഉപജീവനത്തിന്റെ വിഭവങ്ങള്‍ ഒരുക്കിത്തരിക എന്നത് അല്ലാഹു ബാധ്യതയായി എറ്റെടുത്തതുമാണ്. ആകാശ ഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്റെയും യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അതുകൊണ്ട് അല്ലാഹു നല്കിയ വിഭവങ്ങള്‍ അവന്‍ നിര്‍ദേശിച്ചതനുസരിച്ച് വിനിയോഗിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവനത്രെ മനുഷ്യന്‍. അല്ലാഹു നല്‍കിയ സമ്പത്ത് അടക്കമുള്ള വിഭവങ്ങള്‍ ദുര്‍വ്യയം ചെയ്യാനുള്ള അവകാശം മനുഷ്യനില്ല. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ആക്ഷേപിക്കുന്നു. 'നീ ധനം ദുര്‍വ്യയം ചെയ്തു കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സുഹൃത്തുക്കളായിരിക്കുന്നു (17:26,27).

വിഭവങ്ങളുടെ ആധിക്യവും സമ്പന്നതയുമാണ് ദുര്‍വ്യയത്തിന് പ്രേരിപ്പിക്കുന്നത്.   സമ്പത്തോ മറ്റ് വിഭവങ്ങളോ കുടുതലുണ്ട് എന്നത് അത് ധൂര്‍ത്തടിക്കാനുള്ള ഉപാധിയല്ല. കാരണം ഭൂമിയിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് അത് വിനിയോഗിക്കാനുള്ള താല്ക്കാലിക ഉടമസ്ഥന്മാരെ മാത്രമാണ് അല്ലാഹു മനുഷ്യനെ ഏല്പിച്ചത്.

ഒരിക്കല്‍ സഅ്ദ്ബന് അബീവഖാസ്(റ) വുദു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വെള്ളം അമിതമായി ചെലവഴിക്കുന്നത് തിരുനബി കാണാനിടയായി. സഅ്‌ദേ, ഏന്താണ് നീ വെള്ളം ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്? തിരു നബി(സ്വ) യോട് സഅ്ദിന്റെ മറു ചോദ്യം. വെള്ളത്തിന്റെ കാര്യത്തിലും ധുര്‍ത്തുണ്ടോ? തിരുനബി പറഞ്ഞു. അതേ, നീ ഒഴുകുന്ന നദിക്കരയില്‍ നിന്നാണ് വുളു എടുക്കുന്നതെങ്കില്‍ പോലും ധൂര്‍ത്തടിക്കരുത്. മിതത്വം എന്നത് വിശ്വാസിയുടെ ജീവിത ശൈലിയാകേണ്ടതാണെന്ന് നബി(സ്വ) ഉണര്‍ത്തുന്നു. 

സമ്പത്തുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ലുബ്ധകാണിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും ദോഷമാത്രമാണ് വരുത്തിവെക്കുന്നത്. അതുപോലെ ദുര്‍വ്യയം വ്യക്തിയെ ദുഷിപ്പിക്കുകയും സമൂഹത്തില്‍ കെടുതികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു. 'നിന്റെ കൈ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും (17:29). 

ധൂര്‍ത്ത്, ദുര്‍വ്യയം എന്നീ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ തബ്ദീര്‍, ഇസ്‌റാഫ് എന്നെല്ലാമാണ്. 'മനുഷ്യര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലെയും പരിധി കവിയല്‍' എന്നാണ് ഇസ്‌റാഫ് എന്ന പദത്തിന് അര്‍ഥം. ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള ഈ പദ പ്രയോഗത്തില്‍ നിന്ന് ജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന അതിരു കവിയലാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ജീവിതവുമായി ബന്ധപ്പെട്ട മറ്റു വ്യാപാര മേഖലകളിലൊന്നിലും (ഉദാ: വിവാഹം, വിദ്യാഭ്യസം, വിദേശം, വാഹനം) ധൂര്‍ത്ത് പാടില്ല. റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ തിന്നുക, കുടിക്കുക, ഉടുക്കുക, ദാനധര്‍മം ചെയ്യുക, ധൂര്‍ത്തും ആഡംബരവും ഇല്ലാതെ.


 

Feedback