ഐഹിക വിഭവങ്ങളുടെയും ശേഷികളുടെയും കാര്യത്തില്‍ മനുഷ്യര്‍ ഭിന്നാവസ്ഥയിലാണ്. സമ്പത്ത്, സൗന്ദര്യം, അറിവ്, അധികാരം, സന്താനങ്ങള്‍, സര്‍ഗശേഷി എന്നിവയിലൊക്കെ ഏറെ വ്യത്യാസങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ കാണുന്നു. ഭിന്ന ജീവിത നിലവാരത്തിലേക്ക് മനുഷ്യന്‍ നീങ്ങുന്നതും അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങളുടെ തോതിലും തരത്തിലുമുള്ള വ്യത്യാസം കാരണമാണ്. സമൂഹമായി ജീവിക്കുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും പേരില്‍ അസന്തുഷ്ടിയും അസഹിഷ്ണുതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ജീവിതത്തില്‍ തനിക്ക് നേടാനാവാത്തത് മറ്റൊരാള്‍ നേടിയെന്നറിയുമ്പോള്‍, അയാള്‍ക്ക് ലഭ്യമായ നേട്ടം നീങ്ങിക്കാണാന്‍ ആഗ്രഹിക്കുകയും അതിന്റെ പേരില്‍ ഈര്‍ഷ്യയും അസന്തുഷ്ടിയും വെച്ചു പുലര്‍ത്തുകയും ചെയ്യുന്നതിനാണ് അസൂയ എന്നു പറയുന്നത്. സ്വന്തം വ്യക്തിത്വത്തെ വികലമാക്കുന്ന ദുര്‍ഗുണമാണ് അസൂയ. അഭിവൃദ്ധിക്കുള്ള മാര്‍ഗം സ്വന്തമായി തേടുന്നതിന് പകരം അന്യരുടെ പതനത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി അസ്വസ്ഥതയുമായി കഴിയുന്ന സങ്കുചിത മനസ്സായിരിക്കും അസൂയാലുവിന്റേത്. ഉമിത്തീപോലെ നീറുന്ന അസൂയാലുവിന്റെ മനസ്സില്‍ സദ്‌വിചാരങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. അസൂയാലുവിന്റെ അകം കലുഷവികാരങ്ങളാല്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ സ്വസ്ഥത നഷ്ടപ്പെടുന്നു. നബി(സ്വ) ഉണര്‍ത്തുന്നു: വിശന്ന രണ്ട് ചെന്നായകളെ ഒരു ആട്ടിന്‍പറ്റത്തിലേക്ക് വിട്ടാല്‍ അവ ആ ആട്ടില്‍ പറ്റത്തില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നാശം അസൂയക്കാരന്‍ ഉണ്ടാക്കുന്നതാണ്. നിശ്ചയമായും അസൂയ മനുഷ്യന്റെ പുണ്യകര്‍മങ്ങളെ തിന്നുനശിപ്പിക്കുന്നതാണ്. അഗ്നി വിറകിനെ തിന്നു നശിപ്പിക്കുന്നത് പോലെ (തിര്‍മിദി).
സങ്കുചിത മനസ്സിന്റെ ഉടമയായ അസൂയാലുവില്‍ നിന്ന് സമൂഹത്തിലെ ഇതര വ്യക്തികള്‍ക്ക് കൂടി ദ്രോഹമുണ്ടാകുന്നതിനാല്‍ അവന്റെ തിന്മയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടേണ്ടതുണ്ട്. അസുയാലു അസൂയപ്പെടുമ്പോള്‍ അവന്റെ വിപത്തുകളില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു (113:5) എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാഹു പഠിപ്പിച്ചു തരുന്നു.
സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവ് അല്ലാഹുവാണ്. ദൈവിക പരീക്ഷണമെന്ന നിലക്ക് ഐഹിക ജീവിതത്തില്‍ അവന്‍ ഇച്ഛിക്കുന്നവിധം മനുഷ്യര്‍ക്ക് ചിലത് നല്‍കുകയും മറ്റു ചിലത് തടയുകയും ചെയ്യുന്നു. നന്മയും, നേട്ടവും ലഭിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ലഭിക്കാത്തതില്‍ അസന്തുഷ്ടിയോ നിരാശയോ പാടില്ല. സുഖൈശ്വര്യങ്ങളില്‍ കഴിയുന്നവരോട് അതിന്റെ പേരില്‍ അസൂയ കാണിക്കാനും പാടില്ല. അല്ലാഹു പറയുന്നു. 'അതല്ല, തന്റെ ഔദാര്യത്തില്‍ നിന്നും അല്ലാഹു ചിലര്‍ക്ക് കൊടുത്തിട്ടുള്ളതില്‍ അവര്‍ ആ ജനങ്ങളോട് അസൂയപ്പെടുന്നുവോ' (4:54).
അസൂയ രണ്ട് കാര്യങ്ങളില്‍ അനുവദനീയമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആനില്‍ പാണ്ഡിത്യം നല്‍കി. എന്നിട്ട് അവന്‍ രാവും പകലും ഖുര്‍ആന്‍ ഓതി ക്കൊണ്ട് നമസ്‌കരിക്കുന്നു. ഒരാള്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കി. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാത്രിയിലും പകലിലും ചെലവഴിക്കുന്നു(ബുഖാരി-മുസ്്‌ലിം). സമ്പത്തും വിജ്ഞാനവും ഒരാളെ അനുഗൃഹീതനാക്കിയത് കാണുമ്പോള്‍ അതുപോലെ നന്മയില്‍ മത്സരിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നത് ആരോഗ്യകരമായ അസൂയയാണ് ഇത് ദുര്‍ഗുണമായി വിലയിരുത്താന്‍ കഴിയില്ല എന്നാണ് അവിടുന്ന് പഠിപ്പിച്ചതിന്റെ പൊരുള്‍.
അന്യരുടെ പരാജയം കൊതിക്കുകയും സ്വന്തം നേട്ടത്തില്‍ സംതൃപ്തനാവാന്‍ കഴിയാതെ അസ്വസ്ഥനാവുകയും ചെയ്യുന്നവനാണ് അസൂയാലു. മനസ്സിന്റെ ഏറ്റവും അധമമായ അവസ്ഥ വന്നുപെടാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. റസൂല്‍(സ്വ) പറഞ്ഞു. 'നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ലേശിപ്പിക്കുകയും ചെയ്യും'(തിര്‍മിദി). സഅ്ദ്ബ്‌നു അബീവഖാസ്വ് സ്വര്‍ഗാവകാശിയാണെന്ന് പ്രവാചകന്‍(സ്വ) അവിടുത്തെ അനുയായികളെ അറിയിച്ചു. അതിനു കാരണം അന്വേഷിച്ച് മൂന്ന് ദിവസം കൂടെ കഴിഞ്ഞ അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസ്വിന് സാധാരണമായതില്‍ കൂടുതലായി ആരാധനാഷ്ഠാനങ്ങളൊന്നും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അദ്ദേഹത്തെ സ്വര്‍ഗാവകാശികളില്‍ പ്രധാന പങ്ക് വഹിച്ചത് അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ പേരില്‍ ആരോടും അസൂയ കാണിക്കാതിരിരുന്നതാണെന്ന് അബ്ദുല്ലാഹ്ബ്‌നു അംറിന് ബോധ്യമായി. അസൂയ അകറ്റി മുഴുവന്‍ മനുഷ്യര്‍ക്കും ഗുണം കാംക്ഷിക്കുന്ന ഹൃദയ വിശാലതയാണ് മുസ്‌ലിമിന്റെ ജീവിതത്തില്‍ സദാ ഉണ്ടാവേണ്ടത്.