ഗര്‍ഭം നാലുമാസം തികയുന്നതിന് മുമ്പായി പ്രസവിക്കപ്പെടുന്ന മാംസപിണ്ഡത്തെ കുളിപ്പിക്കുകയോ അതിനുവേണ്ടി നമസ്‌കരിക്കുകയോ ചെയ്യേണ്ടതില്ല. അതിനെ തുണിയില്‍ പൊതിഞ്ഞു മറവുചെയ്താല്‍മതി. ഇതാണ് പണ്ഡിതന്മാരുടെ സുസമ്മതമായ അഭിപ്രായം. ജനിക്കുമ്പോള്‍ ശബ്ദിക്കുകയോ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോചെയ്യുന്ന കുട്ടിയുടെ പേരില്‍ നമസ്‌കരിക്കേണ്ടതാണെന്നതിലും രണ്ടഭിപ്രായമില്ല. മുഗീറത്തുബ്‌നു ശുഅ്ബ പറയുന്നു. നബി(സ്വ) പറഞ്ഞു: ''ചാപ്പിള്ളയുടെ പേരില്‍ നമസ്‌കരിക്കുകയും അതിന്റെ മാതാക്കളുടെ സൗഖ്യത്തിനും കാരുണ്യത്തിനുംവേണ്ടി പ്രാര്‍ഥിക്കുകയുംവേണം'' (ഇത് ബുഖാരിയുടെ നിബന്ധനപ്രകാരം ഹാകിം ഉദ്ധരിച്ചതാണ്).
എന്നാല്‍ ജനിക്കുമ്പോള്‍ ശബ്ദിച്ചില്ലെങ്കില്‍ നമസ്‌കരിക്കേണ്ടതില്ലെന്നാണ് ഹനഫികളും മാലിക്കികളും പറയുന്നത്. അതിനുള്ള തെളിവ് ജാബിറില്‍ നിന്ന് ഹാകിം ഉദ്ധരിക്കുന്ന ഈ ഹദീസാണ്. നബി(സ്വ) പറഞ്ഞു: ''തികയാതെ പ്രസവിക്കപ്പെട്ട ശിശു ശബ്ദിച്ചാല്‍ അതിന്റെ പേരില്‍ നമസ്‌കരിക്കേണ്ടതും അതിന് അനന്തരാവകാശം ലഭിക്കുന്നതുമാണ്.'' ഇതിന്റെ നിവേദകപരമ്പരയെ സംബന്ധിച്ച് ഇബ്‌നുഹജര്‍ പറഞ്ഞു: ഇതിന്റെ പരമ്പരയിലുള്ള ഇസ്മാഈലുല്‍മക്കീ ദുര്‍ബലനാണ്. ഹാകിം സ്വഹീഹാണെന്ന് പറഞ്ഞതില്‍ അദ്ദേഹത്തിന് ഊഹം സംഭവിച്ചിട്ടുണ്ട് (അല്‍ത്തല്‍ഖീസ്വ് 5: 147).
ശബ്ദിച്ചില്ലെങ്കിലും കുളിപ്പിക്കുകയും നമസ്‌കരിക്കുകയും ചെയ്യണമെന്ന് അഹ്മദും ഇസ്ഹാഖും അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം അത് ആത്മാവുള്ള ഒരു ശരീരമാണ്. നാലുമാസമായാല്‍ ഗര്‍ഭസ്ഥ ശിശുവില്‍ ജീവന്‍ ഊതപ്പെടുമെന്ന് നബി(സ്വ) പറഞ്ഞത് (ബുഖാരി) ഇതിന് പ്രമാണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. തെളിവിന്റെ പ്രാബല്യം ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്.