സത്യനിഷേധികളുടെ കൈകൊണ്ട് വധിക്കപ്പെട്ട രക്തസാക്ഷിക്ക്‌വേണ്ടി നമസ്‌കരിക്കേണ്ടതില്ല. ഉഹ്ദ് യുദ്ധ ത്തില്‍ വധിക്കപ്പെട്ടവര്‍ക്ക് നമസ്‌കരിച്ചിട്ടില്ലെന്ന് ധാരാളം സ്വീകാര്യമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ജാബിറില്‍ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു: ''ഉഹ്ദിലെ രക്തസാക്ഷികളെ അവരുടെ രക്തത്തോട്കൂടി മറവുചെയ്യാന്‍ നബി(സ്വ) കല്പിച്ചു. അവരെ കുളിപ്പിക്കുകയോ അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയോ ഉണ്ടായില്ല.''
അനസില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും ഉദ്ധരിക്കുന്നു: ''ഉഹ്ദിലെ രക്തസാക്ഷികളെ കുളിപ്പിക്കുകയോ അവര്‍ക്കായി നമസ്‌കരിക്കുകയോ ചെയ്തില്ല. അവരുടെ രക്തത്തോടുകൂടി അവര്‍ മറവ് ചെയ്യപ്പെട്ടു.''
എന്നാല്‍ രക്തസാക്ഷികളുടെ പേരില്‍ നമസ്‌കരിച്ചതായും പ്രബല റിപ്പോര്‍ട്ടുകളുമുണ്ട്. ഉഖ്ബത്തുബ്‌നു ആമിറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ''ഒരു ദിനം നബി(സ്വ) പുറത്തുപോയി. അദ്ദേഹം ഉഹ്ദിലെ രക്തസാ ക്ഷികളുടെ പേരില്‍ എട്ടുവര്‍ഷത്തിനുശേഷം മയ്യിത്ത് നമസ്‌കാരംപോലെ നമസ്‌കരിച്ചു. ജീവിച്ചിരിക്കുന്നവ രോടും മരിച്ചവരോടും യാത്ര പറയുന്നതുപോലെ.'' ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ രക്തസാക്ഷികളുടെ പേരിലും നമസ്‌കരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
പ്രവാചകന്റെ അന്ത്യഘട്ടത്തിലെ ഒരു വിടവാങ്ങല്‍ ചടങ്ങ് മാത്രമായിരുന്നു ഈ സ്വലാത്തെന്ന് ഭൂരിപക്ഷവും വ്യാഖ്യാനിക്കുന്നു. എട്ടുവര്‍ഷം ദീര്‍ഘിപ്പിച്ചുവെന്നതും ''സര്‍വരോടും വിടപറയുന്നതുപോലെ'' എന്ന ഹദീസി ലെ പ്രയോഗവുമൊക്കെ ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നു. മാത്രമല്ല, ഇത് പ്രവാചകന്റെ പ്രത്യേകതയാ ണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റു യുദ്ധങ്ങളിലൊന്നിലും ഇപ്രകാരം നമസ്‌കരിച്ചതായി രേഖകളില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്.
രക്തസാക്ഷികളുടെ പേരില്‍ നമസ്‌കരിക്കേണ്ടതില്ലെന്ന ഹദീസ് സ്ഥിരപ്പെട്ടതാണെന്നത് അവിതര്‍ക്കിതമാണ്. അതിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രം ശക്തമായ തെളിവുകളില്ലതാനും.