മയ്യിത്ത് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കേണ്ടതാണ്. അതില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ വീടിനേക്കാള്‍ മൈതാനമാണുത്തമമെന്ന് ഇസ്സബുനു അബ്ദുസ്സലാം ഫത്‌വ നല്കിയിട്ടുണ്ട്. ആഇശ(റ)യില്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ''നൂറാളുകളുള്ള ഒരു മുസ്‌ലിം സമൂഹം ഒരു മയ്യിത്തിന് വേണ്ടി ശിപാര്‍ശചെയ്തുകൊണ്ട് നമസ്‌കരിച്ചാല്‍ അത് സ്വീകരിക്കപ്പെടാതിരിക്കില്ല.''
ഒറ്റയ്ക്ക് നമസ്‌കരിച്ചാലും ബാധ്യതതീരും. നബി(സ്വ)യുടെ ജനാസയ്ക്ക് അപ്രകാരമായിരുന്നു നമസ്‌കരിക്കപ്പെട്ടത്.
ഇമാം ആരാവണം?
മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്കാന്‍ കൂടുതല്‍ അവകാശപ്പെട്ടവര്‍ ഏറ്റവും അടുത്ത ബന്ധുക്കളാണ്. ഈ അഭിപ്രായമാണ് പണ്ഡിതന്മാരില്‍ അധികപക്ഷത്തിന്റേതും. എന്നാല്‍ ഗവര്‍ണറുണ്ടെങ്കില്‍ അദ്ദേഹത്തിന് പ്രഥമസ്ഥാനം നല്കണമെന്ന് അബൂഹനീഫയും മരണമടഞ്ഞയാള്‍ ഒരു വ്യക്തിക്ക് വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ പ്രഥമസ്ഥാനം അയാള്‍ക്കാണെന്ന് മാലിക്കികളും അഭിപ്രായപ്പെടുന്നു. ''ഹസന്‍(റ) മരിച്ചപ്പോള്‍ ഹുസൈന്‍(റ) മദീനയിലെ ഗവര്‍ണറായ സഈദിനോട് നേതൃത്വം നല്കാനാവശ്യപ്പെടുകയും ഇത് സുന്നത്താണെന്ന് പറയുകയുംചെയ്തു''വെന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് ഹാഫിദ്വ് പറഞ്ഞിട്ടുണ്ട്'' (അത്തല്‍ഖീസ്വ് 5: 275).
എന്നാല്‍ അവകാശികള്‍ക്ക് മറ്റൊരാളെ ഏല്പിക്കുന്നതിന് കുറ്റമില്ല. അപ്പോള്‍ വസ്വിയ്യത്ത് ചെയ്തവരുണ്ടെങ്കില്‍ അവരാണ് മുന്‍ഗണനാര്‍ഹര്‍. അബൂബക്‌റിന്റെ വസ്വിയ്യത്തു പ്രകാരം ഉമറും അദ്ദേഹത്തിന്റെ വസ്വിയ്യത്തു പ്രകാരം സുഹൈബും ആഇശയുടെ വസ്വിയ്യത്തു അനുസരിച്ച് അബൂഹുറയ്‌റയും നമസ്‌കരിച്ചുവെന്നത് ഇവിടെ ശ്രദ്ധേയമാണ്.
മറ്റു നമസ്‌കാരങ്ങളിലെ ക്രമംപോലെ, മയ്യിത്തുമായി ഒരേ സ്ഥാനബന്ധമുള്ള അവകാശികള്‍ അധികം പേരുണ്ടായാല്‍ പ്രായം, പാണ്ഡിത്യം തുടങ്ങിയവ പരിഗണിക്കപ്പെടേണ്ടതാണ്.