Skip to main content

കുറ്റവാളികള്‍

ഒരു മുസ്‌ലിം എത്ര തന്നെ അധര്‍മകാരിയായി ജീവിച്ചവനാണെങ്കിലും അവന്‍ മരിച്ചാല്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കപ്പെടേണ്ടതാണ്. ഖൈബര്‍ യുദ്ധദിനത്തില്‍മരിച്ച ഒരു മുസ്‌ലിമിനെക്കുറിച്ച് നബി(സ്വ) പറഞ്ഞു: ''നിങ്ങളുടെ കൂട്ടുകാരന്റെ പേരില്‍ നിങ്ങള്‍തന്നെ നമസ്‌കരിക്കുക. നിങ്ങളുടെ ആ സഹോദരന്‍ ദൈവമാര്‍ഗത്തിലുള്ള ധനത്തില്‍നിന്നും മോഷ്ടിച്ചിരിക്കുന്നു.'' അബൂദാവൂദ് ഉദ്ധരിച്ച ഈ ഹദീസ് സ്വഹീഹാണെന്ന് ശൗകാനി പറഞ്ഞു (നൈലുല്‍ഔത്വാര്‍ 4:84).

നബി(സ്വ) അനുചരന്മാരോട് നമസ്‌കരിക്കാന്‍ കല്പിച്ചതില്‍ നിന്നും പാപികള്‍ക്ക്‌വേണ്ടിയും നമസ്‌കരിക്കേണ്ടതാണെന്ന് വ്യക്തമാവുന്നു. എന്നാല്‍ നബി(സ്വ) നമസ്‌കരിക്കാതിരുന്നത് ഈ പ്രവൃത്തിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനായിരിക്കാം.

കുറ്റംചെയ്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരില്‍ നബി(സ്വ) തന്നെ നമസ്‌കരിച്ചിരുന്നു. ജാബിറി(റ)ല്‍ നിന്ന് ബുഖാരി ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ''വ്യഭിചാരക്കുറ്റം ഏറ്റുപറഞ്ഞ അസ്‌ലം ഗോത്രക്കാരനായ ഒരാളെ നബി(സ്വ)യുടെ കല്പന പ്രകാരം മുസ്വല്ലയില്‍വെച്ച് (പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന മൈതാനം) എറിഞ്ഞുകൊന്നു. അനന്തരം നബി(സ്വ) അയാളെക്കുറിച്ച് നല്ലത് പറയുകയും അയാള്‍ക്ക്‌വേണ്ടി നമസ്‌കരിക്കുകയുംചെയ്തു.''

അുസ്‌ലിമും അബൂദാവൂദും ഉദ്ധരിച്ച ഹദീസില്‍ ജുഹൈന ഗോത്രത്തിലെ ഒരു വനിത ശിക്ഷിക്കപ്പെട്ട ശേഷം പ്രവാചകന്‍(സ്വ) അനുചരന്മാരോടു അവള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ കല്പിക്കുകയും അവര്‍ നമസ്‌കരിക്കുകയുംചെയ്തു.

ആത്മഹത്യ മഹാപാതകമാണെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യചെയ്ത വ്യക്തിയുടെ പേരില്‍ നമസ്‌കരിക്കേണ്ടതുണ്ടോ?

ജാബിറുബ്‌നുസമുറയില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും ഉദ്ധരിക്കുന്നു: ''ഒരാള്‍ വാള്‍മുനകൊണ്ട് സ്വയംവധിക്കുകയുണ്ടായി. അയാള്‍ക്ക്‌വേണ്ടി നബി(സ്വ) നമസ്‌കരിച്ചില്ല.'' ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യചെയ്തവന്റെ പേരില്‍ നമസ്‌കരിക്കേണ്ടതില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വെറുപ്പ് പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് നബി(സ്വ) നമസ്‌കരിക്കാതിരുന്നതെന്നാണ് അധികപണ്ഡിതന്മാരുടെയും പക്ഷം. എന്നാല്‍ നസാഈയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''എന്നാല്‍ ഞാന്‍ അവനുവേണ്ടി നമസ്‌കരിക്കുന്നില്ല.'' ഇത് ഭൂരിപക്ഷാഭിപ്രായത്തെ ബലപ്പെടുത്തുന്നു. ഇമാം അബൂഹനീഫയും മാലികും ശാഫിഈയും ഇവരില്‍പെടുന്നു. ഇമാം മാലിക്(റ) പറഞ്ഞു: ഖിബ്‌ലയിലേക്ക് തിരിയുന്ന എല്ലാവരുടെ പേരിലും നമസ്‌കരിക്കേണ്ടതാണ്. നബി(സ്വ) മുനാഫിഖുകളുടെ പേരില്‍ പോലും നമസ്‌കരിച്ചു. പിന്നീട് അത് വിരോധിക്കപ്പെട്ടു. അതിനാല്‍ ആത്മഹത്യചെയ്തവന്റെ പേരില്‍ നമസ്‌കരിക്കേണ്ടതാണ്'' (അല്‍ബയാനു വത്തഹ്‌സ്വീല്‍ 2:239).

ഇബ്‌നുതൈമിയ്യ പറയുന്നു: ''പ്രവാചകന്‍ വിസമ്മതിച്ച പോലെയും ബിദ്അത്തിന്റെ ആളുകളുടെ പേരില്‍ നമസ്‌കരിക്കാന്‍ സലഫുകള്‍ വിസമ്മതിച്ച പോലെയും ഒരാള്‍ വെറുപ്പ് പ്രകടിപ്പിക്കാന്‍വേണ്ടി വിസമ്മതിക്കുന്നെങ്കില്‍ -അത്കൂടുതല്‍ 'മസ്‌ലഹത്തു'ള്ളതാവുമ്പോള്‍- പ്രവാചകചര്യക്ക് എതിരാവുന്നില്ല'' (ഫതാവാ 24:286).

 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446