മയ്യിത്ത് നമസ്‌കാരം അതിനായി തെരഞ്ഞെടുക്കപ്പെട്ട മൈതാനത്ത് വെച്ച് നിര്‍വഹിക്കുകയാണ് നല്ലത്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജനാസ നമസ്‌കാരങ്ങളിലധികവും 'മുസ്വല്ല'യില്‍വെച്ചായിരുന്നുവെന്ന് ധാരാളം ഹദീസുകളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നജ്ജാശിക്ക് വേണ്ടിയുള്ള നമസ്‌കാരത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍, ''നബി(സ്വ) അവരുമായി മുസ്വല്ലയിലേക്ക് പുറപ്പെട്ടു'' എന്ന് പ്രത്യേകം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മറ്റൊരിടത്ത് രണ്ടു കുറ്റവാളികളെ വധശിക്ഷക്ക് വിധേയരാക്കിയതിനെ സംബന്ധിച്ചു പറയുന്ന ഹദീസില്‍, ''പള്ളിക്കടുത്തുള്ള ജനാസയുടെ സ്ഥലത്തിന്റെ സമീപത്ത് വെച്ച് അവര്‍ എറിയപ്പെട്ടു'' എന്ന് വന്നിരിക്കുന്നു. ഇതൊക്കെ മയ്യിത്ത് നമസ്‌കാരത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന പ്രത്യേകസ്ഥലം പള്ളിക്ക് പുറത്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഹാഫിസ് ഇബ്‌നു ഹജര്‍(റ) പറയുന്നു: ''മദീനാ പള്ളിയോട്‌ചേര്‍ന്നുള്ള കിഴക്കു ഭാഗത്തെ മൈതാനമായിരുന്നു ജനാസക്കുവേണ്ടി നിശ്ചയിക്കപ്പെട്ട മുസ്വല്ല'' (ഫത്ഹുല്‍ബാരി 3:199).
എന്നാല്‍ മലിനീകരണ ആശങ്കയില്ലെങ്കില്‍ മയ്യിത്ത് പള്ളിയില്‍ പ്രവേശിപ്പിക്കുന്നതില്‍ കുറ്റമില്ല. സഅ്ദുബ്‌നു അബീവഖാസ്(റ) മരിച്ചപ്പോള്‍ പ്രവാചകന്റെ ഭാര്യമാര്‍ അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവര്‍ നമസ്‌കരിക്കുകയുംചെയ്തു. തദവസരത്തില്‍ ചിലര്‍ ഇതിനെ ആക്ഷേപിച്ചുകൊണ്ട് പള്ളിയില്‍ ജനാസ പ്രവേശിപ്പിച്ചുകൂടെന്ന് പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ ആഇശ(റ) പറഞ്ഞു: ''സുഹൈലുബ്‌നു ബൈസാഇന്ന്‌വേണ്ടി തിരുദൂതര്‍ പള്ളിയില്‍വെച്ച് തന്നെയായിരുന്നു നമസ്‌കരിച്ചത്'' (മുസ്‌ലിം). ഉമറിന്റെ നേതൃത്വത്തില്‍ അബൂബക്‌റി(റ)ന് നമസ്‌കരിച്ചതും സുഹൈബ്(റ) ഇമാമായിക്കൊണ്ട് ഉമറി(റ)ന് നമസ്‌കരിച്ചതും പള്ളിയില്‍ വെച്ചായിരുന്നു.