ഇതിഹാസ രചയിതാക്കളെയും ചരിത്രപടുക്കളെയും ബന്ധിപ്പിച്ച കണ്ണി ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോദോത്തസ് (ബി സി 480 - 425) ആണ്. ഹെറോദോത്തസിന്റെ സമകാലികനായ തുസിദ്ദിസ് (450 - 400) സംഭവങ്ങളുടെ ഗതി വിവരിക്കുന്നതിലുപരി അവയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയത്. ചരിത്ര സംഭവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി പഠനവിധേയമാക്കാവതല്ലെന്നും സംഭവങ്ങളുടെ ആദിയും അന്ത്യവും ഗ്രഹിക്കുന്നതിലൂടെ മാത്രമേ സമഗ്രമായ പഠനം സാധ്യമാകൂ എന്നും തുസിദ്ദിസ് സമര്‍ഥിച്ചത് വിപ്ലവകരമായ സ്വാധീനമാണ് ചരിത്രപഠന രംഗത്തുണ്ടാക്കിയത്.
വളരെ ഇടുങ്ങിയ മേഖലകളില്‍, ഒന്നോ രണ്ടോ തലമുറകള്‍ക്കപ്പുറം കടന്നുചെല്ലാത്ത വിധമുള്ള ചരിത്രരചന ദൃക്‌സാക്ഷികളില്‍ നിന്ന് നേരിട്ട് തെളിവു സ്വീകരിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. പില്‍ക്കാല ചരിത്രപണ്ഡിതര്‍ക്ക് ഈ രചനകള്‍ നിരൂപണ വിധേയമാക്കാനോ തിരുത്താനോ സാധ്യമായിരുന്നില്ല.
ഗ്രീക്ക് രചനകളുമായി താരതമ്യം ചെയ്യുമ്പോള്‍ റോമന്‍ ചരിത്രാഖ്യാനങ്ങള്‍ക്ക് സാധാരണ നിലവാരമേയുള്ളൂ. റോമന്‍ സേനാ നായകനായിരുന്ന ജൂലിയസ് സീസറും സെറ്റോയും ചരിത്രരചനയില്‍ പ്രാവീണ്യമുള്ളവരായിരുന്നു. തന്റെ രചനകളില്‍ വിവരണം അത്യാകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം പൗരന്‍മാരില്‍ രാജ്യസ്‌നേഹവും പൗരബോധവും ധാര്‍മിക ബോധവും വളര്‍ത്താന്‍ ശ്രമിച്ച ലിവി(ബി സി 59-എ ഡി 17)യും ചരിത്രം ധാര്‍മിക മൂല്യങ്ങളെ പ്രതിഷ്ഠിക്കാന്‍ ഉപയുക്തമാക്കണമെന്ന് വിശ്വസിച്ച ടെക്കിറ്റസ്സു(ബി സി 55-120)മായിരുന്നു റോമാ ചരിത്രകാരന്‍മാരിലെ പ്രമുഖര്‍.