Skip to main content

കാല്പനിക ചരിത്രരചന

പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ഉടലെടുത്ത ഒരു സാഹിത്യപ്രസ്ഥാനമായിരുന്നു കാല്പനികത (Romanticism). യുക്തിവാദത്തിനും കേവല ധൈഷണിക സമീപനത്തിനും എതിരായിരുന്ന കാല്പനികത, ചരിത്രാഖ്യാന രീതിയിലും ഓളങ്ങള്‍ സൃഷ്ടിച്ചു. നിഗൂഢവും വികാരതീവ്രവുമായ മധ്യകാല മാതൃക പുനരാനയിക്കപ്പെട്ടതോടെ പ്രബുദ്ധരചനകളുടെ മുഖമുദ്രയായ യുക്തിയുക്തത ഭാവനാവിലാസത്തിന്റെ ആള്‍ത്താരയില്‍ ബലികഴിക്കപ്പെട്ടു.

ഫ്രാന്‍സില്‍ റൂസ്സോയുടെ കാലത്തോടെ ഉദയം ചെയ്ത ഈ പ്രസ്ഥാനം ജര്‍മനിയിലും ഇംഗ്ലണ്ടിലും മറ്റും പരിപോഷിപ്പിക്കപ്പെട്ടു. കവികളും സാഹിത്യകാരന്‍മാരും രൂപപ്പെടുത്തിയ മാതൃകകളാണ് ചരിത്രകാരന്മാരും അവലംബിച്ചിരുന്നത്. പൗരാണിക കാലഘട്ടത്തിന്റെ തീവ്രസ്മരണയില്‍ മുങ്ങിനിവര്‍ന്ന് പഴയ ദേശീയ സമ്പ്രദായങ്ങളും ചര്യകളും ആശ്ലേഷിച്ച അവര്‍ പ്രചോദനം ഉള്‍ക്കൊണ്ടത് മധ്യകാലഘട്ടത്തില്‍ നിന്നായിരുന്നു. കുരിശുയുദ്ധം, ധീരോദാത്തത (Chivatry), മുസ്‌ലിംകളില്‍ നിന്ന് സ്‌പെയിനിന്റെ വീണ്ടെടുപ്പ്, ഗോതിക് വാസ്തുശില്പം എന്നിവയോട് അവര്‍ അനല്പമായ വികാരതീവ്രത കാട്ടി. പഴമയോടുള്ള വികാരതീവ്രത പ്രകാശിപ്പിച്ചുകൊണ്ട് സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് എഴുതിയ ചരിത്രനോവലിന്റെ പാത പിന്തുടര്‍ന്ന് അത്തരം നോവലുകളുടെ പ്രളയം തന്നെയുണ്ടായി. ഒരു കാലഘട്ടത്തെയും ചരിത്രകാരന് അവഗണിക്കാവതല്ലെന്നും ഓരോ സമൂഹവും തങ്ങളുടെ പ്രതിഭ സാമൂഹിക-സാംസ്‌കാരിക സൗധങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവയ്ക്ക് യുക്തമായ സ്ഥാനം നല്‍കേണ്ടതുണ്ടെന്നും ഉദ്‌ഘോഷിക്കുക വഴി കാല്പനിക ചരിത്രാഖ്യാതാക്കള്‍ വിലപ്പെട്ട സംഭാവനയാണ് ചരിത്രപഠനത്തിന് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സില്‍ ചെതു ബ്രാന്റും അമേരിക്കയില്‍ മോറ്റിലിയും ഇംഗ്ലണ്ടില്‍ കാര്‍ലൈല്‍, മെക്കാളെ എന്നിവരും കാല്പനിക ചരിത്രരചനയുടെ പ്രണേതാക്കളായിരുന്നു.

തോമസ് കാര്‍ലൈല്‍ (1795-1881) കാല്പനികതാ കാലഘട്ടത്തിലെ ആദരണീയനായ ചരിത്രകാരനായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രം കാര്‍ലൈലിന്റെ പ്രധാന നേട്ടമായാണ് ഗണിക്കപ്പെടുന്നത്. ചരിത്രം കാര്‍ലൈലിന് 'ദൈവഗ്രന്ഥ'മാണ്; വിപ്ലവത്തിന്റെ കെടുതികളാകട്ടെ മനുഷ്യന്റെ മേലുള്ള 'ദൈവകോപവും'. 1841ല്‍ പ്രസിദ്ധീകരിച്ച 'ഹീറോ, ഹീറോ വര്‍ഷിപ് ആന്റ് ഹീറോയിക് ഹിസ്റ്ററി' എന്ന ഗ്രന്ഥം കാര്‍ലൈല്‍ ചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ്. 'ഫ്രഞ്ച് വിപ്ലവം' വിശദാംശങ്ങളില്‍ കൃത്യത പുലര്‍ത്തുന്നുണ്ടെങ്കിലും സാമൂഹിക, സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യത്തെ തീരെ അവഗണിച്ചിരിക്കുന്നു.

കാല്പനിക ചരിത്രകാരന്‍മാര്‍ ചരിത്രത്തെ അത്യാകര്‍ഷകമാക്കിയെങ്കിലും അത് സത്യത്തെ ബലികഴിച്ചുകൊണ്ടായിരുന്നു. കോട്ടകൊത്തളങ്ങളിലും ഭദ്രാസനപ്പള്ളികളിലും പ്രകാശിതമായ മനുഷ്യന്റെ കല്പനാശക്തിക്ക് അമിത പ്രാധാന്യം നല്‍കിയ കാല്പനിക ചരിത്രകാരന്‍മാര്‍ ഗൗരവമുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ പാടെ അവഗണിച്ചു. വിധിയിലുള്ള വിശ്വാസം, ഒരു ജനത- ഒരു കാലഘട്ടം അഥവാ ഒരു സംഭവം മറ്റുള്ളവയെക്കാള്‍ മഹത്തരമാണെന്ന് വാദിക്കാന്‍ കാല്പനിക ചരിത്ര രചയിതാക്കള്‍ക്ക് പ്രേരണ നല്കി. 'വെള്ളക്കാരന്റെ ഭാര'(white man's burden)വും 'ആര്യന്‍മാരുടെ നിയോഗ'വും ഈ ചിന്താഗതിയുടെ സന്തതികളാണ്. ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും തങ്ങളുടെ മാര്‍ഗത്തിന്റെ അധീശാധികാരം അടിച്ചേല്പിക്കാന്‍ ആശ്രയിച്ചത് ഈ ചിന്താസരണികളെയായിരുന്നു. കാര്‍ലൈലിനെ തുടര്‍ന്ന് ഹെഗലും മാര്‍ക്‌സും കാല്പനിക വീക്ഷണം ആവാഹിച്ച് ചരിത്രവ്യാഖ്യാനത്തില്‍ തങ്ങളുടേതായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു. 

Feedback