മറ്റു പല വിജ്ഞാനശാഖകളിലും സമ്പന്നമായിരുന്നെങ്കിലും ചരിത്ര ക്രോഡീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലായിരുന്നു. പുരാതന കാലഘട്ടത്തില്‍ അവഗണിക്കപ്പെട്ട ഈ വിജ്ഞാനശാഖ മധ്യകാലത്തോടെ തളിരിട്ട് ആധുനിക കാലത്ത് വളര്‍ന്നു പന്തലിക്കുകയായിരുന്നു. ജീവചരിത്രാഖ്യായികകളായ ഹര്‍ഷചരിത, വിക്രമാങ്കദേവ ചരിത, കുമാരപാല ചരിത എന്നീ രചനകളില്‍ ചരിത്രാംശം കാണാമെങ്കിലും അവ ചരിത്ര വിമര്‍ശന പരീക്ഷണം അതിജീവിക്കാന്‍ കെല്പുള്ളവയല്ല.
പുരാതന ഇന്ത്യയിലെ പ്രധാന ചരിത്രാഖ്യാനം കശ്മീര്‍ രാജാക്കന്‍മാരുടെ ഭരണത്തെ പരാമര്‍ശിക്കുന്ന 'രാജതരംഗി'ണിയാണ്. ചൈനീസ് ഇസ്‌ലാമിക മേഖലകളുമായുള്ള സമ്പര്‍ക്കം കൊണ്ടായിരിക്കണം കശ്മീരില്‍ ചരിത്രരചനാ പാരമ്പര്യം നിലനിന്നിരുന്നത്. എ ഡി 1148-49ല്‍ കശ്മീര്‍ രാജാവായ ജയസിംഹയുടെ കാലത്താണ് മന്ത്രി കല്പകയുടെ പുത്രനായ കാല്‍ഹണ രചിച്ച രാജതരംഗിണി പുറത്തിറങ്ങിയത്. മുന്‍കാല ചരിത്രങ്ങളില്‍ അമിതമായ വിശ്വാസമര്‍പ്പിക്കാതെ നാണയങ്ങള്‍, ഔദ്യോഗിക ഉത്തരവുകള്‍, ലിഖിതങ്ങള്‍ എന്നിവ വിമര്‍ശന വിധേയമാക്കി, കാലഗണനക്ക് ഊന്നല്‍ നല്‍കിക്കൊണ്ടു തേച്ചു മിനുക്കിയ എണ്ണായിരത്തോളം ശ്ലോകങ്ങളിലാണ് അദ്ദേഹം രാജതരംഗിണി രചിച്ചത്. അമിത ഭാവനയില്‍ നിന്നും ആലങ്കാരിക ശൈലിയില്‍ നിന്നും തീര്‍ത്തും വിമുക്തമല്ലെങ്കിലും രാജതരംഗിണി കശ്മീരിന്റെ പ്രാമാണിക ചരിത്രാഖ്യാനമായി കരുതപ്പെടുന്നു. കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും സത്യത്തിന്റെ പരിവേഷം നല്‍കി, അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കിയെങ്കിലും പണ്ഡിതനും നിഷ്പക്ഷമതിയുമായ ചരിത്രകാരനായിരുന്നു കാല്‍ഹണ.