മത നവീകരണമാണ് ജര്‍മനിയിലും ഇംഗ്ലണ്ടിലും ചരിത്രാഖ്യാന അഭിവാഞ്ഛയ്ക്ക് തിരികൊളുത്തിയത്. ജര്‍മന്‍ ചരിത്രരചനകളുടെ ന്യൂനത അവ വിമര്‍ശനാത്മകമല്ലെന്നതാണ്. ട്യൂഡര്‍ കാല ഇംഗ്ലണ്ടില്‍ (1485 - 1603) പള്ളിയുടെ പിടിയില്‍ നിന്ന് മുക്തമായി ചരിത്രരചന ആധുനിക യുഗത്തിലേക്ക് കുതിച്ചുയര്‍ന്നു. ലാറ്റിനു പകരം ഇംഗ്ലീഷ് ഈ കാലത്തെ രചനകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തോമസ് മൂറും വാര്‍ട്ടര്‍ റാലിയും മതേതര-ശാസ്ത്രീയ രചനകളുടെ വളര്‍ച്ചക്ക് കരുത്തേകി. രാഷ്ട്രീയ ചരിത്രത്തിന് പുറമെ സാഹിത്യചരിത്രവും സാംസ്‌കാരിക ചരിത്രവും ഉടലെടുത്തത് ഈ കാലത്താണ്.
പ്രകൃതിശാസ്ത്രങ്ങളില്‍ ജീവശാസ്ത്രം ചരിത്രപഠനത്തെ ഗണ്യമായി സ്വാധീനിച്ചു. മനുഷ്യസമൂഹം പടിപടിയായി വ്യത്യസ്ത ഘട്ടങ്ങള്‍ തരണം ചെയ്താണ് ഇന്നുള്ള അവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്നും മനുഷ്യന്റെ പ്രയാണം ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണാവസ്ഥയിലേക്കായിരുന്നു എന്നും ജീവശാസ്ത്രം ബോധ്യപ്പെടുത്തി. കാലഗണനാ ശാസ്ത്രം (Chronology), ശിലാലിഖിത ശാസ്ത്രം (Epigraphy), നാണയശാസ്ത്രം (numismatics), പുരാവസ്തു ഗവേഷണം (Archaeology), പുരാതന ലിഖിതശാസ്ത്രം (Paleography) എന്നിവ ചരിത്രത്തിന്റെ വ്യാപ്തി വിശാലമാക്കുന്നതോടൊപ്പം അതിന് ഒട്ടൊക്കെ ശാസ്ത്രീയ നില കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തു. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ എളിയതോതില്‍ ആരംഭിച്ച പുരാവസ്തുഗവേഷണം തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വിപുലമായി ഉപയോഗിക്കപ്പെട്ടതോടെ പഴയ നാഗരിക കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കാന്‍ അത് സഹായകമായി.