Skip to main content

ശാസ്ത്രീയ ചരിത്ര രചന

ചരിത്രം ഇന്നറിയപ്പെടുന്ന രീതിയില്‍ വികസിപ്പിച്ചതിന്റെ ബഹുമതി ലിയോ പോള്‍ഡ് റാങ്കെ (1795-1886)ക്കുള്ളതാണ്. പുതിയ ശൈലി, സാങ്കേതികത, വസ്തുനിഷ്ഠ പ്രതിപാദനം, അടിസ്ഥാന രേഖകളെ വിമര്‍ശനാത്മകമായി വിലയിരുത്തല്‍, ശാസ്ത്രീയ വിശകലനം തുടങ്ങിയ രീതിയിലാണ് റാങ്കെ ചരിത്രത്തെ സമീപിച്ചത്. 'പോപ്പുമാരുടെ ചരി്രതം', 'മതനവീകരണവും ജര്‍മന്‍ ജനതയും', 'ഫ്രഞ്ചു ചരിത്രം' എന്നിവയാണ് റാങ്കെയുടെ പ്രധാന കൃതികള്‍. സമകാലികരുടെ രചനകള്‍ മുന്‍ധാരണകളുടെയും ഊഹാപോഹങ്ങളുടെയും ഭാണ്ഡങ്ങളാണെന്ന അഭിപ്രായക്കാരനായിരുന്ന റാങ്കെ സത്യാന്വേഷണമാണ് തന്റെ തത്വസംഹിതയായി സ്വീകരിച്ചത്.

സംസ്‌കാരങ്ങളില്‍ ഒന്നിനും ഔന്നത്യം അവകാശപ്പെടാനില്ലെന്ന് വാദിച്ച ആധുനിക യുഗത്തിലെ പ്രബല ചിന്തകനായിരുന്നു സ്‌പെന്‍ഗ്ലര്‍ (1880-1936). ഈജിപ്ഷ്യന്‍, ഇന്ത്യന്‍, ചൈനീസ്, ക്ലാസിക്കല്‍, ബൈസാന്റിയന്‍, മായന്‍, അറേബ്യന്‍, ആസ്‌ടെക്, പാശ്ചാത്യ സംസ്‌കാരങ്ങള്‍ എന്നീ ഒന്‍പത് സംസ്‌കാരങ്ങളുടെ ജീവിതകാലമാണ് ചരിത്രമെന്നാണ് സ്‌പെന്‍ഗ്ലര്‍ അഭിപ്രായപ്പെടുന്നത്. 

തലയെടുപ്പുള്ള ഇംഗ്ലീഷ് ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബി (1889-1975) തന്റെ ചരിത്രപഠനം ഒന്‍പത് വാല്യങ്ങളിലായി പൂര്‍ത്തിയാക്കിയത് നാല്പതു വര്‍ഷം കൊണ്ടാണ്. ഒരു നഗര ജനപദത്തിലോ രാഷ്ട്രത്തിലോ ഉണ്ടായ സംഭവങ്ങളല്ല, സമൂഹത്തിലെ നാഗരികതയുടെ വളര്‍ച്ചയാണ് ചരിത്രപഠനത്തില്‍ ലക്ഷ്യമിടേണ്ടതെന്ന് വിശ്വസിച്ച ടോയന്‍ബി, ആറായിരം വര്‍ഷക്കാലം തഴച്ചുവളര്‍ന്ന ഇരുപത്തൊന്ന് നാഗരികതകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പാശ്ചാത്യന്‍, ബൈസാന്റിയന്‍, ഇറാനിയന്‍, അറേബ്യന്‍, ഹിന്ദു, ഹെല്ലനിക്ക്, മായന്‍, ഈജിപ്ഷ്യന്‍ എന്നിവയാണ് അവയില്‍ മുഖ്യമായത്.

നഗരികതയുടെ ഉത്ഭവവും വളര്‍ച്ചയും പതനവും സംബന്ധിച്ച അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ച  ടോയന്‍ബി പിന്നീട് നാഗരികതയെ വികാസത്തിലേക്ക് നയിച്ച ഘടകങ്ങളെ അന്വേഷണ വിധേയമാക്കി. മൂന്നാമതായി, നാഗരികതയുടെ തകര്‍ച്ചയും അന്വേഷണ വിധേയമാക്കിയ ടോയന്‍ബി നാഗരികതയുടെ തകര്‍ച്ച, വിഘടനം, ശിഥിലീകരണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണിതെന്നും വിശദീകരിക്കുന്നു.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446