കാല്പനികതാ പരമാര്‍ഥ സിദ്ധാന്തവും ആദര്‍ശവാദ വിശ്വസങ്കല്പവും സംയോജിപ്പിച്ചുള്ള ചിന്താപ്രസ്ഥാനമാണ് കാല്പനികാദര്‍ശവാദം (Romantic Idealism). ജര്‍മന്‍ ചിന്തകനായിരുന്ന ഇമ്മാനുവല്‍ കാന്റ് (1724-1804) ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രചോദനം. പാരമ്പര്യവും വിശ്വാസവും മുറുകെപ്പിടിച്ചിരുന്ന യാഥാസ്ഥിതിക പ്രസ്ഥാനവുമായി സൈദ്ധാന്തിക യോജിപ്പ് പുലര്‍ത്തിയ പ്രസ്ഥാനം ഫ്രഞ്ച് വിപ്ലവത്തിന്റെ ഭീകരതയോട് പുറംതിരിഞ്ഞുനിന്നു. വ്യക്തികള്‍ക്ക് പ്രത്യേകമായി അവകാശങ്ങളൊന്നുമില്ലെന്നും സാമൂഹിക ക്ഷേമവും ഭദ്രതയുമാണ് പരമപ്രധാനമെന്നുമായിരുന്നു പ്രസ്ഥാനത്തിന്റെ വാദം.
കാല്പനികാദര്‍ശ വാദത്തിന്റെ പ്രബല ചിന്തകനായിരുന്ന ജോര്‍ജ് വില്‍ഹെം ഹെഗലാണ് (1770-1830) ചരിത്രത്തെ തത്വചിന്തയുടെ വിതാനത്തിലേക്ക് ഉയര്‍ത്തിയത്. വസ്തുതകള്‍ തേടിപ്പിടിക്കലല്ല, മറിച്ച് വസ്തുതകള്‍ അഥവാ സംഭവങ്ങള്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കലാണ് ചരിത്രകാരന്റെ ദൗത്യമെന്ന് ഹെഗല്‍ വാദിച്ചു. പ്രകൃതിയും ചരിത്രവും ബന്ധപ്പെട്ടു കിടക്കുന്നുവെന്ന വാദത്തെ നിരാകരിക്കുന്ന ചരിത്രകാരനാണ് ഹെഗല്‍. വസ്തുതകള്‍ അന്വേഷിച്ചറിയലല്ല, വസ്തുതകളുടെ പ്രേരകഘടകങ്ങള്‍ തിരിച്ചറിയലാണ് ചരിത്രകാരന്റെ കടമെയന്ന് ഹെഗല്‍ തന്റെ ചരിത്രത്തിന്റെ തത്വചിന്തയില്‍ ഉണര്‍ത്തുന്നു.
രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംവാദം സത്യം വെളിപ്പെടുത്തുന്നതുപോലെ രണ്ട് ആശയങ്ങള്‍ അല്ലെങ്കില്‍ സംവിധാനങ്ങള്‍ തമ്മിലുള്ള സംഘട്ടനം ഉത്കൃഷ്ടമായ പുതിയ ഒരാശയത്തിന് ജീവന്‍ നല്‍കുന്നു എന്നാണ് ഹെഗല്‍ മുന്നോട്ടുവച്ച തത്വം. ഒരു സിദ്ധാന്തം (thesis) പ്രതിസിദ്ധാന്ത(anti thesis)വുമായുള്ള സംഘട്ടനത്തില്‍ ഉപഗ്രഥന(synthesis)ത്തിന് ജന്‍മം നല്‍കുന്നുവെന്ന് ഹെഗല്‍ സമര്‍ഥിക്കുന്നു. ഈ ഉപഗ്രഥനം അവസാനമല്ല; പരിപൂര്‍ണമായ ആശയം ഉദയം ചെയ്യുന്നതുവരെ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഹെഗലിന്റെ ചരിത്ര തത്വശാസ്ത്രം വന്‍ അബദ്ധമാണെന്ന അഭിപ്രായമാണ് ഇറ്റാലിയന്‍ ചരിത്രപണ്ഡിതനായ ക്രോസിനുള്ളത്. വിപരീതം, വിഭിന്നത എന്നീ സംജ്ഞകളെ കൂട്ടിക്കലര്‍ത്തിയതാണ് ഹെഗലിനു പിണഞ്ഞ അബദ്ധമെന്ന് ക്രോസ് വിശദീകരിക്കുന്നു.
കാല്പനികാദര്‍ശ വാദത്തിന്റെ ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ചിന്താപ്രസ്ഥാനമാണ് പ്രത്യക്ഷ വാദം (positivism). സംഭവങ്ങളുടെ പ്രവാഹത്തെ വിശദമായി വിലയിരുത്തി വസ്തുതകളെ അന്യോന്യം ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയാണ് പ്രത്യക്ഷവാദ ചരിത്രരചനയുടെ കാതല്‍. ഗണിത ശാസ്ത്ര പ്രൊഫസറായിരുന്ന അഗസ്റ്റസ് കോംതെ(1798-1857)യുമായാണ് പൊസിറ്റീവ് ചിന്താപ്രസ്ഥാനം ബന്ധപ്പെട്ടു കിടക്കുന്നത്. ചരിത്രത്തെ ദൈവശാസ്ത്രത്തില്‍ നിന്നും ആധ്യാത്മിക ശാസ്ത്രത്തില്‍ നിന്നും സ്വതന്ത്രമാക്കി ചരിത്രത്തിന്റെ ആധാരശിലകളില്‍ തന്നെ നിലനില്‍ക്കാന്‍ അതിന് കരുത്തേകാനാണ് കോംതെ ശ്രമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ വിജ്ഞാനമേഖലയില്‍ കോംതെക്ക് വമ്പിച്ച സ്വാധീനമാണുണ്ടായിരുന്നത്. വിവിധ ശാസ്ത്ര ശാഖകള്‍ ഏകീകൃതവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതുമാണെന്ന നിഗമനം ചരിത്രമെഴുത്തില്‍ സുപ്രധാനമാണ്. ശാസ്ത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെക്കുറിച്ചും ഈ പരസ്പരബന്ധം എങ്ങനെ ചരിത്രഗമനത്തെ മാറ്റിമറിക്കുന്നുവെന്നും തിരിച്ചറിഞ്ഞതാണ് കോംതെയുടെ സംഭാവന.