എ ഡി ഏഴാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ നിയോഗവും ദൗത്യനിര്‍വഹണവും വിയോഗവും ഉണ്ടായത്. തുടര്‍ന്ന് ഖുലഫാഉര്‍റാശിദൂന്‍ കാലഘട്ടത്തില്‍ ഇസ്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. കൃത്യമായ കാലനിര്‍ണയം അസാധ്യമാണെങ്കിലും ഏറെ വൈകാതെ ഇസ്‌ലാമിക സന്ദേശം ഇന്ത്യയിലും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാം കടന്നുവരുന്നത് ദക്ഷിണ പശ്ചിമ തീരദേശത്താണ്. അതിനു പശ്ചാത്തല ഭദ്രമായ ചില കാരണങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖനഗരങ്ങളായ മുസിരിസ്(കൊടുങ്ങല്ലൂര്‍), കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ അറേബ്യന്‍ കച്ചവടക്കാര്‍ മുഖേന നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വാണിജ്യബന്ധം ഉണ്ടായിരുന്നു തീരദേശങ്ങളില്‍ അറബികള്‍ സ്ഥിരതാമസമാക്കുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളിലൂടെ ആത്മബന്ധം വേരുറയ്ക്കുകയും ചെയ്തിരുന്നു.
മുസിരിസില്‍ വന്നിറങ്ങിയ ഇസ്ലാമിക പ്രബോധക സംഘം മാലിക്കുബ്‌നു ദീനാറും കൂട്ടുകാരും ആദ്യമായി ബന്ധപ്പെടുന്നത് ഇവിടങ്ങളില്‍ താമസമാക്കിയ അറബികളുമായിട്ടായിരുന്നു. അവര്‍ വേഗത്തില്‍ ഇസ്‌ലാം സ്വീകരിക്കുകയും തദ്ദേശീയരില്‍ അത് സ്വാധീനം സൃഷ്ടിക്കുകയും ചെയ്തു. അറബികളുടെ സ്വഭാവ സംസ്‌കാരങ്ങള്‍ കുറേയൊക്കെ പരിചയപ്പെട്ട ഇന്നാട്ടുകാര്‍ അവര്‍ സ്വീകരിച്ച മതവിശ്വാസവും ഉള്‍ക്കൊള്ളാന്‍ മടികാണിച്ചില്ല. അതിന് മറ്റൊരു പ്രധാന കാരണവും ഉണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ ബന്ധനങ്ങളില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ -വിശിഷ്യാ അവര്‍ണരെന്ന് വിശേഷിക്കപ്പെട്ടവരെ- ഉച്ചനീചത്വങ്ങളില്ലാത്ത അറബി -ഇസ്‌ലാമിക സാഹോദര്യം ഹഠാദാകര്‍ഷിച്ചു, അവര്‍ കൂട്ടത്തോടെ ഇസ്ലാമിനെ പുല്‍കുകയായിരുന്നു.
അറബി കച്ചവടക്കാരുടെ പാത പിന്‍പറ്റി മുസ്‌ലിംകള്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടു. രാജാക്കന്മാരുടെയും തദ്ദേശീയ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചു. തീരദേശങ്ങളില്‍ നിന്ന് നദികളിലൂടെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങിയ മുസ്‌ലിംകള്‍ കാര്‍ഷികവൃത്തിയിലും വ്യാപൃതരായി. എട്ടും ഒന്‍പതും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ മുസ്‌ലിംകള്‍ സാവകാശം വളരുകയും ശക്തിപ്രാപിക്കുകയും ചെയ്തു. കൊല്ലത്തിനു തെക്ക് പൂന്തുറ, തെക്കന്‍ പറവൂര്‍, പൂവാര്‍, തിരുവാങ്കോട്, കുളച്ചാല്‍, തേങ്ങാ പട്ടണം, കോട്ടാര്‍, എന്നീ പ്രദേശങ്ങളില്‍ മുസ്‌ലിം കോളനികള്‍ വളര്‍ന്നു. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂര്‍, ചേറ്റുവ, ചാവക്കാട്, പള്ളിപ്പുറം, എടവനക്കാട്, കൊല്ലം, ആലുവ തുടങ്ങിയ ഭാഗങ്ങളിലും മധ്യ മലബാറില്‍ കോഴിക്കോട്, ചാലിയം, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍, പറവണ്ണ, പൊന്നാനി, വെളിയങ്കോട് തുടങ്ങിയ പ്രദേശങ്ങളിലും മുസ്‌ലിംകള്‍ ധാരാളമുണ്ടായി. വടക്കന്‍ മലബാറില്‍ ഫാക്കനോര്‍, മംഗലാപുരം, കാസര്‍ഗോഡ്, പഴയങ്ങാടി, നാദാപുരം, വളപട്ടണം, കണ്ണൂര്‍, ധര്‍മടം, ചേലോട്, തിരുവങ്ങാട്, ശ്രീകണ്ഡപുരം, കൊയിലാണ്ടി, തിക്കോടി എന്നിവിടങ്ങളിലെല്ലാം മുസ്‌ലിം കേന്ദ്രങ്ങള്‍ സ്ഥാപിതമായി. ഇവിടങ്ങളിലെല്ലാം പള്ളികള്‍ ഉയര്‍ന്നുവന്നു.
കേരളം എന്ന് ഇന്നു നാം പറയുന്ന ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെടുന്നത് 1956ല്‍ മാത്രമാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയായിരുന്നു പ്രധാനം. തുറമുഖപട്ടണം ആയതിനാല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 1341ലുണ്ടായ മഹാ പ്രളയത്തില്‍ പെരിയാര്‍ ഗതിമാറി ഒഴുകുകയും മുസിരിസ് പട്ടണം തന്നെ നാമാവശേഷമാവുകയും ചെയ്തു. ശേഷം കോഴിക്കോടും കൊച്ചിയും പ്രഭാവത്തില്‍ വന്നു. മലബാറിന്റെ ആസ്ഥാനമായിരുന്നു കോഴിക്കോട്. സാമൂതിരി രാജാക്കന്മാരാണ് മലബാര്‍ ഭരിച്ചിരുന്നത്. കോഴിക്കോടിന്റെയും മലബാറിന്റെയും പ്രാധാന്യം കൊണ്ടായിരിക്കാം വിദേശികള്‍ പ്രത്യേകിച്ച് മധ്യപൗരസ്ത്യ ദേശത്ത് ഇവര്‍ ഇന്ത്യയെന്നോ കേരളം എന്നോ പറയുന്നതിനുപകരം മലബാര്‍ എന്നാണ് പ്രയോഗിച്ചിരുന്നത്. മേല്‍പ്പറഞ്ഞ നാട്ടുരാജ്യങ്ങളില്‍ എല്ലാം ഇസ്‌ലാം സ്വീകരിച്ചവര്‍ ഏറെയുണ്ടായി. വിശേഷിച്ചും തീരപ്രദേശങ്ങളില്‍. എല്ലാ രാജാക്കന്മാരും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നല്ല സ്വീകരണമാണ് നല്‍കിയത്.
മുസ്‌ലിംകളെ എല്ലാ വിഭാഗവും ഇഷ്ടപ്പെട്ടു. തദ്ദേശീയരായ ഹിന്ദുക്കളും ഇതര മതങ്ങളായ ജൂത-ക്രൈസ്തവന്മാരും ഇവിടെയുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളുമായി മുസ്‌ലിംകള്‍ നല്ല നിലയില്‍ വര്‍ത്തിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതീയതയും അയിത്തവും ഉച്ചനീചത്വങ്ങളും മുസ്‌ലിംകളില്‍ ഒട്ടുമില്ല എന്നത് ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. മുസ്‌ലിംകള്‍ കേരളത്തിലുടനീളം വ്യാപിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തു. കൃഷി, കച്ചവടം, മത്സ്യബന്ധനം, നെയ്ത്ത് തുടങ്ങിയവയില്‍ അവര്‍ വ്യാപൃതരായി. നാട്ടുരാജാക്കന്മാരുമായി മുസ്‌ലിംകള്‍ ഏറെ സഹകരിച്ചു. ഇതര സമുദായങ്ങളുമായി നല്ലനിലയില്‍ വര്‍ത്തിച്ചു. വിശ്വസ്തതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പര്യായമായി മുസ്‌ലിംകളെ മറ്റുള്ളവര്‍ക്ക് അനുഭവപ്പെട്ടു. മതസൗഹാര്‍ദവും സര്‍വ സമുദായ മൈത്രിയും പൂത്തുലഞ്ഞു നിന്ന കാലഘട്ടമായിരുന്നു തുടര്‍ന്നുള്ള നൂറ്റാണ്ടുകള്‍. രാഷ്ട്രീയമായ ഒരു സാഹചര്യവും കൂടി ശ്രദ്ധാര്‍ഹമാണ്. രാജാക്കന്‍മാരുടെ അരമനകളിലും അരങ്ങത്തുമെല്ലാം മാടമ്പി, കൈമള്‍ മുതലായവര്‍ അധികാരത്തിനുവേണ്ടി മത്സരിച്ചു. മുസ്‌ലിംകള്‍ ഒരു ചേരിയിലും ചേര്‍ന്നില്ല. രാജാക്കന്മാരുടെ അടുപ്പമുള്ളവരായിരുന്നു മുസ്‌ലിംകള്‍.
കേരളത്തിലെ ഏറ്റവും ശക്തനായ രാജാവായിരുന്നു മലബാര്‍ ഭരിച്ചിരുന്ന സാമൂതിരി. സാമൂതിരിയുടെ ശക്തി മുസ്ലിംകളായിരുന്നു. കോഴിക്കോട് ഏറ്റവും വലിയ വര്‍ത്തക കേന്ദ്രമായി മാറി. രാജ്യത്തിനകത്തു മാത്രമല്ല അറേബ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങള്‍ നിലനിര്‍ത്താനും മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. കടല്‍ കടക്കുന്നത് മതവിരുദ്ധമാണെന്ന ഹൈന്ദവ വിശ്വാസം മൂലം കടല്‍ കടന്ന് കച്ചവടരംഗത്ത് ഉണ്ടായിരുന്നത് മുസ്‌ലിംകള്‍ മാത്രമായിരുന്നു എന്നു പറയാം. കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ അവര്‍ ഒരു സേനയും ഉണ്ടാക്കി. അതാണ് പിന്നീട് സാമൂതിരിയുടെ നാവികപ്പടയായി മാറിയത്. മലബാറിലെ മുസ്ലിംകള്‍ 'മാപ്പിളമാര്‍' എന്നറിയപ്പെട്ടു. സാമൂതിരിയുടെ വലംകൈ ആയിരുന്നു മാപ്പിളമാര്‍. നായര്‍ പട്ടാളവും മാപ്പിളപ്പടയാളികളും സാമൂതിരിക്ക് ശക്തിപകര്‍ന്നു. അന്നത്തെ കേരളത്തിലെ ഏറ്റവും ശക്തനായ രാജാവ് സാമൂതിരിയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏക നാവികപ്പട സാമൂതിരിയുടെ മാപ്പിളപ്പടയായിരുന്ന കുഞ്ഞാലിമരക്കാര്‍ പ്രസിദ്ധമാണല്ലോ.
പതിനഞ്ചാം നൂറ്റാണ്ടിലെ മധ്യത്തില്‍ പോര്‍ച്ചുഗീസുകാര്‍ (പറങ്കികള്‍) ഇവിടെ എത്തുന്നതുവരെ കേരളത്തിന്റെ അവസ്ഥ ശാന്ത സുന്ദരമായിരുന്നു. അന്ന് കേരള ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു; മുസ്‌ലിംകളുടെയും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി രാജാക്കന്മാരുടെ കിടമത്സരങ്ങള്‍ വിദേശികളെ സഹായിക്കുന്ന തരത്തിലേക്ക് നീങ്ങി. നാട്ടുരാജാക്കന്മാരുടെ അനൈക്യം മുതലെടുത്ത് പോര്‍ച്ചുഗീസുകാര്‍ കോട്ടകൊത്തളങ്ങള്‍ പണിതീര്‍ത്തു. മുസ്‌ലിംകളുടെ കച്ചവടവും നാവികപ്പടയുമായിരുന്നു അവര്‍ക്ക് വെല്ലുവിളി. സാമൂതിരിയെ തെറ്റിദ്ധരിപ്പിച്ച് മുസ്‌ലിം പടയാളികളുമായി തെറ്റിച്ചു. വരാനിരിക്കുന്ന വലിയ വിപത്ത് മുന്‍കൂട്ടി കാണാന്‍ കഴിയാത്ത കൊച്ചിരാജാവും പറങ്കികള്‍ക്ക് സൗകര്യമൊരുക്കി. പറങ്കികള്‍ മുസ്‌ലിംകളെ ആയുധശക്തി കൊണ്ട് നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ തുനിഞ്ഞു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അഞ്ചു നൂറ്റാണ്ടിലേറെ ഈ മണ്ണിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുസ്‌ലിംകളെ പറങ്കികളും പിന്നീട് വന്ന ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ശത്രുക്കളായി കണ്ടു. ഈ ഒരു അവസ്ഥയാണ് മുസ്‌ലിം സമുദായത്തെ പിന്നാക്കത്തിന്റെ പിന്നണിയിലേക്ക് തള്ളിവിട്ടത്. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തിന്റെ ഭാഗം ആയിട്ടല്ലാതെ മുസ്ലിംകള്‍ ഒരിക്കലും വേറിട്ടു നിന്നിട്ടില്ല.