Skip to main content

ഡിയാംസ് മിലൈനി/സകീന

1980 ജൂലൈ 30ന് സൈപ്രസിലെ നികോസിയയിലാണ് ഡിയാംസ് (മിലൈനി ജോര്‍ജിയാദെസ് (Milanie Georgiades) ജനിക്കുന്നത്. ശേഷം 1984ല്‍ മിലൈനിയുടെ കുടുംബം പാരീസിനടുത്തുള്ള എസോന്നെയിലേക്ക് കുടിയേറിപ്പാര്‍ത്തു. അവരുടെ കൗമാര കാലത്തു തന്നെ റാപ്പ് മ്യൂസിക് യുവജനങ്ങളുടെ മനസ്സില്‍ ഇടം കണ്ടെത്താന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഫ്രാന്‍സിസ് കബ്രെ (Francis Cabre) പോലുള്ള കലാകാരന്‍മാരെ മനസ്സില്‍ ധ്യാനിച്ച് മിലൈനിയും വളര്‍ന്നു. റാപ്പ് സംഗീതം അവരുടെ സിരകളെ പോലും ത്രസിപ്പിച്ചു തുടങ്ങിയത് ഈ ഘട്ടത്തിലാണ്. ശരീരത്തിന്റെ ആകാരവും ശബ്ദത്തിന്റെ മികവും റാപ്പ് സംഗീതം മിലൈനിക്ക് ഏറെ ചേര്‍ച്ച നല്‍കി. കൂടാതെ സുപ്രിമി, എന്‍.ടി.എം, പബ്ലിക് എനിമി തുടങ്ങിയ കലാഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മിലൈനിയെ കൂടുതല്‍ ഈ രംഗത്തേക്ക് അടുപ്പിച്ചു. അങ്ങനെ കവിതയും തുടര്‍ന്ന് സംഗീത രചനയും നിര്‍വഹിച്ചുപോന്നു. 

വജ്രവുമായി ബന്ധപ്പെട്ട ഡയമണ്ട് എന്ന പദത്തെ കുറിക്കുന്ന ഡിയാംസ് (Diams)  കലാനാമമായി സ്വീകരിച്ച് മിലൈനി സംഗീതപ്രേമികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തന്റെ പതിനഞ്ചാം വയസ്സില്‍ (1995) റാപ്പ് സംഗീതത്തിലെ പുരുഷ മേല്‍ക്കോയ്മയെ തോല്പിച്ചു കൊണ്ട് പാരീസിന്റെ പ്രാന്തങ്ങളില്‍ ഡിയാംസ് പരിപാടികള്‍ അവതരിപ്പിച്ചു. 2002 ല്‍ മിലൈനിയുടെ പ്രശസ്തി അതിന്റെ പാരമ്യത്തിലെത്തി. 2002ല്‍ അവരുടെ Brut de femme എന്ന ആല്‍ബം പുറത്തിറങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം രണ്ടുലക്ഷത്തി അമ്പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇതേ കാലയളവില്‍ സിനിമാരംഗത്തും മിലൈനി കാലുറപ്പിച്ചു. കൂടാതെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തിയായും അവര്‍ അംഗീകരിക്കപ്പെട്ടു.  2004ല്‍ ഫ്രാന്‍സിലെ പരമോന്നത അവാര്‍ഡുകളില്‍ ഒന്നായ Victoire de la musique  നേടി ഫ്രാന്‍സിലെ ഏറ്റവും വലിയ കലാകാരിയായി വാഴ്ത്തപ്പെട്ടു. 2006ല്‍ പുറത്തിറങ്ങിയ Dance ma bulle എന്ന ആല്‍ബം രാജ്യത്തെ ഏറ്റവും മികച്ച സംഗീത ആല്‍ബമായി വിലയിരുത്തി. ഫ്രാന്‍സിലെ റേഡിയോ നിലയങ്ങള്‍ ഡിയാംസിന്റെ ഗാനങ്ങള്‍ക്കു മാത്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോണ്‍സ്‌റ്റോപ്പ് സ്‌റ്റേഷനുകള്‍ തുടങ്ങി. ഇതേ വര്‍ഷം തന്നെ MCM ടിവി ചാലനില്‍ ഡിയാംസ് തന്നെ എഡിറ്ററും അവതാരികയുമായി Tele Diams എന്ന പ്രതിവാര പരിപാടി തുടങ്ങി. 2009 വരെയുള്ള തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒട്ടനവധി ആല്‍ബങ്ങളും സംഗീത പരിപാടികളും ടിവി ഷോകളും നടത്തി, ഫ്രാന്‍സിലും പുറത്തും ഡിയാംസ് പ്രശസ്തിയുടെ നെറുകയില്‍ ചവിട്ടിനിന്നു. പക്ഷേ പ്രേക്ഷകരുടെ ആര്‍പ്പിനും അട്ടഹാസത്തിനും അപ്പുറത്ത് ഡിയാംസ് അസ്വസ്ഥയായിരുന്നു. പണത്തിനും സര്‍വ സൗകര്യങ്ങള്‍ക്കുമിടയില്‍ പൂരിപ്പിക്കപ്പെടാന്‍ കഴിയാത്ത എന്തോ അവരുടെ ഉള്ളില്‍ അസ്വസ്ഥയുടെ ആന്തോളനങ്ങള്‍ തീര്‍ത്തു.  ഇതൊക്കെ എന്തിനെന്ന ചോദ്യം ഒരുവേള ആത്മഹത്യയുടെ മുനമ്പിലേക്ക് വരെ ജീവിതത്തെ നയിച്ചു. മാസങ്ങളോളം ആതുരാലയങ്ങളില്‍ കഴിച്ചുകൂട്ടി. പക്ഷേ ഉള്ളിലെ അസ്വസ്ഥതയുടെ കടല്‍ ആര്‍ത്തിരമ്പി നിന്നു. 

കാമറൂനിലെയും ഐവറി കോസ്റ്റിലെയും ഗബ്ബെണിലെയും പ്രകൃതി ഭംഗി നിറഞ്ഞുതുളുമ്പുന്ന ഉല്ലാസ കേന്ദ്രത്തിലേക്ക് മിലൈനി യാത്ര നടത്തി. പക്ഷേ ഉള്ളിലെ കര്‍ക്കിടകം കലിതുള്ളി പെയ്തുകൊണ്ടേയിരുന്നു. ആയിടക്കാണ് ഒരു മുസ്‌ലിം കൂട്ടുകാരി അവരെ പള്ളിയിലേക്ക് ക്ഷണിക്കുന്നത്. ഒരു മുസ്‌ലിമല്ലാത്ത ഞാനെന്തിന് വരണമെന്ന് ചോദിച്ചു മനസ്സുടക്കിയെങ്കിലും പിന്നീട് വഴങ്ങി. നമസ്‌കാരത്തിലെ അംഗചലനങ്ങള്‍ മിലൈനിയെ ആകര്‍ഷിച്ചില്ലെങ്കിലും സുജൂദ് മനസ്സിനെ തൊട്ടുണര്‍ത്തി. ഞാന്‍ ലോകരക്ഷിതാവിനോടാണ് സ്വകാര്യം പറയുന്നതെന്ന ചിന്ത ആലംബഹീനമായ അവരുടെ മനസ്സിനെ തുണച്ചെങ്കിലും പിന്നീട് ആ തോന്നലുകള്‍ നേര്‍ത്തില്ലാതെയായി. വീണ്ടും ആഫ്രിക്കയിലെ ആ ഏകാന്ത ദ്വീപിലേക്ക് പറക്കാന്‍ മനസ്സു മന്ത്രിച്ചു. യാത്രയുടെ തൊട്ടുമുമ്പാണ് പഴയ മുസ്‌ലിം കൂട്ടുകാരിയെ കണ്ടുമുട്ടിയത്. ഏകാന്തയാത്രയില്‍ ഉടനീളം ചങ്ങാത്തം കൂടാന്‍ ഒരു സമ്മാനമെന്ന് പറഞ്ഞു കൂട്ടുകാരി ഒരു പുസ്തകം സമ്മാനിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ ഫ്രഞ്ച് പരിഭാഷയായിരുന്നു അത്. മിലൈനി അതിന് അത്ര പ്രാധാന്യമൊന്നും കണ്ടില്ല. എന്നാലും യാത്രയില്‍ കൂടെ കരുതി. അവരുടെ ഇഷ്ട ഇടമായ അധികം ജനവാസമില്ലാത്ത ദ്വീപില്‍ എത്തിയപ്പോള്‍ ഒന്നുരണ്ടു ദിവസം അശ്രദ്ധമായി നീങ്ങി. ഒരു ദിവസം മിലൈനി കടലിന്റെ നീലിമ കണ്ടിരിക്കുകയാണ്. പിന്നില്‍ ഹരിതാഭമായി മുങ്ങിക്കുളിച്ച ദ്വീപ്. കൂടെ കരുതിയ പുസ്തകമെടുത്ത് മെല്ലെ വായിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ വായന മുഷിപ്പായി തോന്നിയെങ്കിലും ക്ഷമയവലംബിച്ചു ശ്രമം തുടര്‍ന്നു. ഒരു വേദ ഗ്രന്ഥം അതും അന്യഭാഷയിലുള്ളത്. തുടക്കത്തില്‍ വളരെ ശ്രമകരമായിരുന്നു. രണ്ടാം അധ്യായത്തിലെ 164ാമത്തെ വചനം വരെ ഈ ബോറന്‍ വായന തുടര്‍ന്നു. ആ വചനം ഇങ്ങനെ വായിച്ചവസാനിപ്പിച്ചു. ''ആകാശ ഭൂമികളിലെ സൃഷ്ടിപ്പിലും രാപകലുകളിലെ മാറ്റത്തിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെ വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'' (അല്‍ ബഖറ 164) ശേഷം അവര്‍ ചുറ്റിലും കണ്ണോടിച്ചു. മിലൈനി തന്നെ പറയുന്നു: 'ഒരു കാര്‍മേഘം പോലുമില്ലാത്ത തെളിഞ്ഞ ആകാശം. അറ്റം കാണാതെ പരന്നുകിടക്കുന്ന നീലിമയാര്‍ന്ന ജലത്തിന്റെ വശ്യത. പഞ്ചസാര മണല്‍ നിറഞ്ഞ തീരം. ഹരിതഭംഗിയില്‍ പടര്‍ന്നു നില്ക്കുന്ന ഇലപ്പടര്‍പ്പുകള്‍..., പൊടുന്നനെ ഇതിനെല്ലാം മുമ്പില്ലാത്തവിധം ഒരു പുതിയ മാനം എന്റെയുള്ളില്‍ കൈവന്നു. ഈ അപാരസൗന്ദര്യത്തിന്റെ ഉറവിടത്തെ തേടിയലഞ്ഞ എന്റെ മനസ്സില്‍ ഉത്തരത്തിന്റെ പെരുമ്പറ മുഴങ്ങുന്നത് ഞാനറിഞ്ഞു. മഴയും കാറ്റും മഞ്ഞും വെയിലുമൊക്കെ കുഞ്ഞിലേ എന്റെ കൂട്ടുകാരായിരുന്നു. തക്കാളി ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മ മഴയെ പഴിക്കുമ്പോള്‍ ഞാന്‍ എപ്പോഴും അവരോട് പറയാറുണ്ടായിരുന്നു. ''അമ്മേ മഴ പെയ്യാതിരുന്നാല്‍ എങ്ങനെയാണ് തക്കാളിയുണ്ടാവുക?''.

മിലൈനി ഫ്രാന്‍സിലേക്ക് തിരിച്ചു പറന്നത് ലോകത്തോട് ഒരു സത്യം തുറന്നുപറയാനായിരുന്നു. ഇസ്‌ലാം പുല്‍കിയ ശേഷം സകീനയെന്ന പേരില്‍ 2009 ഒക്‌ടോബറില്‍ നടത്തിയ പ്രഥമ പത്രക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. 'Medicine was not able to heal my soul. So I turned toward religion'. ഇത് അവരെപ്പോലെ സര്‍വ സുഖങ്ങള്‍ക്കിടയിലും കനല്‍പഥങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ കൂടി സന്ദേശമായിരുന്നു. 

Feedback