Skip to main content

ക്യൂനൈ പഡില്ല

ഷോബിസിന്റെ വെള്ളിവെളിച്ചത്തില്‍ മുങ്ങി നിന്നപ്പോള്‍, ആത്മാവില്ലാത്ത അഭിനയത്തിന്റെ ഗോഷ്ടികള്‍ കാണിച്ച് നിര്‍ലജ്ജം ആടിയുലഞ്ഞപ്പോള്‍ അവളൊരിക്കലും ചിന്തിച്ചില്ല, തികഞ്ഞ ആത്മസമര്‍പ്പണത്തിന്റെ ഒരു ലോകം അവളുടെ പിന്നിലുണ്ടെന്ന്. റാപ്പ് സംഗീതത്തിന്റെ നിമ്‌നോനതികളില്‍ കടല്‍തിരയിലെ തോണി പോലെ ആടിയും ഉലഞ്ഞും താഴ്ന്നും ഉയര്‍ന്നും പ്രേക്ഷകരുടെ കണ്ണും കാതും കവര്‍ന്നപ്പോഴും, പിന്നെയും ഈ വഴികളിലൂടെ ഏറെ മുന്നോട്ട് എന്ന് തന്നെയാണ് ഫിലിപ്പൈന്‍സിലെ കലാ കുടുംബത്തില്‍ നിന്നെത്തിയ ഈ ഇരുപതുകാരി ചിന്തിച്ചത്. റൊമാന്റിക്ക് സീനുകളില്‍ വെള്ളിത്തിരയില്‍ അനുരാഗത്തിന്റെ അഗ്‌നിയും ആധിയും കണ്ണുനീരിലും മന്ദസ്മിതം ചാലിച്ച് പ്രേക്ഷകരില്‍ ദുഃഖഹര്‍ഷങ്ങളുടെ മാരിവില്ലുകള്‍ തീര്‍ത്തപ്പോഴും ക്യൂനൈ പഡില്ല (Queenie Padilla) യുടെ ഉന്നം പ്രശസ്തി തന്നെയായിരുന്നു.

പക്ഷേ മനസ്സിന്റെ ഗതിമാറ്റം എവിടെ വെച്ചെന്ന് അവള്‍ക്കു നിശ്ചയമില്ല. ഒന്നുറപ്പിച്ചു പറയാനാകും, തന്റെയുള്ളില്‍ മൂല്യങ്ങളുടെ മുകുളങ്ങള്‍ ഒരിക്കലും കരിഞ്ഞുപോയിട്ടില്ലെന്ന്. അല്ലെങ്കില്‍ ശൈശവത്തിലേ ബോയ്ഫ്രണ്ടിനെയും ഗേള്‍ഫ്രണ്ടിനെയും തേടിപ്പിടിക്കുന്ന അവളുടെ നാട്ടില്‍ 18 വയസ്സായിട്ടും അവള്‍ക്കൊരു ബോയ്ഫ്രണ്ടില്ലെന്നു പറഞ്ഞ് ഫിലിപ്പൈന്‍ എന്റര്‍ടൈമെന്റ് പോര്‍ട്ടല്‍ വിലപിച്ചതെന്തിനാണ്?. ചടുലതയും വാചാലതയും അവളുടെ ടി.വി ഷോകളിലും ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നപ്പോഴും മൂകമായി അവളുടെ മനസ്സ് എന്തിനെയോ തേടുന്നുണ്ടായിരുന്നു. അവള്‍ പറയുന്നു: 'ഷോബിസില്‍ എനിക്കൊരിക്കലും സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല. എനിക്കെല്ലാം നഷ്ടപ്പെടുകയാണെന്നും ഞാന്‍ ഒന്നും നേടുന്നില്ലെന്ന തോന്നല്‍ എന്നെ അലട്ടിയിരുന്നു.' 

നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചു എന്ന കാരണത്താല്‍ ജയില്‍ശിക്ഷ അനുഭവിക്കെയാണ് ഫിലിപ്പൈന്‍സിലെ സ്‌റ്റേജിലെയും സ്‌ക്രീനിലെയും ബാഡ് ബോയ് ആയിരുന്ന വിശ്വപ്രസിദ്ധ കലാകാരന്‍ റോബിന്‍ പഡില്ല ഇസ്‌ലാം സ്വീകരിക്കുന്നത്. ഇസ്‌ലാമിക ലോകം ഏറെ പ്രാധാന്യത്തോടെയാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണം ചര്‍ച്ച ചെയ്തത്. ജയില്‍ ഹാളില്‍ വെച്ചു തന്നെ ഇസ്‌ലാമിക രീതിയില്‍ വിവാഹം ചെയ്ത ലിസല്‍ സികങ്ങ്‌ഗോ (Liezl Sicangco) യില്‍ ജനിച്ച നാലുമക്കളില്‍ മൂത്ത പുത്രിയാണ് ക്യൂനൈ പഡില്ല. അധ്യാത്മിക വിഷയങ്ങളില്‍ മക്കളെ നിഷ്‌കര്‍ഷിക്കാത്ത പിതാവ് അവര്‍ ഉപജീവനത്തിനു വേണ്ടി ടിവി ഷോകളും സിനിമയും തെരഞ്ഞെടുക്കുന്നതില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. പക്ഷെ മൂത്ത മകള്‍ ഇതിന്നിടയിലും പിതാവിന്റെ ഇസ്‌ലാമിലേക്കുള്ള ഗമനം മനസ്സില്‍ ചിന്തയ്ക്ക് വിഷയീഭവിപ്പിച്ചു. 

പതിനെട്ടാം വയസ്സില്‍ തന്നെ ക്യൂനൈ പഡില്ല ശഹാദത്ത് ചൊല്ലിയിരുന്നു. അത് പിതാവിന്റെ പ്രേരണയാലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ തിരക്ക് പിടിച്ച ജീവിതം നിമിത്തം ആ രംഗത്ത് മകളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ മാതാവിന്റെ നിരന്തരമായ ഉപദേശം മകളില്‍ മാറ്റത്തിന്റെ നാന്ദി കുറിച്ചു. അങ്ങനെ പാപങ്ങളില്‍ നിന്നകന്നു നില്ക്കാനും ഖുര്‍ആനും പ്രവാചക ചര്യയുമനുസരിച്ച് ശിഷ്ടജീവിതം നയിക്കാനും ക്യൂനൈ പഡില്ല ഉറച്ച തീരുമാനം കൈകൊണ്ടു.വിശ്വാസത്തിലേക്കുള്ള തിരിച്ചു വരവിലൂടെ ടി.വി ഷോകളെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായി.

Feedback