തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാ നാടകസംവിധായകനും രാഷ്ട്രീയ ലേഖകനുമായ അടിയാറിന്റെ ജീവിതം 'അബ്ദുല്ല' എന്ന ഇസ്‌ലാമിക പ്രബോധകനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത് നിരവധി ത്യാഗോജ്വലമായ നാള്‍വഴികളിലൂടെയാണ്.
1935ല്‍ കോയമ്പത്തുര്‍ ജില്ലയിലെ തിരുപ്പൂരിലാണ് ജനനം. 1955ല്‍ മെട്രിക്കുലേഷന്‍ കഴിഞ്ഞശേഷം എം.കരുണാനിധി പത്രാധിപരായ മുരശൊലി ദിനപത്രത്തില്‍ സഹപത്രാധിപരായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എഴുതിയ ലേഖനങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം പ്രതിഫലിച്ചിരുന്നു. നീണ്ട 17 വര്‍ഷം അദ്ദേഹം മുരശൊലി ദിന പത്രത്തില്‍ ജോലി ചെയ്തു. വിദ്യാഭ്യാസ കാലയളവില്‍ തന്നെ ദ്രാവിഡ മുന്നേറ്റ കഴകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അടിയാര്‍ 1949ല്‍ പാര്‍ട്ടി അംഗമായി. പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ചുമതല, നേതൃത്വം അദ്ദേഹത്തെ ആയിരുന്നു ഏല്പിച്ചിരുന്നത്.
അടിയാറിന്റെ തൂലികയിലൂടെ ഡി.എം.കെക്ക് തമിഴ് നാട്ടില്‍ വലിയ ബൗദ്ധികാടിത്തറ രൂപപ്പെട്ടു; ജനസ്വാധീനവും. അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1976ല്‍ ഡി.എം.കെ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു അടിയാര്‍. ജയില്‍വാസകാലത്തെ കഠിനമായ പീഡനങ്ങളും മര്‍ദനങ്ങളും അദ്ദേഹത്തിന്റെ ശരീരത്തിനേല്പ്പിച്ച പരിക്കുകള്‍ മാരകമായിരുന്നു. മരണത്തെ മുന്നില്‍ കണ്ട് കഴിച്ചുകൂട്ടിയ നാളുകളില്‍ അദ്ദേഹത്തിന്റെ ചിന്താമണ്ഡലങ്ങളില്‍ വലിയ പ്രതിപ്രവര്‍ത്തനങ്ങള്‍ സംഭവിക്കുകയായിരുന്നു. അതുവരെ നിരീശ്വരവാദിയായിരുന്ന അടിയാര്‍ ആ നിമിഷങ്ങളില്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിവിധ മതഗ്രന്ഥങ്ങള്‍ വായിക്കുകയും ഒടുവില്‍ ഖുര്‍ആന്‍ വായനയില്‍ അഭയം കണ്ടെത്തുകയും ചെയ്തു.
'അവരെ ഭയപ്പെടരുത് എന്നെ മാത്രം ഭയപ്പെടുക' എന്ന വചനം അടിയാറിനെ ആകര്‍ഷിച്ചു. തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ജയിലില്‍ വെച്ചു നടത്തിയ ഇസ്‌ലാമിക വായനകള്‍ കുറിച്ചുവെക്കുകയും പിന്നീടത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായ 'നാന്‍ കാതലിക്കും ഇസ്‌ലാം' ആയിരുന്നു അത്.
1977ല്‍ ജയില്‍ മോചിതനായ അദ്ദേഹത്തെ എ.ഐ.എ.ഡി.എം.കെയിലേക്ക് എം.ജി രാമചന്ദ്രന്‍ ക്ഷണിച്ചു. ഡി.എം.കെ യിലെ അതേ സ്ഥാനം തന്നെ പുതിയ പാര്‍ട്ടിയിലും അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് മദ്യനിരോധന വിഷയത്തിലെ എം.ജി.ആറിന്റെ നിലപാടുകളോട് വിയോജിച്ച് പാര്‍ട്ടി വിട്ടു.
തമിഴില്‍ ഇസ്‌ലാമിനെക്കുറിച്ച് ഇദ്ദേഹം ഒരു ഡസനിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് മറ്റുഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. നല്ലൊരു നാടകകൃത്തായ അടിയാറിന്റെ 13 നാടകങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകൃതമാണ്. 'ഭാര്യ', 'മയില്‍' എന്നീ കവിതാസമാഹാരങ്ങള്‍ മറ്റുഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1982ലെ കലൈമണി കലാസാഹിത്യ അവാര്‍ഡിന്നര്‍ഹനായിരുന്നു. 'അടിയാര്‍ ചിറയ് ചാലയിലിരുന്ത് പള്ളി വാസല്‍ വരെ' എന്ന കൃതി 'തടവറയില്‍ നിന്ന്പള്ളിയിലേക്ക്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകത്തില്‍ ഇദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷ കഥ വിവരിക്കുന്നുണ്ട്.
1987 ജൂണ്‍ 6 നായിരുന്നു അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. രണ്ടുമാസങ്ങള്‍ക്ക് ശേഷം ഭാര്യ മുത്തമ്മാളും മകന്‍ സിദ്ധാര്‍ഥനും സത്യസരണി പ്രാപിച്ചു. തമിഴകത്ത് ഇസ്‌ലാമിന്റെ പ്രചാരകനായിത്തീര്‍ന്ന അടിയാര്‍ 1996 സെപ്തംബര്‍ 19ന് മദിരാശിയില്‍ അന്തരിച്ചു.